ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്; മൂന്നായി മുറിച്ച മേളയ്ക്കായി സീനിയേഴ്‌സ് ഒരുക്കം തുടങ്ങി
തിരുവനന്തപുരം: മൂന്നായി മുറിച്ചു മാറ്റിയതോടെ പൊലിമ നഷ്ടമായ ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കായിക മേളയ്ക്കായി കേരളത്തിന്റെ കൗമാരം തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. 62 ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ഇത്തവണ മുതല്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് നടക്കുന്നത്. സീനിയര്‍ വിഭാഗം അത്‌ലറ്റിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാംപ്യന്‍ഷിപ്പ് ജനുവരി നാല് മുതല്‍ ഏഴുവരെ പൂനെ ബാലവാഡി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കേരളത്തിനായി 79 അംഗ സംഘമാണ് സീനിയര്‍ വിഭാഗത്തില്‍ ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങുന്നത്. തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന കായികോത്സവത്തില്‍ നിന്നും 41 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളുമാണ് സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്.
താരങ്ങളുടെ പരിശീലന ക്യാംപ് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. 31 വരെ പരിശീലന ക്യാംപ് നടക്കുമെന്ന് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് പറഞ്ഞു.
ടീം ജനുവരി ഒന്നിന് ജയന്തി ജനത എക്‌സ്പ്രസിലാണ് പൂനെയിലേക്ക് യാത്ര തിരിക്കുന്നത്. ഏറ്റവും വലിയ സ്‌കൂള്‍ കായിക മാമാങ്കത്തില്‍ 19 വര്‍ഷമായി കേരളം തുടര്‍ച്ചയായി ചാംപ്യന്‍മാരാണ്.
മൂന്ന് വിഭാഗമായി മേള നടത്താന്‍ പ്രഖ്യാപനം വന്നതോടെ ചാംപ്യന്‍പട്ടം നിലനിര്‍ത്താന്‍ കേരളത്തിന്റെ കൗമാര താരങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നായി 3000 ലേറെ കായിക താരങ്ങളായിരുന്നു ദേശീയ സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുത്തിരുന്നത്.
അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ നടത്തിപ്പ് വലിയ സാമ്പത്തിക ഭാരം വരുത്തിവെച്ചതോടെ ഏറ്റെടുത്തു നടത്താന്‍ സംസ്ഥാനങ്ങളൊന്നും മുന്നോട്ടു വരാതായതോടെയാണ് മൂന്ന് വിഭാഗങ്ങളായി നിശ്ചയിക്കപ്പെട്ടത്.
സീനിയര്‍ മീറ്റിന് പൂനെ ആതിഥ്യമരുളുമ്പോള്‍ സബ് ജൂനിയര്‍ മീറ്റിന് നാസിക്കും ജൂനിയര്‍ മീറ്റിന് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയും വേദിയാകും. ജൂനിയര്‍, സബ്ജൂനിയര്‍ മീറ്റുകളുടെ തിയതി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ദേശീയ മീറ്റ് വേര്‍തിരിച്ചു നടത്താന്‍ ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ തീരുമാനം എടുത്തതോടെ ലിംഗ വിവേചനം ഉയര്‍ത്തി ഒളിംപ്യന്‍മാരായ പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജും ഉള്‍പ്പെടെ കായിക മേഖലയിലുള്ളവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. സംഭവം വിവാദമാക്കി മാറ്റി കോലാഹലം സൃഷ്ടിച്ചതോടെ മേള ഏറ്റെടുക്കാന്‍ ആളില്ലാതായി. ഒടുവില്‍ മേള തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന സ്ഥിതി വന്നതോടെ കേരളം ഏറ്റെടുക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാവുമെന്ന് തിരിച്ചറിഞ്ഞിട്ടും ദേശീയ സ്‌കൂള്‍ കായിക മേള കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ വിജയകരമായി തന്നെ നടത്തി.
എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന മീറ്റ് ഇത്തവണ മുതല്‍ ലിംഗ വിവേചനം ഒഴിവാക്കി മൂന്ന് വിഭാഗമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നായതോടെ പകിട്ട് നഷ്ടപ്പെടുമെങ്കിലും വലിയ സമ്മര്‍ദങ്ങളില്ലാതെ താരങ്ങള്‍ക്ക് ഇത്തവണ മുതല്‍ മത്സരിക്കാനാവും.
36 ഇനങ്ങളില്‍ നാലു ദിവസങ്ങളായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഒരു ദിവസം ഒന്‍പത് ഫൈനലുകള്‍ മാത്രമേ ഉണ്ടാവു. ഇതു ഒന്നിലേറെ ഇനങ്ങളില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കായിക താരങ്ങള്‍ക്ക് അനുഗ്രഹമാവും. എന്നാല്‍, ദേശീയ സ്‌കൂള്‍ കായിക മേളയില്‍ വര്‍ഷങ്ങളായി കേരളം തുടരുന്ന അപ്രമാധിത്വത്തിന് തടയിടാനാവുമെന്ന ആശ്വാസത്തിലാണ് ഉത്തരേന്ത്യന്‍ ലോബി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."