സ്‌കൂളുകളിലും പരിസരങ്ങളിലും പരിശോധന ഊര്‍ജിതമാക്കി
പാലക്കാട്: ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കഞ്ചാവുള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി വിവിധ വകുപ്പു ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. പി.ടി.എ - എന്‍.എസ്.എസ്-എന്‍.സി.സി - സ്റ്റുഡന്റ് പൊലീസ് കെഡറ്റ്‌സ് എന്നിവരുടെ സഹകരണത്തോടെ സ്‌കൂളുകളിലും പരിസര പ്രദേശങ്ങളിലും ശക്തമായ പരിശോധന നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന കടകളുടെ ലൈസന്‍സ് ഡ്രഗ്‌സ് ആന്‍ഡ് ഒഫന്‍സീവ് ട്രെയ്ഡ് ആക്റ്റ് പ്രകാരം റദ്ദ് ചെയ്യാന്‍ പഞ്ചായത്തുകളോട് ആവശ്യപ്പെടും. ലഹരി ഉപയോഗം റിപ്പോര്‍ട്ടു ചെയ്ത സ്‌കൂളുകളില്‍ കലക്ടര്‍ നേരിട്ടെത്തി ജനപ്രതിനിധികളുടെയും സ്‌കൂള്‍ അധികൃതരുടെയും യോഗം ചേരും.
ഒരു കിലോയില്‍ താഴെ കഞ്ചാവ് വില്‍ക്കുന്നവര്‍ക്കെതിരേ ചെറിയ ശിക്ഷയാണ് നിലവിലുള്ളത്. കടുത്ത ശിക്ഷ നല്‍കുന്നതിനായി കലക്ടര്‍ നിയമഭേദഗതിക്ക് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. മരുന്നു കടകളില്‍ ഡോക്ടറുടെ കുറിപ്പില്ലാതെ നര്‍ക്കോട്ടിക് മരുന്നുകള്‍ വില്പന നടത്താന്‍ പാടില്ല.
ഈ കാര്യം കര്‍ശനമായി നിരീക്ഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നിര്‍ദേശം നല്‍കി. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും വിപുലപ്പെടുത്തി പരിശോധന ശക്താക്കാനും യോഗത്തില്‍ തീരുമാനമായി. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം. ജെ സോജന്‍, അസി. എക്‌സൈസ് കമ്മീഷണര്‍ എം. എസ് വിജയന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശ്രീനിവാസന്‍, ഫാ. ജോസ് പോള്‍, വി.പി. കുര്യാക്കോസ്, കെ. ആനന്ദന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."