വണ്ണം കുറയ്ക്കുന്നതിനുള്ള ജില്ലയിലെ ആദ്യ സര്‍ജറി; നേട്ടവുമായി അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളജ്
തൊടുപുഴ: വണ്ണം കുറയ്ക്കുന്നതിനുള്ള ജില്ലയിലെ ആദ്യത്തെ ഓപ്പറേഷന്‍ തൊടുപുഴ ഏഴല്ലൂര്‍ അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വിജയകരമായി നടത്തിയതായി ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 150 കിലേഗ്രാം തൂക്കമുണ്ടായിരുന്ന കോട്ടയം സര്‍ദേശി സന്തോഷ് മാത്യുവിനാണ് ശസ്ത്രക്രിയ നടത്തിയത്.
അമിതാഹാരമായിരുന്നു തൂക്കം വര്‍ധിക്കുന്നതിനുള്ള കാരണം. കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് സന്തോഷ് ആശുപത്രിയിലെത്തിയത്. നെഞ്ചുവേദനയും ചുമയുമായിരുന്നു രോഗലക്ഷണം. നിര്‍ത്താത്ത ചുമയ്ക്കുള്ള കാരണം അമിതവണ്ണംമൂലം ശ്വാസകോശത്തിനുണ്ടായ പ്രശ്‌നമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് സര്‍ജറി നിര്‍ദേശിക്കുകയും ഫെബ്രുവരി 15ന് അത് നടത്തുകയും ചെയ്തു.
ആറ് മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലുടെ വയറിനുള്ളില്‍ കെട്ടിക്കിടന്ന അമിതഭാരമുള്ള മാംസക്കഷണങ്ങള്‍ നീക്കം ചെയ്തു. അതോടൊപ്പം അമിതാഹാരത്തിന് കാരണമാകുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനവും തടഞ്ഞു.
ഇപ്പോള്‍ ഭാരം 80 കിലോഗ്രാം. സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് പ്രൊഫ. ഇ.ജെ സാമുവല്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. റോബിന്‍സണ്‍ ജോര്‍ജ്, അനസ്‌തേഷ്യോളജിസ്റ്റ് ഡോ. പ്രിന്‍സ് തോമസ്, ഡോ. ബി. നബീല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. കേരളത്തില്‍ വിവിധ ആശുപത്രികളില്‍ മൂന്നുമുതല്‍ അഞ്ചുലക്ഷം വരെ ഇത്തരം സര്‍ജറികള്‍ക്ക് ഈടാക്കുമ്പാള്‍ അല്‍-അസ്ഹറില്‍ രണ്ടുലക്ഷം രൂപയ്ക്കാണ് സര്‍ജറി നടത്തിയത്.
വാര്‍ത്താസമ്മേളനത്തില്‍ മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. റോബിന്‍സണ്‍ ജോര്‍ജ്, ഡോ. റിജു ജോസഫ് പോള്‍, ഡോ. പ്രീതി പ്രകാശ്, അല്‍ അസ്ഹര്‍ കോളജ് എച്ച് ആര്‍ മാനേജര്‍ സിയാദ് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."