സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാവുന്നു
കാക്കനാട്: നിര്‍ദിഷ്ട കിഴക്കമ്പലംമാഞ്ചേരിക്കുഴി പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാവുന്നു. ഭൂരിഭാഗം ഉടമസ്ഥരും സ്ഥലം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെ വില ജില്ലാ ഭരണകൂടം നിര്‍ണയിച്ചു കഴിഞ്ഞു.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പര്‍ച്ചേസ് സമിതി സ്ഥലമുടമകളുമായി ചര്‍ച്ച നടത്തിയാണ് അന്തിമ വില നിര്‍ണയിച്ചിരിക്കുന്നത്.
കാക്കനാട്, കുന്നത്തുനാട് എന്നീ വില്ലേജുകളിലെ വില നിര്‍ണയമാണ് നടത്തിയത്. ഒന്നേക്കാല്‍ ലക്ഷം മുതല്‍ രണ്ടേമുക്കാല്‍ ലക്ഷം വരെ സെന്റിന് നല്‍കാനാണു ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയുടെ തീരുമാനം. സ്ഥലവില നിര്‍ണയിച്ച റിപ്പോര്‍ട്ട് സംസ്ഥാനതല പര്‍ച്ചേയ്‌സിങ് കമ്മിറ്റി അംഗീകരിച്ചാല്‍ ഉടന്‍ തന്നെ വില നല്‍കി സ്ഥലം ഏറ്റെടുത്തു തുടങ്ങും. പാലത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. 125 സെന്റോളം സ്ഥലമാണ് രണ്ടു വില്ലേജുകളില്‍ നിന്നും ഏറ്റെടുക്കുന്നത്. ഇവിടങ്ങളില്‍ ക്രയവിക്രയവും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.
മാഞ്ചേരിക്കുഴി പാലം നിര്‍മാണത്തിനും സ്ഥലമെടുപ്പിനും പിഡബ്ല്യുഡി, റവന്യു എന്നിവിടങ്ങളില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറെ മോറക്കാലയും തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ ഇടച്ചിറയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് മാഞ്ചേരിക്കുഴി പാലം.
പ്രദേശത്ത് പാലം നിര്‍മിക്കണമെന്നത് വര്‍ഷങ്ങളായിട്ടുള്ള നാട്ടുകാരുടെ ആവശ്യമാണ്. 1970 ല്‍ നിയമസഭയില്‍ മാഞ്ചേരിക്കുഴി പാലം നിര്‍മിക്കാന്‍ അനുമതി നല്‍കി മന്ത്രി പ്രസ്താവന നടത്തിയെങ്കിലും പക്ഷെ പാലം പണിതത് മനയ്ക്കക്കടവിലായിരുന്നു. തുടര്‍ന്ന് 1999ല്‍ പാലം പണിയുടെ കാര്യത്തില്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഇടപ്പള്ളി ബ്ലോക്കും വടവുകോട് ബ്ലോക്കും കൂടി നബാര്‍ഡിന്റെ സഹായത്തോടെ പാലം പണിക്കുള്ള നടപടി പൂര്‍ത്തിയാക്കി ടെന്‍ഡര്‍ വിളിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പണി നിര്‍ത്തിവയ്ക്കുകയാണുണ്ടായത്.
മാഞ്ചേരിക്കുഴി പാലം യാഥാര്‍ഥ്യമായാല്‍ വന്‍ വികസന സാധ്യതകളൊടൊപ്പം സ്മാര്‍ട്ട്‌സിറ്റി, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള ദൂരം ആറു കിലോമീറ്റര്‍ വരെ കുറയും.
പള്ളിക്കരയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് കളക്ടറേറ്റിലേക്ക്. പാലം വന്നാല്‍ ഇതു ആറു കിലോമീറ്ററായി ചുരുങ്ങും. ഇതുവഴി കൂടുതല്‍ ബസ്‌റൂട്ടുകള്‍ അനുവദിക്കുമ്പോള്‍ മേഖലയുടെ വികസനവും കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കു ജില്ലാ ആസ്ഥാനത്ത് എത്തിച്ചേരാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."