കോണ്‍ഗ്രസ് നേതാവിന്റെ വീട് ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു
പള്ളുരുത്തി: മുന്‍ നഗരസഭാംഗവും പ്രമുഖ വ്യവസായിയുമായിരുന്ന പരേതനായ വി.എച്ച്.എം റഫീഖിന്റെ വീട് ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം.
പള്ളുരുത്തി മധുരക്കമ്പിനി ജംങ്ഷനിലുള്ള ഏഴായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഇരുനില മാളികയാണ് അഗ്‌നിക്കിരയായത്. സമീപത്തെ വീട്ടുകാരാണ് തീ പടരുന്നത് കാണുന്നത്. ഇവര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.
കൂറ്റന്‍ വീടിന്റെ പാതി ഭാഗവും അഗ്‌നിക്കിരയായി വീട്ടിലെ ഫര്‍ണ്ണീച്ചറുകളും, അലമാര, വിവിധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ടി.വി, ഫ്രിഡ്ജ്, എയര്‍ ക്കണ്ടീഷനുകള്‍, ഫാനുകള്‍ തേക്കില്‍ തീര്‍ത്ത പാനലിങുകള്‍ എല്ലാം കത്തിയമര്‍ന്നു. പത്തു ലക്ഷത്തിനു മേല്‍ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. അത്യാഹിതം നടക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. റഫീഖിന്റെ മകനും കുടുംബവും നിലവില്‍ കാക്കനാട്ടാണ് താമസം.
വീട് മെയിന്റനന്‍സ് വര്‍ക്ക് നടന്നു വരികയാണ്. സെക്യൂരിറ്റിക്കാരന്‍ കത്തിച്ച കൊതുകുതിരിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. റഫീക്കിന്റെ മകന്‍ റെനീഷിന്റെ ഉടമസ്ഥതയിലാണ് കത്തി നശിച്ച വീട്. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ അഞ്ചു ഫയര്‍യൂനിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരും പള്ളുരുത്തി പൊലിസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."