ബി.സി.ഡി.സി എക്‌സ്‌പോ-നൂറില്‍പരം സ്റ്റാളുകള്‍
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ പാലക്കാട് കോട്ടമൈതാനത്ത് നടത്തുന്ന പ്രദര്‍ശന വിപണന മേളയില്‍ (ബി.സി.ഡി.സി. എക്‌സ്‌പോ)ഇന്നലെ നടന്ന സാംസ്‌കാരിക സായാഹ്ന സദസില്‍ മുകേഷ് റാഫിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി തൃശൂര്‍ ആലാപ് അവതരിപ്പിച്ച സംഗീത നിശ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ മുഖ്യാതിഥിയായി. ഇന്ന് വൈകിട്ട് 5.30ന് കേരള കലാമണ്ഡലം നര്‍ത്തകര്‍ നൃത്തമഞ്ജരി അവതരിപ്പിക്കും. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുക്കും. വരും ദിവസങ്ങളില്‍ ആസ്വാദകര്‍ക്കായി വില്‍കലാമേള, പൂരക്കളി, പൂതപ്പാട്ട്, പാടുക പാട്ടുകാരാ പരിപാടികള്‍ അവതരിപ്പിക്കും.ബി.സി.ഡി.സി. എക്‌സ്‌പോ വൈവിധ്യമാര്‍ന്ന നൂറില്‍പരം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്്. ഡിസംബര്‍ 26ന് തുടങ്ങി ജനുവരി ഒന്നുവരെ നീണ്ട് നില്‍ക്കുന്ന മേളയുടെ ആദ്യ രണ്ട് ദിവസം വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ബി.സി.ഡി.സിയില്‍നിന്നും വായ്പയെടുത്ത് സ്വയം തൊഴില്‍ തുടങ്ങിയവരുടെ ഉത്പ്പന്നങ്ങളാണ് മേളയിലധികവും.
കൈത്തറിഖാദി തുണിത്തരങ്ങള്‍, വിവിധയിനം കൃഷി വിത്തുകള്‍, ചെടികള്‍, ഈറ്റയിലും മുളയിലും ചകിരിയിലും തീര്‍ത്ത കരകൗശല വസ്തുക്കള്‍, രുചിയൂറുന്ന നാട്ടു വിഭവങ്ങള്‍, തേന്‍ നെല്ലിക്ക, അച്ചാറുകള്‍, ഗൃഹോപകരണങ്ങള്‍, ബാഗുകള്‍, തുകല്‍ ഉത്പന്നങ്ങള്‍,ചുമര്‍ ചിത്രങ്ങള്‍, അനെര്‍ട്ടിന്റെ സൗരോര്‍ജ വിളക്ക്, ആറന്മുള കണ്ണാടി, സുഗന്ധദ്രവ്യങ്ങള്‍, സോപ്പുകള്‍, പ്രകൃതി മരുന്നുകള്‍, വനവിഭവങ്ങള്‍ തുടങ്ങിയവ കോട്ടമൈതാനത്ത് നിര്‍മിച്ച കൂറ്റന്‍ പന്തലിലെ നൂറ് സ്റ്റാളുകളിലായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. മേളയില്‍ വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ക്ക് പൊതുവിപണിയെ അപേക്ഷിച്ച് വിലക്കുറവുണ്ട്. മേളക്കെത്തുന്നവര്‍ക്ക് ഭക്ഷണ വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."