അട്ടിമറിക്കൂലി: എഫ്.സി.ഐയില്‍ സമരം ചെയ്ത തൊഴിലാളികളെ കൂട്ടത്തോടെ സ്ഥലം മാറ്റി
ആലപ്പുഴ: അട്ടിമറിക്കൂലി ആവശ്യപ്പെട്ട് സമരം ചെയ്ത ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിലെ 49 ചുമട്ട് തൊഴിലാളികളെ കൊല്ലം എഫ്.സി.ഐ ഡിപ്പോയിലേക്ക് സ്ഥലം മാറ്റി. ഇതോടെ തൊഴിലാളികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയുടെ വഴിയടഞ്ഞു. എഫ്.സി.ഐ വര്‍ക്കേഴ്‌സ് യൂനിയനില്‍പ്പെട്ട 49 തൊഴിലാളികളെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എഫ്.സി.ഐ ഏരിയാ മാനേജര്‍ കൊല്ലത്തേക്ക് സ്ഥലം മാറ്റിയത്. പകരം സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി തൊഴിലാളി സംഘടനയില്‍പ്പെട്ട 60 താല്‍ക്കാലിക ചുമട്ട് തൊഴിലാളികളെ നിയോഗിച്ചു.
ഇന്നലെ രാവിലെ എഫ്.സി.ഐയില്‍ ജോലിക്കായി എത്തിയ 49 തൊഴിലാളികളെ ആലപ്പുഴ ഡിവൈ.എസ്.പി എം. ഇ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തടഞ്ഞു. പിന്നീട് തൊഴിലാളികളെ കൂട്ടത്തോടെ സ്ഥലം മാറ്റിയതായുള്ള സര്‍ക്കാര്‍ ഉത്തരവും എഫ്.സി.ഐ ഗോഡൗണ്‍ ഉദ്യോഗസ്ഥര്‍ നോട്ടിസ് ബോര്‍ഡില്‍ പതിപ്പിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തൊഴിലാളികളെ പൊലിസ് എഫ്.സി.ഐ വളപ്പില്‍ നിന്ന് മാറ്റുകയും ചെയ്തു. എന്നാല്‍ കൊല്ലത്തേക്ക് പോകാനുള്ള ഉത്തരവ് കൈപ്പറ്റാന്‍ കൂട്ടാക്കാതിരുന്ന തൊഴിലാളികള്‍ പ്രവേശനകവാടത്തിന് സമീപം നിലയുറപ്പിച്ചു.
ഭാരിച്ച യാത്രാക്കൂലി അടക്കമുള്ളവ നല്‍കി കൊല്ലത്തേക്ക് പോകാന്‍ കഴിയില്ലെന്നും ഭക്ഷ്യധാന്യങ്ങള്‍ ലോറികളില്‍ കയറ്റാന്‍ ഇപ്പോഴും തങ്ങള്‍ സന്നദ്ധരാണെന്നും തൊഴിലാളികള്‍ അറിയിച്ചു.
സമരത്തിനിടയിലും 414 ലോഡുകള്‍ ഇതുവരെ കയറ്റി അയച്ചതായും ഇവര്‍ അവകാശപ്പെട്ടു. നടപടി സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമസഹായം തേടാനാണ് സ്ഥലംമാറ്റിയ തൊഴിലാളികളുടെ അടുത്ത നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."