സോളാര്‍ ബോട്ട് തയാര്‍; ട്രയല്‍ സര്‍വീസ് ജനുവരി ഒന്നിന്
വൈക്കം: കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലപാതയില്‍ സര്‍വീസ് ആരംഭിക്കുന്ന സോളാര്‍ ബോട്ടിന്റെ ട്രയല്‍ ജനുവരി ഒന്നിന് തുടങ്ങും. വൈക്കം-തവണക്കടവ് ഫെറിയിലാണ് സോളാര്‍ ബോട്ടിന്റെ കന്നിയാത്ര. ബോട്ടിന്റെ ട്രയല്‍ സര്‍വീസിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും ബോട്ട് ജീവനക്കാരുമായുള്ള ചര്‍ച്ചയ്ക്കുമായി നവാള്‍ട്ട് കമ്പനി സി.ഇ.ഒ സന്ദിത്ത് വൈക്കത്തെത്തി.
കായലും നിലവിലുള്ള ബോട്ടുജെട്ടിപരിസരവും പരിശോധിച്ച അദ്ദേഹം കായലിന്റെ ദൂരവും വൈക്കത്തിന്റെ ചരിത്രഭൂമികയും പശ്ചാത്തല സൗകര്യവും ക്യാമറയില്‍ പകര്‍ത്തി. സോളാര്‍ ബോട്ടില്‍ യാത്രക്കാര്‍ക്ക് കയറുന്നതിന് ആവശ്യമായ ഫ്‌ളോട്ടിംഗ് ജെട്ടി സംവിധാനം കമ്പനിയുടെ മേല്‍നോട്ടത്തിലാണ് ഒരുക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ദിവസവും സോളാര്‍ ബോട്ട് വൈക്കം-തവണക്കടവ് റൂട്ടില്‍ സര്‍വീസ് നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തും. പുതിയ ഫ്‌ളോട്ടിങ് ജെട്ടി വരുന്നതുവരെ കമ്പനിയുടെ ജെട്ടിയായിരിക്കും ഉപയോഗിക്കുക.
20 എച്ച്.പി സോളാര്‍ പാനലാണ് ബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത്.
വൈക്കത്തുനിന്നും തവണക്കടവിലേക്ക് അഞ്ച് യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ജെട്ടിയും പരിസരവും വൈദ്യുതീകരിക്കുന്നതിനായി നിലവിലുള്ള ടു ഫേസ് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി ത്രീഫേസ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കേണ്ടി വരും. ജനുവരി 12നാണ് വൈക്കം-തവണക്കടവ് റൂട്ടില്‍ സോളാര്‍ ബോട്ടിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായി ജലഗതാഗതവകുപ്പ് ആരംഭിക്കുന്ന ഈ പരീക്ഷണ സോളാര്‍ സര്‍വീസ് ബോട്ട് ഭാവിയില്‍ കേരളത്തിലെ എല്ലാ ജെട്ടികള്‍ക്കും ഉപയുക്തമാകുന്നതിന്റെ തുടക്കമാണ് വൈക്കത്ത് നിന്നാരംഭിക്കുന്ന ഈ സര്‍വീസ്.
അരൂരിലെ ജലഗതാഗത വകുപ്പിന്റെ യാര്‍ഡിനുസമീപമുള്ള കായലില്‍ ബോട്ട് നടത്തിയ പരീക്ഷണഓട്ടം വിജയകരമായിരുന്നു. രണ്ട് വര്‍ഷമെടുത്താണ് സോളാര്‍ ബോട്ട് നിര്‍മിച്ചത്. വൈക്കം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുവാനുള്ള പുതിയ എ.സി സൂപ്പര്‍ ഫാസ്റ്റ് ബോട്ടിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."