50 ദിവസവും കഴിഞ്ഞു ഇനിയെന്ത്?
500, 1000 നോട്ടുകള്‍ നവംബര്‍ 8ന് നിരോധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ആദ്യം രണ്ടാഴ്ചയും പിന്നീട് 50 ദിവസവുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. ബുധനാഴ്ചയോടെ (ഡിസംബര്‍ 28) 50 ദിവസങ്ങള്‍ പൂര്‍ണമായി. പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെന്ന് മാത്രമല്ല നാള്‍ക്കുനാള്‍ സങ്കീര്‍ണമാവുകയുമാണ്. യാതൊരു ആസൂത്രണവുമില്ലാതെയാണ് രാജ്യത്തെ പിടിച്ചുലച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത് എന്നത് കേവലം പ്രതിപക്ഷം മാത്രം ആരോപിക്കുന്നതല്ല; ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധരും അത് തന്നെ പറയുന്നു. കള്ളപ്പണക്കാരെ പിടികൂടാനെന്ന് തുടക്കത്തില്‍ പറഞ്ഞ മോദി ഇപ്പോള്‍ സംസാരിക്കുന്നത് കറന്‍സിരഹിത സംവിധാനത്തെ കുറിച്ചാണ്. നാളെ അത് മറ്റെന്തിനെയും സംബന്ധിച്ചാവാം. ഒന്നിലും ഒരു വ്യക്തതയില്ല. 61 തവണയാണ് ഈ 50 ദിവസങ്ങളില്‍ ഉത്തരവുകള്‍ മാറിമറിഞ്ഞത്. പാര്‍ലമെന്റില്‍ ഹാജരാവാതെ മോദിക്ക് തടിതപ്പാം, പക്ഷേ ജനകീയ കോടതിയില്‍നിന്ന് ഒളിച്ചോടാനാവുമോ?
കുത്തുപാളയെടുത്ത്
ടൂറിസം മേഖല
ബാസിത് ഹസന്‍
നോട്ട് അസാധുവാക്കല്‍ നടപടി ഇടുക്കിയിലെ ആദിവാസി-തോട്ടം-വിനോദസഞ്ചാരമേഖലയില്‍ സൃഷ്ടിച്ചത് വന്‍ പ്രതിസന്ധി. അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ കഴിയാത്ത നിരവധി പേര്‍ ആദിവാസി കുടിലുകളിലുണ്ടെന്നാണു സൂചന.
ബാങ്കുകളുമായി ബന്ധമില്ലാത്തതാണ് ഇവര്‍ക്ക് പണം മാറിയെടുക്കാന്‍ കഴിയാതെ വന്നത്. ഈ മേഖലകളില്‍ ബാങ്ക് ശാഖകളും വിരളമാണ്. ഇപ്പോഴും നിരോധിച്ച നോട്ടുകളുമായി വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ നിരവധി. തൊഴിലുറപ്പ് കൂലിയായും ക്ഷേമപെന്‍ഷനായും ലഭിച്ച തുക സ്വരുക്കൂട്ടുന്നതാണ് ഇവരുടെ ആകെ സമ്പാദ്യം. ഈ പണവുമായി വ്യാപാര സ്ഥാപനങ്ങളിലെത്തുമ്പോഴാണ് തങ്ങളുടെ കൈയിലിരിക്കുന്നത് അസാധുവായ നോട്ടുകളാണെന്ന് ഇവര്‍ അറിയുന്നത്. അക്കൗണ്ടില്ലാത്ത നിരവധി ആദിവാസികള്‍ ഇപ്പോഴും കുടിലുകളിലുണ്ട്. എ.ടി.എം കാര്‍ഡ് എന്താണെന്ന് അറിയാത്തവരാണ് ഭൂരിപക്ഷവും. തോട്ടം മേഖലയിലെ പ്രശ്‌നവും ഇതുതന്നെയാണ്. വനവിഭവങ്ങളും, മലഞ്ചരക്ക് സാധനങ്ങളും വിറ്റഴിക്കാന്‍ കഴിയാത്തതും ജീവിതം ദുരിത പൂര്‍ണമാക്കി.
ടൂറിസം മേഖലയില്‍ നിന്നും സംസ്ഥാനത്തിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന മൂന്നാറിനേയും തേക്കടിയേയും പ്രതികൂലമായി ബാധിച്ചു. വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ചു കഴിയുന്ന ചെറുതും വലുതുമായ നിരവധി കോട്ടേജുകളും റിസോര്‍ട്ടുകളും തിരിച്ചടി നേരിട്ടു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ സഞ്ചാരികളുടെ ഒഴുക്ക് ഇക്കുറിയുണ്ടായില്ല. പണരഹിത ഇടപാടുകള്‍ക്ക് മുന്‍ഗണന നല്‍കുമ്പോഴും അത്തരം നടപടികള്‍ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതും സാമ്പത്തിക തകര്‍ച്ചയുടെ ആക്കം കൂട്ടുന്നു. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല. മണിക്കൂറുകളോളം എ.ടി.എം കൗണ്ടറിനു മുന്നില്‍ ക്യൂ നില്‍ക്കേണ്ടതായും വരുന്നു. ഇത് വിദേശികള്‍ ഉള്‍പ്പെടെ ടൂറിസ്റ്റുകളെ ഏറെ ദുരിതത്തിലാക്കുന്നു.
നോട്ട് നിരോധനം: വ്യവസ്ഥകള്‍ മാറിമറിഞ്ഞത് 61 തവണ
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം ബാങ്ക് അക്കൌണ്ടുകളില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമുള്ള നിബന്ധനകളില്‍ റിസര്‍വ് ബാങ്കും ധനമന്ത്രാലയവും വരുത്തിയത് 61 ഭേദഗതികള്‍.
നവംബര്‍ 8
കള്ളപ്പണം, കള്ളനോട്ട് തുടങ്ങിയവ തടയാനും ഇവ ഉപയോഗിച്ചു നടക്കുന്ന മാഫിയാപ്രവര്‍ത്തനങ്ങള്‍ക്കു കൂച്ചുവിലങ്ങിടാനും എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി രാജ്യത്ത് 500,1000 നോട്ടുകള്‍ നിരോധിച്ചു
നവംബര്‍ 10
വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കല്‍ പരിധി പ്രതിദിനം 10,000 രൂപയും ആഴ്ചയില്‍ 20,000 രൂപയുമായി നിശ്ചയിച്ച് ആര്‍.ബി.ഐ ഉത്തരവ്
നവംബര്‍ 13
പഴയ നോട്ടുകള്‍ കൈമാറ്റം ചെയ്യാവുന്നതിന്റെ പരിധി 4500 രൂപയാക്കി. എ.ടി.എം പിന്‍വലിക്കല്‍ പരിധി 2000ല്‍നിന്ന് 2500 രൂപയും ആഴ്ചയിലെ പിന്‍വലിക്കല്‍ പരിധി 24000 രൂപയുമാക്കി. പ്രതിദിന പരിധിയും നീക്കി.
നവംബര്‍ 14
ജില്ലാ സഹകരണ ബാങ്കുകളില്‍ പഴയ നോട്ട് കൈമാറാനാകില്ലെന്ന് ആര്‍.ബി.ഐ പുതിയ ഉത്തരവ്. എന്നാല്‍, പണം പിന്‍വലിക്കുന്നതിന് തടസ്സമില്ല. പിന്നീട് കറന്റ് അക്കൗണ്ട് പിന്‍വലിക്കല്‍ പരിധി അമ്പതിനായിരമാക്കി.
നവംബര്‍ 15
പണം കൈമാറാന്‍ എത്തുന്നവരുടെ കൈയില്‍ മഷിയടിക്കാന്‍ തീരുമാനം.
നവംബര്‍ 17
പഴയ നോട്ട് കൈമാറാനുള്ള പരിധി 2000 രൂപയായി കുറച്ചു.
നവംബര്‍ 23
ലഘുസമ്പാദ്യ അക്കൗണ്ടുകളില്‍ പഴയ നോട്ട് നിക്ഷേപിക്കുന്നത് വിലക്കി പുതിയ ഉത്തരവ്.
നവംബര്‍ 24
എല്ലാ ബാങ്ക് ശാഖകളിലും പഴയ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നത് വിലക്കി പുതിയ ഭേദഗതി. വിദേശ പൗരന്മാര്‍ക്ക് കൈമാറ്റം ചെയ്യാവുന്ന തുകയുടെ പരിധി ആഴ്ചയില്‍ 5000 രൂപയാക്കി ഉയര്‍ത്തി ഡിസംബര്‍ 15 വരെ കാലാവധി നിശ്ചയിച്ചു.
നവംബര്‍ 28
പുതിയ കറന്‍സികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പരിധികൂടാതെ പിന്‍വലിക്കാന്‍ അനുമതി നല്‍കുമെന്ന് ആര്‍.ബി.ഐ
ഡിസംബര്‍ 19
5000 രൂപയില്‍ കൂടുതല്‍ പഴയ നോട്ടുകളുടെ നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി് ഉത്തരവിറക്കി.വ്യാപക എതിര്‍പ്പിനെ തുടര്‍ന്നു നാലുദിവസത്തിനുശേഷം ഈ ഉത്തരവ് റദ്ദാക്കി.
വ്യാപാരമേഖലയുടെ
നഷ്ടം 70 %
രണ്ട് രക്തസാക്ഷികളും
ടി.കെ ജോഷി
പത്ത് ശതമാനം വരുന്ന വന്‍കിട വ്യാപാരികളുടെ ബിസിനസില്‍ വര്‍ധന; അതേസമയം ബാക്കി വരുന്ന ഇടത്തരം-ചെറുകിട വ്യാപാരികളുടെ ബിസിനസില്‍ 70 ശതമാനത്തിന്റെ തകര്‍ച്ച. നോട്ട് ദുരിതത്തിന്റെ അന്‍പത് ദിനം പിന്നിട്ടപ്പോള്‍ ജീവനെടുത്തത് രണ്ടു വ്യാപാരികളുടെയും. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വ്യാപാരികളും അതിലേറെ തൊഴിലാളികളും കഴിഞ്ഞ അന്‍പതു ദിവസമായി കടന്നുപോകുന്ന ജീവിതദുരിതം വിവരണാതീതമാണ്.
'ചിട്ടികളും കൈയിലുള്ള പണവുമൊക്കെ ഉപയോഗിച്ചാണ് ഞങ്ങളില്‍ ഏറെപ്പേരും കച്ചവടം ചെയ്തിരുന്നത്. അടുത്ത ദിവസം പണം എത്തിക്കുമെന്ന ഉറപ്പില്‍ ചെക്ക് നല്‍കിയായിരുന്നു ചരക്കെടുത്തിരുന്നത്. എന്നാല്‍ ചെക്ക് നല്‍കിയാലും പണം ബാങ്കില്‍ നിന്നു കിട്ടാതാകുകയും ചിട്ടിക്കാശ് മുടങ്ങുകയും ചെയ്തതോടെ ഊഹക്കച്ചവടം പൂര്‍ണമായും തകര്‍ന്നു. ഇതോടെ വ്യാപാരമേഖല സ്തംഭിച്ചു.' വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറയുന്നു.
നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ടു വരെയുള്ളതിനേക്കാള്‍ 70 ശതമാനം വരുമാനക്കുറവാണ് ചെറുകിട, ഇടത്തരം വ്യാപാരമേഖലയ്ക്കുണ്ടായത്. നിരവധി തൊഴിലാളികളെ നിര്‍ത്തി വ്യാപാരം നടത്തുന്ന ടെക്‌സ്‌റ്റൈല്‍സ് മേഖലയും മറ്റും തൊഴിലാളികളുടെ എണ്ണം കുറച്ചു പിടിച്ചുനില്‍ക്കാന്‍ ശ്രമം നടത്തി. ഇത്തരം നിരവധി സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.
കൈയില്‍ പണം സൂക്ഷിച്ച് വ്യാപാരം നടത്തുന്നവരാണ് സംസ്ഥാനത്തെ 60 ശതമാനം കച്ചവടക്കാരും. ചില കച്ചവടക്കാര്‍ ഒരു ദിവസം തന്നെ ഇങ്ങനെ ലക്ഷങ്ങളുടെ കൊടുക്കല്‍വാങ്ങലാണ് നടത്തേണ്ടത്. പഴയ നോട്ടുകള്‍ക്കു നിരോധനം വന്നതും പുതിയ നോട്ടുകള്‍ ആവശ്യത്തിനു ലഭിക്കാതായതും ഇത്തരം വ്യാപാരികളുടെ കച്ചവടത്തെയും ബാധിച്ചു. കര്‍ഷകരില്‍ നിന്നു കാര്‍ഷിക ഉല്‍പ്പനങ്ങള്‍ എടുത്താലും നല്‍കാന്‍ പണമില്ല. ചെക്ക് കൊടുത്താലൊന്നും സാധാരണക്കാരുടെ ആവശ്യം നടക്കാത്തതിനാല്‍ പലരും മലഞ്ചരക്കുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതില്‍ നിന്നു വിട്ടുനിന്നു. ഇതെല്ലാം പ്രതികൂലമായി ബാധിച്ചത് ലക്ഷക്കണക്കിന് വ്യാപാരികളേയും അവരുടെ കുടുംബങ്ങളേയുമാണ്.
അതേസമയം വന്‍കിട മാളുകളിലെ വ്യാപാരത്തില്‍ നോട്ട് നിരോധനത്തിന്റെ 50 ദിവസത്തിനുള്ളില്‍ വന്‍ വര്‍ധനയാണുണ്ടായത്. സൈ്വപിങ് മെഷീനും ഡിജിറ്റല്‍ കറന്‍സിയുമൊക്കെ ഉപയോഗിച്ചുള്ള കച്ചവടമാണ് ഇതിനു കാരണം. സ്വര്‍ണവ്യാപാരമേഖലയിലും കച്ചവടം കാര്യമായി കുറഞ്ഞില്ല.
നോട്ട് പ്രതിസന്ധിയില്‍ വായ്പ തിരിച്ചടക്കാനാകാത്ത വിഷമത്തില്‍ ജീവനൊടുക്കിയ കോട്ടയം ചങ്ങനാശേരി വാഴപ്പിള്ളി സ്വദേശി സി.പി നാരായണന്‍ നമ്പൂതിരി(54) ആണ് വ്യാപാരികളിലെ ആദ്യ രക്തസാക്ഷി.
രണ്ടാമത്തെ രക്തസാക്ഷി കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി വിളക്കോട്ടെ എ.സി.സി സിമന്റെ് ഡീലറായ മുഴക്കുന്ന് കൃഷ്ണാനിലയത്തില്‍ കെ.ബാബു(42) ആണ്.
ചാത്തൂന്റെ കോയിമുട്ട
ശ്രീജിത്ത് നരിപ്പറ്റ
കുമാരേട്ടന്റെ പീടികേന്റെ മുന്നില്‍ ഒരാള്‍ക്കൂട്ടം. എല്ലാരുടേം ശ്രദ്ധ ചാത്തൂന്റെ മേലാണ്. പീടികയിലെ പറ്റ് ഇന്നു തന്നെ തീര്‍ക്കണം എന്ന് ചാത്തുവിനോട് കുമാരേട്ടന്‍ പറഞ്ഞതാ പ്രശ്‌നത്തിന്റെ തുടക്കം. 'കൊറച്ച് പഞ്ചാരേം തക്കാളിം വാങ്ങാന്‍ അഞ്ച് കോഴിമുട്ടയും കൊണ്ട് വന്നതാ ഞാന്‍... അന്നേരാ ഈ കുമാരന്‍ അയിന്റെ പയിശേം കയിച്ച് ബാക്കി കടം ഇന്നു തന്നെ തീര്‍ക്കണംന്ന് പറഞ്ഞത്. ഇതിനിടയ്ക്ക് കുമാരന്റെ ഒച്ചയും പൊങ്ങുന്നുണ്ട്; ഇന്നത്തോടെ മോദി പറഞ്ഞ 50 ദിവസം ആവും... നാളെ അയാള് എന്താ പ്രഖ്യാപിക്ക്വാന്ന് ആര്‍ക്കറിയാം... ഇനീപ്പം കാശ് ഇല്ലാത്ത എന്തൊക്കെയോ തൊന്തരവാണ് ബര്ന്നതെന്നാകേട്ടത്. അപ്പം പിന്നെ മൊബൈലും ബാങ്ക് എക്കൗണ്ടും ഇല്ലാത്ത ചാത്തു എങ്ങനെയാ എന്റെ കടം തീര്‍ക്ക്ന്നത്. ഇങ്ങള് പറ...' കുമാരേട്ടന്റെ ചോദ്യം കൂടിയിരിക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ വീണു ചിതറി. കുറച്ച് നേരം നിശബ്ദത. ആരും മിണ്ടാതിരുന്നത് കൊണ്ടാണ് നിശബ്ദതയെ മറികടക്കാന്‍ ശ്രമിച്ച് കൊണ്ട് കണ്ണന്‍ മാഷ് പറഞ്ഞത്... 'എല്ലാര്‍ക്കും പേടിഎമ്മ് വഴി സാധനം വില്‍ക്കുകേം വാങ്ങുകേം ചെയ്യാമല്ലോ. ഒരാശ്വാസം കിട്ടിയ ചാത്തു കണ്ണന്‍മാഷിലേക്ക് തിരിഞ്ഞു' എന്നാ ഇങ്ങള് പറ മാഷേ, എന്റെ കോയിമുട്ട നാളെ മുതല്‍ ഇങ്ങള് പറഞ്ഞ സ്ഥലത്ത് കൊടുക്കാം. അത് ഏട്യാ തൊറക്ക്ന്നത്? ഈ കുമാരനുമായി ഇനി ഒരു കച്ചോടോം ഇല്ല. ഉടനടി വന്ന ചാത്തുവിന്റെ പ്രഖ്യാപനം കേട്ട് നിന്ന ചില വാല്യക്കാരില്‍ ചിരി പടര്‍ത്തി.
ചാത്തുവിന് ചെറിയ വിശദീകരണവുമായി വീണ്ടും കണ്ണന്‍ മാഷ് എത്തി.'അത് കുമാരന്റെ പീടിക പോലത്തെ പീടികയല്ല ചാത്തു. ഇതാ എന്റെ ഫോണിലാ പേടിഎമ്മുള്ളത്'. ചാത്തു അതിനകത്തേക്ക് നോക്കി. എന്നിട്ട് അമ്പരന്ന് നിന്നു. 10 കോയി മുട്ട, പിന്നെ ഒര് മൊബൈല്‍ ഫോണ്‍. ഈ രണ്ട് ചിത്രങ്ങള്‍ മനസില്‍ മാറിമാറി വന്നു. ഒന്നും മനസിലാകാതെ നിന്ന ചാത്തുവിനെ നോക്കി കണ്ണന്‍മാഷ് വീണ്ടും പറഞ്ഞു: 'ചാത്തു ഇഞ്ഞി ഇതുപോലത്തെ മൊബൈല് വാങ്ങ്. അപ്പ അതില് പേടിഎമ്മുണ്ടാകും. അല്ലാണ്ട് പറഞ്ഞാ ഇനിക്ക് ഇതൊന്നും തിരിയൂല'. കണ്ണന്‍മാഷ് മോദി ഫാനാന്ന് അറിയാവുന്ന ഇടതന്‍ ശങ്കരന്‍ ഇടയില്‍ കേറി ഇടപെട്ടു. ' എന്നാപ്പിന്നെ മാഷ് പറ ഓന്റെ കോയിമുട്ട ഇങ്ങടെ പേടിഎമ്മിലിട്ട് വിക്കാമ്പറ്റ്വോ' അത്രേം ക്ലോസ് എന്‍കൗണ്ടര്‍ കണ്ണന്‍മാഷും പ്രതീക്ഷിച്ചിരുന്നില്ല.'അതിപ്പോ നോക്കണം, പറ്റുമായിരിക്കും.' ഇതുകേട്ട ചാത്തുവിന്റെ മുഖത്തെ പ്രതീക്ഷ പാതി മങ്ങി. ' ഇതിപ്പ എന്താ സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല, അതുകൊണ്ട് തന്ന്യാ ഞാന്‍ ചാത്തൂന്റെ പൈശക്ക് ചോയിച്ചത്.' കുമാരനും ചാത്തുവും തമ്മില്‍ വാക്‌പോര് വീണ്ടും തുടങ്ങും മുമ്പ് ഗോവിന്ദന്‍ ഇടപെട്ടു.
വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഗോവിന്ദന് ഒരു പ്രത്യേക നേക്കാണെന്ന് അവിടെ കൂടിയിരിക്കുന്ന എല്ലാര്‍ക്കുമറിയാം.'സ്വന്തമായി ഒരു കുടുംബം ഇല്ലാത്തോനാ മോദി, അയിന്റെ ബുദ്ധിമുട്ട് അറിയാത്തോന് ഇങ്ങനെ പല പരീക്ഷണങ്ങളും നടത്താം. ബുദ്ധിമുട്ടാര്‍ക്കാ... കുമാരനും ചാത്തൂനും എനിക്കും നിങ്ങക്കുമൊക്കെയല്ലേ.' ഗോവിന്ദന്റെ ആദ്യ ചുവട് പിഴച്ചില്ല. കുമാരനും ചാത്തുവും ഒരുമിച്ച് തലയാട്ടി. ബാക്കിയുള്ളവരും ശരിവച്ചു. കണ്ണന്‍മാഷിന്റെ മുഖത്ത് മാത്രം വിയോജിപ്പ് പ്രകടമായിരുന്നു. അത് ചെറിയ അളവില്‍ ദേശസ്‌നേഹമായി പുറത്തുവരുകയും ചെയ്തു.'മോദി അയാടെ വീട്ടിലേക്കല്ലല്ലോ, നാടിന് വേണ്ടിയല്ലേ.' വര്‍ത്തമാനം തുടരാന്‍ ആള്‍ക്കൂട്ടം അനുവദിച്ചില്ല. 'എന്ത് നാടിന് വേണ്ടി.' എന്ന ചോദ്യം ഒരേസമയം ഉയര്‍ന്നു. ഗോവിന്ദന്‍ കൈകൊണ്ട് നിര്‍ത്താന്‍ ആംഗ്യം കാണിച്ചപ്പോ സ്വിച്ചിട്ടത് പോലെ ബഹളം നിന്നു. ഗോവിന്ദന്റെ ശബ്ദം ഉയര്‍ന്നു ' ഇന്നാട്ടിലെ സമ്പന്നരേയും ഇടത്തരക്കാരേയും പണം ബാങ്കില്‍ നിന്നെടുക്കുന്നതില്‍ നിയന്ത്രിച്ചതു കൊണ്ട് കാര്‍ഷികമേഖലയിലും നിര്‍മാണമേഖലയിലും അവര്‍ പണം ചെലവഴിക്കുന്നില്ല. ദൈനംദിന വരുമാനം ഉള്ളവര്‍ക്ക് അതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ആ തൊഴില്‍ നഷ്ടം വരുമാന നഷ്ടമാണ്. ദാരിദ്ര്യമാണ്.
അത് ദിവസവേതനത്തിന് ജോലി ചെയ്യുന്നവരേയും അവര്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന കുമാരേട്ടന്റെ പീടികയെയും ബാധിക്കുന്നുണ്ട്'. ഗോവിന്ദന്‍ ഒരു പ്രാസംഗികനായി മാറിയ പോലെ ആള്‍ക്കൂട്ടം ഒരു സദസ്സായി പരിണമിച്ചു. ഗോവിന്ദന്‍ തുടര്‍ന്നു'കോടിക്കണക്കിന് ദിവസവരുമാനക്കാരുടെ തൊഴില്‍ നഷ്ടത്തിന്റെ നഷ്ടപരിഹാരം ആര് നല്‍കും. ആളുകള്‍ക്ക് വരുമാനമില്ലാത്തത് കാരണം നാട്ടിന്‍ പുറത്തെ ബാങ്കിങ് സംവിധാനമായ ചിട്ടികളൊക്കെ തകരാന്‍ തുടങ്ങിയാല്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകര്‍ന്ന് തരിപ്പണമാകില്ലേ. കള്ളപ്പണം പിടിച്ചെടുക്കല്‍ മാത്രമാണോ ദേശസ്‌നേഹം. അര്‍ഹതപ്പെട്ടവരുടെ സമ്പാദ്യത്തിന് സംരക്ഷണം ദേശസ്‌നേഹത്തിന്റെ വകുപ്പില്‍ പെടില്ലേ.'കാര്യങ്ങള്‍ ഭയങ്കര സീരിയസ് ആകുന്നത് കണ്ട് കണ്ണന്‍മാഷ് എസ്‌കേപ്പടിച്ചു. 'ഞാന്‍ പോട്ടെ' എന്ന ലളിതമായ വിടവാങ്ങല്‍ മാത്രം. പിന്നില്‍ നിന്ന് ചാത്തുവിന്റെ ആത്മഗതം ഇത്തിരി ഉറക്കെ ആയിപ്പോയി. 'അപ്പോ ന്റെ കോയിമുട്ട!' 'പുഴുങ്ങിത്തിന്നോ'. കണ്ണന്‍മാഷ് നടത്തത്തിനിടയില്‍ പല്ലിറുമ്മി പറഞ്ഞത് ആരും കേട്ടില്ല. നാലും നാലു വഴിക്ക് എന്ന കണക്കിന് എല്ലാരും പിരിഞ്ഞുപോയി... കാഷ്‌ലസ് കാലത്തെ കോയിമുട്ട കച്ചവടം എങ്ങനെ ആയിരിക്കുമെന്ന് ഒര് പിടീം കിട്ടാതെ ചാത്തുവും വീട്ടിലേക്ക് നടന്നു.
പാവം പ്രധാനമന്ത്രി എന്നെ ആശയക്കുഴപ്പത്തിലാക്കുന്നു
എ.കെ രമേശ്
സത്യം പറഞ്ഞാല്‍ ഞാനിത്തിരി ആശയക്കുഴപ്പത്തിലാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവന എന്റെ ഒരെഴുത്തു വഴി വളച്ചൊടിച്ചു എന്നു പറയിപ്പിക്കുന്നത് ശരിയല്ലല്ലോ. ഡിസംബര്‍ 30നകം പ്രശ്‌നങ്ങളെല്ലാം അവസാനിച്ചില്ലെങ്കില്‍ നിങ്ങളെന്നെ തൂക്കിലേറ്റിക്കൊള്ളൂ എന്ന് അദ്ദേഹം പറഞ്ഞതായാണ് ഞാനൊരു ഫേസ്ബുക്ക് കുറിപ്പിട്ടത്.
പിന്നെ അത് ലേഖനമായി പ്രസിദ്ധപ്പെടുത്തി; ഒരു പുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പിന്നെയാണ് കാണുന്നത്, ഒരു പത്രത്തില്‍ അച്ചടിച്ചു വന്നിരിക്കുന്നു നിങ്ങള്‍ക്കെന്നെ പച്ചക്ക് കത്തിക്കാം എന്നായിരുന്നു പ്രയോഗമെന്ന്. അങ്ങനെയാണെങ്കില്‍ എനിക്കാണ് തെറ്റിയത്. തൂക്കിക്കൊല്ലുക എന്നതിനേക്കാള്‍ കത്തിച്ചുകൊല്ലുക എന്ന പ്രയോഗം തന്നെയാണ് പഴയ ഗുജറാത്ത് മുഖ്യമന്ത്രി ഇഷ്ടപ്പെടുക എന്നറിയാവുന്നതുകൊണ്ട് പറ്റിയ തെറ്റ് എങ്ങനെ തിരുത്തും എന്ന ആശങ്കയിലായിരുന്നു ഞാന്‍. അങ്ങനെയിരിക്കെയാണ് തൂക്കാനുള്ള സ്ഥലം കണ്ടെത്തിക്കൊള്ളൂ, എന്ന ലാലുപ്രസാദ് യാദവിന്റെ ഒരു പ്രസ്താവന കണ്ടത്. ഞാന്‍ വീണ്ടും കണ്‍ഫ്യൂഷനിലായി.
ഏതായാലും ഡിസംബര്‍ 30നകം പ്രശ്‌നം പരിഹരിക്കപ്പെടും എന്ന ആത്മവിശ്വാസത്തിലായിരുന്നിരിക്കണം പ്രധാനമന്ത്രി. ആദ്യം പറഞ്ഞത് രണ്ടു ദിവസം. പിന്നെ ചോദിച്ചത് 10 ദിവസം. പിന്നെയാണ് അത് അമ്പതായത്. അറുപതു തവണയാണ് നോട്ട് സംബന്ധിയായ ഉത്തരവുകള്‍ മാറ്റി മാറ്റിയിറക്കിയത്. അത്തരമൊരു ഘട്ടത്തില്‍ ദിവസം കണക്കുകൂട്ടിയതിലെ ഒരു ചെറുപിഴവിന് വന്‍വില,(ഉഭയസമ്മതപ്രകാരമുള്ള തൂക്കിലേറ്റലോ പച്ചക്ക് കത്തിക്കലോ) അതും ഒരു രാജ്യത്തെ പ്രധാനമന്ത്രിയോട് ഈടാക്കണമെന്ന് പറയുന്നത് അല്‍പം കടന്ന കൈ തന്നെ. ഇത് പ്രധാനമന്ത്രിക്കുമറിയാം. അതു കൊണ്ടാണല്ലോ അദ്ദേഹം പെട്ടെന്നുതന്നെ ആശയം മാറ്റിയത്.
നവംബര്‍ എട്ടിന് എട്ടു മണിക്ക് നടത്തിയ എട്ടു മിനുട്ട് പ്രസംഗത്തില്‍ 18 തവണയാണത്രെ കള്ളപ്പണം എന്ന വാക്കുപയോഗിച്ചത്. റദ്ദാക്കിയ നോട്ടിലേറെയും തിരിച്ചെത്തുമെന്നുറപ്പായതോടെ അക്കാര്യമിനി പറയാനാവില്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെയുണ്ടല്ലോ മണ്ടത്തരം കാട്ടിയ പ്രധാനമന്ത്രിക്ക്. അതുകൊണ്ടാണ് പ്രക്ഷേപണത്തില്‍ ഒറ്റത്തവണ പോലും കടന്നുവന്നിട്ടില്ലാത്ത ഒരു പുതിയ വാക്കിനെ കച്ചിത്തുരുമ്പായി കണ്ടെത്തിയത്. കാഷ്‌ലെസ് സൊസൈറ്റി എന്നതാണ് ആ പ്രയോഗം. അതും നടക്കാന്‍ പോവുന്നില്ല എന്ന കാര്യം കാര്യബോധമുള്ളവര്‍ പറഞ്ഞതുകൊണ്ടാവണം ഇപ്പോള്‍ പ്ലേറ്റ് വീണ്ടും മാറ്റുകയാണ്. ഇപ്പോള്‍വേറൊരു മുക്കാര്യമാണുദ്ധരിക്കുന്നത്. ഭീകരലോകത്തെയും അധോലോകത്തെയും മയക്കുമരുന്ന് മാഫിയയെയും ശരിപ്പെടുത്തിക്കഴിഞ്ഞു എന്നാണ് ഇന്നലത്തെ പ്രസംഗത്തില്‍ മോദി പറഞ്ഞത്.
ഇന്റര്‍നെറ്റ് പെനില ട്രഷന്‍ ഇന്ത്യയില്‍ 27 ശതമാനമാണ്. ആഗോള ശരാശരി 67 ഉള്ളപ്പോഴത്തെ കണക്കാണിത്. 10 ലക്ഷം പേര്‍ക്ക് ഇന്ത്യയിലുള്ള സൈ്വപിങ് മെഷിന്‍ 900ത്തിന്നു താഴെ. ബ്രസീലില്‍ ഇത് അതിന്റെ 39 ഇരട്ടി. നമ്മുടെ ഓണ്‍ലൈന്‍ സുരക്ഷിതത്വം എത്രയെന്നറിയാന്‍ സ്റ്റേറ്റ് ബാങ്ക് മാത്രം റദ്ദാക്കിയ കാര്‍ഡുകളുടെ എണ്ണം നോക്കിയാല്‍ മതി. 32 ലക്ഷം! ഒരു വാച്ച്മാനെ വയ്ക്കാന്‍ മടിച്ചതുകൊണ്ടല്ലേ തങ്ങള്‍ക്ക് എ.ടി.എമ്മില്‍ കടന്ന് പകര്‍പ്പ്‌യന്ത്രം സ്ഥാപിക്കാനായതെന്നാണ് റൊമേനിയക്കാരായ ക്രിമിനലുകള്‍ ചോദിച്ചത്. അത്രയ്ക്കുണ്ട് നമ്മുടെ ഓണ്‍ലൈന്‍ സുരക്ഷിതത്വം .
ഇതറിയാവുന്നതുകൊണ്ടുതന്നെയാവണം മട്ടുമാറ്റിയത്. ഭീകരലോകം, അധോലോകം, മയക്കുമരുന്നുമാഫിയ .പുതിയ ഇനങ്ങളാണ് കണ്ടെത്തുന്നത്. തൂക്കിക്കൊന്നുകൊള്ളാനോ പച്ചക്ക് ചുട്ടുകൊന്നുകൊള്ളാനോ അനുമതി നല്‍കിയ പാവം പ്രധാനമന്ത്രിക്കുമില്ലേ സ്വന്തം ജീവനില്‍ക്കൊതി?
നോട്ട് ദുരിതത്തിന്റെ ആഘാതത്തില്‍
പ്രവാസം മതിയാക്കി 'ഭായി'മാര്‍
യു.എച്ച് സിദ്ദീഖ്
നോട്ട് പ്രതിസന്ധിയിലെ അരക്ഷിതാവസ്ഥയില്‍ പണിയില്ലാതായ 'ഭായി'മാരുടെ തിരിച്ചുപോക്ക് സംസ്ഥാനത്തെ നിര്‍മാണ-ചെറുകിട വ്യവസായ മേഖകളില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കണക്കനുസരിച്ച് 25 ലക്ഷത്തിലേറെ ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. നോട്ടു നിരോധനം നിലവില്‍ വന്നതോടെ പകുതിയിലേറെ പേരും സ്വദേശത്തേക്കും അയല്‍സംസ്ഥാനങ്ങളിലേക്കും ചേക്കേറി. നോട്ടു നിരോധനത്തിന്റെ ആദ്യ ആഴ്ചകളില്‍ പതിനായിരക്കണക്കിന് തൊഴിലാളികളാണ് പ്രവാസ ജീവിതത്തിന് വിരാമമിട്ടു നാട്ടിലേക്ക് മടങ്ങിയതെങ്കില്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ കവിഞ്ഞു.
നോട്ടു നിരോധനം നടപ്പാക്കിയ ആദ്യ ആഴ്ചയില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയെങ്കിലും പിന്നീട് തൊഴിലും കൂലിയും ഇല്ലാതെ വന്നതോടെയാണ് തിരിച്ചുപോക്ക് വര്‍ധിച്ചത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ നിശ്ചലാവസ്ഥയും നിര്‍മാണ മേഖലയിലെയും ചെറുകിട വ്യവസായ രംഗത്തെയും പ്രതിസന്ധിയും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ദിവസക്കൂലിയും ആഴ്ചക്കൂലിയും വാങ്ങിയിരുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. ആഴ്ചയില്‍ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് 24,000 രൂപയും സ്ഥാപനങ്ങള്‍ക്ക് 50,000 രൂപയും മാത്രമേ പിന്‍വലിക്കാനാവൂ എന്നതിനാല്‍ കൂലി കൊടുക്കാന്‍ കഴിയാതെ സ്ഥാപനങ്ങളും വ്യക്തികളും വലഞ്ഞു.
ബാങ്ക് വഴി കൂലി കൊടുക്കാന്‍ തൊഴിലാളികള്‍ക്ക് അക്കൗണ്ടുകള്‍ ഇല്ലാത്തതും തിരിച്ചടിയായി. ഇതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. ചെറുകിട വ്യവസായ സംരംഭങ്ങളും പരമ്പരാഗത വ്യവസായമേഖലയും നോട്ടു നിരോധനം വന്നു 50 ദിവസം തികയുമ്പോഴും സ്തംഭനാവസ്ഥയില്‍ തന്നെ. ഏറ്റവും കൂടുതല്‍ ഇതരസം സ്ഥാനക്കാര്‍ പണിയെടുത്തിരുന്നത് എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്.
ഇവിടങ്ങളിലെ നിര്‍മാണ, ചെറുകിട വ്യവസായ, ഹോട്ടല്‍, തോട്ടം മേഖലകളില്‍ ആളില്ലാ പ്രതിസന്ധി രൂക്ഷമായി. ഈ ജില്ലകളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മാത്രം ലക്ഷ്യമിട്ടു ഞായറാഴ്ചകളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഭായി മാര്‍ക്കറ്റുകളില്‍ എത്തിയാല്‍ മനസിലാവും എത്രമാത്രം രൂക്ഷമായ കടന്നാക്രമണമാണ് നോട്ടു നിരോധനം നടത്തിയതെന്ന്. സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ പറുദീസയായ എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കോട്ടയം നഗരം തുടങ്ങി സംസ്ഥാനത്തെ ഞായറാഴ്ചകളിലെ ഭായി മാര്‍ക്കറ്റുകളിലേക്ക് ഇപ്പോള്‍ എത്തുന്നത് വിരലിലെണ്ണാവുന്ന ഇതരസംസ്ഥാനക്കാരാണ്.
25 ലക്ഷത്തിലേറെ വരുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ 75 ശതമാനവും ജോലി ചെയ്യുന്നത് നിര്‍മാണ മേഖലയിലായിരുന്നു. ചെറുകിട വ്യവസായം, ഹോട്ടല്‍ വ്യവസായം, തോട്ടം, കാര്‍ഷികമേഖലയും ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. നോട്ട് നിരോധനം ഈ മേഖലകളില്‍ സൃഷ്ടിച്ച കടുത്ത അരക്ഷിതാവസ്ഥ തന്നെയാണ് തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള കുടിയൊഴിയലിന് ആക്കം കൂട്ടിയത്. കുറഞ്ഞ കൂലിയും കൃത്യമായി അധിക സമയം ജോലി എടുപ്പിക്കാമെന്നതും കേരളത്തിലെ തൊഴിലാളിക്ഷാമവുമാണ് ഇതരസംസ്ഥാനക്കാരെ കൂട്ടത്തോടെ ഈ മേഖലയിലേക്ക് കരാറുകാര്‍ എത്തിച്ചത്.
കൂലി ലഭിക്കാതെ വന്നതോടെ ഇടുക്കി ജില്ലയിലെ തോട്ടം മേഖലയില്‍ നിന്നും കൂട്ടത്തോടെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഒഴിഞ്ഞു പോകുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ മാത്രം ആശ്രയിച്ച് നടത്തിയിരുന്ന പെരുമ്പാവൂരിലെ ഇഷ്ടിക നിര്‍മാണ ഫാക്ടറികളിലും പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പ്ലൈവുഡ് ഫാക്ടറികളുമെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ഇവിടങ്ങളിലെല്ലാം ജോലിയെടുക്കുന്നവരിലെ 90 ശതമാനം തൊഴിലാളികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. അസം, ഒഡീഷ, ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയവരില്‍ ഏറെയും. കൂടുതല്‍ കൂലി വാഗ്ദാനം ചെയ്തു തൊഴിലാളികളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നത് ഈ ശ്രമങ്ങള്‍ക്കും വിഘാതം സൃഷ്ടിക്കുകയാണ്.
ചിറകറ്റ് ചെറുകിട കച്ചവടം
ശ്രുതി സുബ്രഹ്മണ്യന്‍
നോട്ട് നിരോധനം വന്നതോടെ ചിറകൊടിഞ്ഞ പക്ഷികളെപ്പോലെയായി ചെറുകിട കച്ചവടക്കാരുടെ അവസ്ഥ. തെരുവുകച്ചവടക്കാരും പെട്ടിക്കടക്കാരുമെല്ലാം നോട്ടില്‍ കുരുങ്ങി പെടാപ്പാടിലായി. നോട്ട് നിരോധനം വന്ന് 50 ദിവസം പിന്നിട്ടിട്ടും പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയല്ലാതെ കുറയുന്നില്ലെന്ന് കച്ചവടക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ചില്ലറയില്ലാത്തതിനാല്‍ പതിവായി ഭക്ഷണം കഴിക്കാന്‍ വന്നവര്‍ പോലും വരവ് രണ്ടും മൂന്നും ദിവസങ്ങളിലൊതുക്കിയെന്ന് തട്ടുകടക്കാര്‍ പറയുന്നു. നഷ്ടം പേടിച്ച് ആവശ്യക്കാര്‍ വരുമ്പോള്‍ മാത്രമാണ് പല തട്ടുകടകളിലും ഇപ്പോള്‍ ദോശയും മറ്റും ഉണ്ടാക്കുന്നത്.
ചില്ലറ കിട്ടാത്തതിനാല്‍ ചെറുകിട കച്ചവടക്കാരെ ആശ്രയിച്ചിരുന്നവരെല്ലാം സൂപ്പര്‍ മാര്‍ക്കറ്റുകളേയും ഷോപ്പിങ് മാളുകളേയും ആശ്രയിക്കുകയാണ്. കച്ചവടം പഴയപോലെയാക്കാന്‍ സൈ്വപ്പിങ് മെഷീന്‍ വാങ്ങാമെന്നു വച്ചപ്പോള്‍ അതിന് നോട്ടിനേക്കാളേറെ ഡിമാന്‍ഡാണെന്നു കോഴിക്കോട് നഗരത്തിലെ ചെരുപ്പുകച്ചവടക്കാരന്‍ അഷ്‌റഫ് പറയുന്നു. ഹോട്ടലുകളില്‍ പോലും സൈ്വപ്പിങ് മെഷീനുണ്ടെങ്കില്‍ മാത്രമേ ആളുകള്‍ കയറൂ എന്ന സാഹചര്യം പോലും നിലവിലുണ്ട്.
കാലിടറി കാര്‍ഷികമേഖല
കര്‍ഷകരുടേയും സ്ഥിതി സമാനമാണ്. കര്‍ഷകരില്‍ ഭൂരിഭാഗവും ബാങ്ക് ബാലന്‍സുള്ളവരല്ല. ബാങ്കില്‍ നിന്നുള്ള വായ്പയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നടക്കം കടമെടുത്തും അയല്‍ക്കാരോടും മറ്റും കൈവായ്പ വാങ്ങിയും കാര്യങ്ങള്‍ തള്ളിനീക്കുന്നവരാണ്.
പറമ്പിലുള്ള നാലോ അഞ്ചോ പടുവാഴക്കുലയും അടക്കയും മറ്റും വിറ്റ് അപ്പപ്പോഴത്തെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നവരാണ് ദരിദ്രകര്‍ഷകരില്‍ മിക്കവരും. ഇത്തരക്കാരുടെ പ്രധാന വരുമാന ശ്രോതസുകളിലൊന്ന് കന്നുകാലി വളര്‍ത്തലാണ്. ഓന്നോ രണ്ടോ പശുവിനെ പോറ്റി പാല്‍ വിറ്റ് ഇതില്‍ നിന്നുള്ള നാമമാത്ര വരുമാനം കൊണ്ട് കുടുംബം പോറ്റുന്നവരും എണ്‍പത് ശതമാനത്തോളം വരും. സൊസൈറ്റിയില്‍ അളക്കുന്ന പാലിന് വിലയായി ആഴ്ചയിലോ മാസത്തിലോ ലഭിക്കുന്ന ചെക്ക് മാറ്റാനാവാതെ വലയുകയാണ് ഇവര്‍.
നോട്ടു നിരോധനം പ്രതിസന്ധിയിലാക്കിയ മറ്റൊരു വിഭാഗം പഴപച്ചക്കറിക്കച്ചവടക്കാരാണ്. നോട്ട് പിന്‍വലിച്ചതോടെ ഹോള്‍സെയില്‍ കച്ചവടക്കാരില്‍ നിന്നു മുന്‍പ് എടുത്തതില്‍ നിന്നും വളരെക്കുറച്ച് ചരക്ക് മാത്രമേ ചെറുകിട കച്ചവടക്കാരും തെരുവോരക്കച്ചവടക്കാരും വാങ്ങുന്നുള്ളൂ.
നോട്ട് പിന്‍വലിക്കല്‍ മരമില്ലുകളേയും പ്ലൈവുഡ് ഉള്‍പ്പെടെയുള്ള കച്ചവടമേഖലയേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പൊതുവേ കച്ചവട മാന്ദ്യം നിലനില്‍ക്കുന്ന മരമില്‍ മേഖലയില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് പല മില്ലുകളിലും പ്രവൃത്തി നടക്കുന്നത്. ചില മില്ലുകള്‍ അടച്ചിട്ടിരിക്കുകയുമാണ്.
ഒടിഞ്ഞ നട്ടെല്ല് നിവര്‍ത്താനാവാതെ സഹകരണ മേഖല
വി. അബ്ദുല്‍ മജീദ്
നോട്ട് അസാധുവാക്കല്‍ നടപടി കനത്ത പ്രഹരമേല്‍പിച്ച സഹകരണമേഖല 50 ദിവസം പിന്നിട്ടിട്ടും പ്രതിസന്ധിയുടെ നടുക്കയത്തില്‍ തന്നെ. ശക്തമായ ബഹുജന പ്രതിഷേധവും പ്രശ്‌നപരിഹാരത്തിന് സംസ്ഥാന നിയമസഭയുടെ ഒറ്റക്കെട്ടായുള്ള ശബ്ദമുയര്‍ത്തലും സുപ്രിം കോടതിയുടെ ഇടപടെലുമൊക്കെയുണ്ടായിട്ടും ഈ മേഖലയിലെ പ്രതിസന്ധി തുടരുകയാണ്. സംസ്ഥാനത്തെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്ന സഹകരണമേഖല താളംതെറ്റിയത് നാട്ടിന്‍പുറങ്ങളിലെ സാമൂഹികജീവിതത്തെ തന്നെ തകിടംമറിച്ചു.
സഹകരണ മേഖലയില്‍ ഒന്നും ശരിയായിട്ടില്ല ഇതുവരെ. പ്രാഥമികതലം മുതലുള്ള സഹകരണ ബാങ്കുകളുടെയെല്ലാം നിലനില്‍പുതന്നെ അപകടാവസ്ഥയിലാണ്. സംസ്ഥാനത്തെ സഹരണബാങ്കുകളുടെ കൈവശമിരിക്കുന്ന പണത്തിന്റെ അളവില്‍ ഭീമമായ കുറവാണ് നോട്ട് അസാധുവാക്കലിനു ശേഷം സംഭവിച്ചിരിക്കുന്നത്. പുതിയ നിക്ഷേപങ്ങളുടെ കുറവും നിക്ഷേപച്ചോര്‍ച്ചയും പഴയ നോട്ടുകള്‍ കൈകാര്യം ചെയ്യാനാവാത്ത സാഹചര്യവുമൊക്കെ ചേര്‍ന്നാണ് ഈ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. സഹകരണ ബാങ്കുകളുടെ നിലനില്‍പ് സംബന്ധിച്ചു ഭീതി പടര്‍ന്നതിനാല്‍ പുതിയ നിക്ഷേപം പകുതിയോളം കുറഞ്ഞു.
നേരത്തെ ഉണ്ടായിരുന്ന നിക്ഷേപകരില്‍ വലിയൊരു വിഭാഗം അവരുടെ നിക്ഷേപം പൊതുമേഖലാ ബാങ്കുകളിലേക്കും ന്യൂ ജനറേഷന്‍ ബാങ്കുകളിലേക്കും മാറ്റിയിട്ടുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപം ചെക്ക് വഴി മറ്റു ബാങ്കുകളിലേക്ക് മാറ്റാനും അവിടെ നിന്ന് കൂടുതല്‍ തുക പിന്‍വലിക്കാനുമുള്ള സൗകര്യം ഉപയോഗപ്പെടുത്തുകയായിരുന്നു അവര്‍. സാമ്പത്തിക ഭദ്രതയിയില്‍ സംഭവിച്ച ഈ കുറവ് സഹകരണ ബാങ്കുകളുടെ ഭാവിക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.
പ്രാഥമിക സഹകരണ ബാങ്കുകളാണ് ഏറ്റവും കടുത്ത ഭീഷണി നേരിടുന്നത്. പണമിടപാടിന്റെ കാര്യത്തില്‍ വ്യക്തികളുടെ പദവിയാണ് റിസര്‍വ് ബാങ്ക് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത് എന്നതിനാല്‍ ഇവര്‍ക്ക് മറ്റു ബാങ്കുകളിലുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്നത് 24,000 രൂപയും കറന്റ് അക്കൗണ്ടില്‍ നിന്ന് 50,000 രൂപയും മാത്രമാണ്.
ഇത്തരം ബാങ്കുകള്‍ക്ക് നാലോ അഞ്ചോ അക്കൗണ്ടുണ്ടാകുമെങ്കിലും ആകെ കിട്ടുന്നതും ഒന്നിനും തികയില്ല. പണം നിക്ഷേപിച്ചവര്‍ക്ക് ഇവിടെ നിന്ന് പരിമിതമായ തുകയാണ് പിന്‍വലിക്കാനാവുന്നത്. ധനക്കമ്മി മൂലം വായ്പ നല്‍കാനാവാത്ത അവസ്ഥയും. ഇത് ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധിയും ഗുരുതരമാണ്. ബാങ്കില്‍ പണമുള്ളവര്‍ക്ക് അത് തിരിച്ചെടുക്കാനോ അതുകൊണ്ട് അത്യാവശ്യ കാര്യങ്ങള്‍ നടത്താനോ ആവാത്ത അവസ്ഥ. അത്യാവശ്യത്തിന് സ്വര്‍ണ ഉരുപ്പടികളോ വസ്തുരേഖകളോ വച്ച് വായ്പയെടുക്കാനാവാത്ത കൂനിന്‍മേല്‍ കുരു വേറെയും. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അവരുടെ മറ്റു ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ആവശ്യത്തിനു പണമെടുക്കാന്‍ അനുമതിയുണ്ടെങ്കിലും നോട്ടു ലഭ്യതക്കുറവു കാരണം ആവശ്യത്തിനു പണം കിട്ടുന്നില്ല. അതുകൊണ്ട് അവിടെയും ഒട്ടും ഭദ്രമല്ല കാര്യങ്ങള്‍.
സംസ്ഥാനത്ത് മൊത്തം 11,908 സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ വലിയൊരു വിഭാഗം സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവയുള്‍പ്പെട്ട ത്രിതല സഹകരണ ബാങ്കിങ് മേഖലയാണ്.
നോട്ട് നിരോധനത്തിനു മുന്‍പ് 1.50 ലക്ഷം കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷം കോടി രൂപയുടെ വായ്പയുമുണ്ടായിരുന്ന ഈ മേഖല സംസ്ഥാനത്തെ ഗ്രാമീണ സാമ്പത്തികമേഖലയുടെ നട്ടെല്ലായി നിലകൊള്ളുന്ന ഘട്ടത്തിലാണ് നോട്ട് നിരോധനം എല്ലാം തകിടംമറിച്ചത്. ഈ സ്ഥാപനങ്ങളില്‍ നേരിട്ടും അനുബന്ധമായും തൊഴില്‍ ചെയ്തു ജീവിച്ചിരുന്നവരുടെ നിത്യജീവിതവും ഇതോടെ താളംതെറ്റിയിരിക്കുകയാണ്. പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിത്യപ്പിരിവ് ജോലി ചെയ്യുന്ന കലക്ഷന്‍ ഏജന്റുമാര്‍ പതിനായിരക്കണക്കില്‍ വരും. നോട്ട് പ്രതിസന്ധി തുടങ്ങിയ ശേഷം ഇവരുടെ വരുമാനം 40 ശതമാനമായാണ് കുറഞ്ഞത്. ഈ സ്ഥാപനങ്ങളില്‍ നിത്യവേതനത്തിനു ജോലി ചെയ്യുന്നവരുടെ ഭാവിയും ഭീഷണിയിലാണ്.
ത്രിതല ബാങ്കുകള്‍ക്കു പുറമെ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്ന 675 നീതി സ്റ്റോറുകള്‍, 600 നീതി മെഡിക്കല്‍ സ്റ്റോറുകള്‍, 60 കര്‍ഷക സേവനകേന്ദ്രങ്ങള്‍, ജൈവ കാര്‍ഷികോല്‍പന്ന വിപണനം നടത്തുന്ന നിരവധി സുവര്‍ണം ഷോപ്പുകള്‍, മെഡിക്കല്‍ ലാബുകള്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍, ഓഡിറ്റോറിയങ്ങല്‍, ആംബുലന്‍സ്- മെഡിക്കല്‍ സര്‍വീസുകള്‍, ലൈബ്രറികള്‍, കൃഷി- ഡയറി ഫാമുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. സഹകരണ ബാങ്കുകള്‍ക്ക് അനുബന്ധമായോ അവയുമായുള്ള ഇടപാടുകളെ ആശ്രയിച്ചോ നിലകൊള്ളുന്ന ഇവയുടെയൊക്കെ പ്രവര്‍ത്തനം അവതാളത്തിലാണ്. ഒപ്പം ഇവിടങ്ങളില്‍ വളരെ കുറഞ്ഞ പ്രതിഫലം പറ്റി ജോലി ചെയ്യുന്നവരുടെ ജീവിതവും.
പുതിയ ഓര്‍ഡിനന്‍സ്
നിയമവിരുദ്ധം
അസാധുവാക്കിയ 500,1000 രൂപ നോട്ടുകള്‍ 2017 മാര്‍ച്ച് 31ന് ശേഷം കൈവശംവയ്ക്കുന്നവര്‍ക്ക് പിഴയും തടവുശിക്ഷയും നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. നോട്ടുനിരോധനത്തിലൂടെ ജനങ്ങളുടെ മേല്‍ വന്‍ ആഘാതമേല്‍പ്പിച്ച പ്രധാനമന്ത്രി ജാള്യത ഒഴിവാക്കാനാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. വീണ്ടുവിചാരമില്ലാത്ത നടപടി ലക്ഷ്യം കാണാതിരുന്നിട്ടും വീണ്ടും ജനങ്ങളെ ശിക്ഷിക്കുകയാണ്.
നോട്ട് പിന്‍വലിക്കലിലൂടെ മൂന്നുലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായി. എന്നാല്‍, എത്ര കള്ളപ്പണംപിടിച്ചു, എന്ത് നേട്ടമുണ്ടായി എന്നു പറയാന്‍ പ്രധാനമന്ത്രി തയാറാകണം. പണമെടുക്കാന്‍ ബാങ്കിന് മുന്നില്‍ ക്യൂനിന്ന് മരിച്ച ഇരുനൂറോളം പേരുടെ ജീവിതത്തിന് വിലയിടാനാകുമോയെന്നും തോമസ് ഐസക് ചോദിച്ചു. കളളപ്പണം പിടിക്കാന്‍ പൊടുന്നനെ നോട്ട് റദ്ദാക്കേണ്ടതില്ല.
മുതലാളിമാര്‍ കേന്ദ്ര സര്‍ക്കാരിനെ ബന്ദിയാക്കിയിരിക്കയാണ്. റേഷന്‍ വിതരണത്തിന് മൊത്തവ്യാപാരികള്‍ ഇനിയുണ്ടാകില്ല. തൊഴിലാളികളുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. റേഷന്‍ പ്രതിസന്ധിക്ക് കാരണം യു.ഡി.എഫ് സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."