വിടവാങ്ങിയത് ഗെയില്‍ വിരുദ്ധ ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളി
താമരശേരി: സാധാരണക്കാരുടെ കിടപ്പാടം നഷ്ടപ്പെടുത്തി സ്ഥാപിക്കുന്ന ഗെയില്‍ വാതക പൈപ്പ്‌ലൈനിനെതിരേയുള്ള ജനകീയപ്രതിരോധത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന അഡ്വ. ഷാജിയുടെ ആകസ്മിക വിയോഗത്തില്‍ സ്തബ്ധരായി നാട്ടുകാര്‍. വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനായി ഗെയില്‍ കമ്പനി ഏകപക്ഷീയമായി ആരംഭിച്ച സര്‍വേ നടപടികളില്‍ നാട്ടുകാര്‍ ആശങ്കയിലായിരിക്കെയാണ് അഡ്വ. ഷാജി നിയമത്തിന്റെ വഴികളിലൂടെയുള്ള പ്രതിരോധത്തിനു നേതൃത്വം നല്‍കിയത്. ഇതു പ്രത്യക്ഷ പ്രക്ഷോഭത്തിനിറങ്ങാന്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയായിരുന്നു.
പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ സ്ഥലവും വീടും നഷ്ടപ്പെടുന്നവരെ സംഘടിപ്പിച്ച് ജനകീയ പ്രതിരോധ കമ്മിറ്റികള്‍ രൂപീകരിക്കാനും ഷാജി മുന്നിട്ടിറങ്ങി. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന അനുരജ്ഞന ചര്‍ച്ചയില്‍ ജനകീയ കമ്മിറ്റികളെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഷാജി, ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി മാത്രമേ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കൂവെന്നു വ്യക്തമാക്കിയതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് സര്‍വേക്ക് സ്റ്റേ വാങ്ങിയതും ഷാജിയുടെ നേതൃത്വത്തിലാണ്. പദ്ധതിക്കെതിരേ ജനങ്ങളെ സംഘടിപ്പിക്കാനും പ്രതിരോധ രംഗത്ത് നിലയുറപ്പിക്കാനുമായി നടത്തിയ ആത്മാര്‍ഥപ്രവര്‍ത്തനങ്ങളാണ് ഷാജിയെ നാട്ടുകാര്‍ക്കിടയില്‍ പൊതുസമ്മതനാക്കിയത്.
ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ വിരുദ്ധ സമരത്തിനു വന്‍നഷ്ടമായിരിക്കും ഷാജിയുടെ വിയോഗം വരുത്തിവയ്ക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം ഗെയില്‍വിരുദ്ധ സമരത്തിനു വേണ്ട നിയമോപദേശങ്ങള്‍ നല്‍കുകയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ഗ്യാസ് പൈപ്പ്‌ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കണ്‍വീനറായിരുന്ന ഷാജി ചൊവ്വാഴ്ച രാവിലെ പത്തിന് ലക്ഷദ്വീപിലെ ചെറിയം ദ്വീപില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിമരിക്കുകയായിരുന്നു. ജോലി ആവശ്യാര്‍ഥം ആന്ത്രോത്ത് കോടതിയില്‍ എത്തിയതായിരുന്നു അദ്ദേഹം. കോഴിക്കോട് താമരശേരി ബാറിലെ അഭിഭാഷകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."