വയനാട്ടില്‍ കടുവകളുടെ വംശ വര്‍ധനവ് ത്വരിതഗതിയില്‍
കല്‍പ്പറ്റ: വയനാടന്‍ വനം കടുവകളുടെ പ്രധാന ആവാസ കേന്ദ്രമാകുന്നു. അനുയോജ്യമായ ആവാസ വ്യവസ്ഥയും ഇരമൃഗങ്ങളുടെ വര്‍ധനവുമാണ് വയനാടന്‍ കാടുകളില്‍ കടുവകളുടെ എണ്ണം കൂട്ടുന്നത്.
വയനാട്ടില്‍ കടുവകളുടെ വംശവര്‍ധനവ് ത്വരിതഗതിയില്‍ നടക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് ആകെയുള്ള 136 കടുവകളില്‍ 66 എണ്ണവും വയനാടന്‍ വനത്തിലാണുള്ളത്. പത്ത് വര്‍ഷം മുമ്പ് 30 കടുവകളാണുണ്ടായിരുന്നത്. രാജ്യത്തെ മറ്റു കടുവാ കാടുകളില്‍ നിന്നും വയനാടന്‍ ഭൂപ്രകൃതി വ്യത്യസ്തമാണെന്ന് നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി കണ്ടെത്തിയിരുന്നു. ഈ പ്രത്യേകത വയനാട് വനത്തോട് അതിരു പങ്കിടുന്ന കര്‍ണാടകയുടെ ബന്ദിപ്പൂര്‍ വനത്തിനോ, തമിഴ്‌നാട്ടിലെ മുതുമല വനത്തിനോയി ഇല്ല. വയനാടന്‍ വനങ്ങളില്‍ ഏറിയ പങ്കും നിത്യഹരിത വനങ്ങളാണ്.
മഴയില്ലാത്ത വരള്‍ച്ചാ കാലത്തും കാട്ടില്‍ കുടിവെള്ളവും മിതശീതോഷ്ണ കാലാവസ്ഥയും അനുഭവപ്പെടുന്നു. കടുവകള്‍ക്ക് കൃത്യമായി വിഹരിക്കാന്‍ നിശ്ചിത ദൂരത്തിലുള്ള വന പ്രദേശം ആവശ്യമാണെന്ന ധാരണയും വയനാട്ടില്‍ തിരുത്തിയിട്ടുണ്ട്. കടുവകളുടെ ആവാസ ഭൂമിക്കടുത്ത് മറ്റു കടുവകളും വന്ന് താവളമുറപ്പിക്കുന്ന പ്രത്യേകത വയനാട്ടില്‍ കാണുന്നു. ദേശീയ തലത്തില്‍ കടുവകളുടെ വംശവര്‍ധനവില്‍ വയനാട് പ്രത്യേകം ശ്രദ്ധനേടിയ ഇടമായി മാറി. ഈ വര്‍ഷം കടുവകളുടെ കണക്കെടുപ്പ് നടത്താന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര വനം വന്യജീവി വകുപ്പ് കഴിഞ്ഞവര്‍ഷം രാജ്യത്തെ നാല് മേഖലകളാക്കി തിരിച്ച് നടത്തിയ സര്‍വെയില്‍ രാജ്യത്ത് കടുവകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ വനങ്ങളിലാകെ 2226 കടുവകളെ സര്‍വേയില്‍ കണ്ടെത്തി. 2006ലെ സര്‍വേയില്‍ 1411ഉം 2010ല്‍ നടന്ന സര്‍വേയില്‍ 1706ഉം കടുവകളെയുമായിരുന്നു കണ്ടെത്തിയിരുന്നത്. രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത് പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടുന്ന കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ്.
കേരളത്തില്‍ 2010ല്‍ 76 കടുവകളുണ്ടായിരുന്നത് 2014ല്‍ 136 ആയി പെരുകി. 2010ല്‍ കര്‍ണാടക വനങ്ങളില്‍ 300 കടുകളുണ്ടായിരുന്നത് 2014ലെ സര്‍വേയില്‍ 406 ആയി. തമിഴ്‌നാട്ടില്‍ 2010ല്‍ 163 കടുവകളെയാണ് കണ്ടെത്തിയത്. 2014ലെ സര്‍വേയില്‍ ഇത് 229 ആയി ഉയര്‍ന്നു ഗോവയില്‍ 2010ലെ സര്‍വെയില്‍ ഒരു കടുവയെ പോലും കണ്ടെത്താനായില്ല. 2014ല്‍ അഞ്ച് കടുവകളെയാണ് ഗോവയിലെ വനങ്ങളില്‍ കണ്ടെത്തിയിരുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ടൈഗര്‍ റിസര്‍വായി തെരഞ്ഞെടുക്കപ്പെട്ട പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ 29 കടുവയുണ്ടെന്നാണ് കണക്ക്. പറമ്പിക്കുളത്ത് 31 കടുകളെ കണ്ടെത്തി. 285 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന്റെ വിസ്തൃതി. പെരിയാര്‍ ടൈഗര്‍ റിസര്‍വ് 925 ചതുരശ്ര കിലോമീറ്ററാണ്. പശ്ചിമഘട്ട മലനിരകള്‍ കടുവകളുടെ ആവാസ വ്യവസ്ഥയ്ക്ക് ഏറ്റവും അനുകൂലമെന്നാണ് പഠനങ്ങള്‍. രാജ്യത്ത് സംസ്ഥാനാടിസ്ഥാനത്തില്‍ കടുവകളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ കര്‍ണാടകയാണ്. ഉത്തരാഖണ്ഡില്‍ 340ഉം മധ്യപ്രദേശില്‍ 308ഉം മഹാരാഷ്ട്രയില്‍ 190ഉം അസമില്‍ 167ഉം കടുവകളുണ്ടെന്നാണ് സംസ്ഥാനം തിരിച്ചുള്ള കണക്ക്. വയനാട് വന്യജീവി സങ്കേതത്തില്‍പ്പെട്ട തോല്‍പ്പെട്ടി, കുറിച്യാട്, മുത്തങ്ങ റെയ്ഞ്ചുകളില്‍ കടുവകളുടെ സാന്നിധ്യം എല്ലാ കാലത്തും ഉണ്ടെന്ന് മുമ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."