നേര്യമംഗലം പവര്‍ ഹൗസിന് ഐ.എസ്.ഒ അംഗീകാരം
തൊടുപുഴ: മുതിരപ്പുഴ നദീതടത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ നേര്യമംഗലം പവര്‍ ഹൗസിന് ഐ.എസ്.ഒ അംഗീകാരം. 1961 ജനുവരി 27 ന് കമ്മിഷന്‍ ചെയ്ത പദ്ധതിയുടെ പ്രവര്‍ത്തന മികവാണ് ഐ.എസ്.ഒ അംഗീകാരത്തിലെത്തിച്ചത്. നേര്യമംഗലം - നേര്യമംഗലം എക്‌സ്‌റ്റെന്‍ഷന്‍ വൈദ്യുതി നിലയങ്ങളുടെ നിലവിലെ ശേഷി 77.65 മെഗാവാട്ടാണ്. ആദ്യഘട്ടത്തില്‍ നേര്യമംഗലം നിലയത്തില്‍ 15 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് സ്ഥാപിച്ചത്. 45 മെഗാവാട്ടായിരുന്നു പൂര്‍ണ ഉല്‍പാദനശേഷി. പിന്നീട് 2004 ല്‍ നടത്തിയ നവീകരണത്തില്‍ പവര്‍ ഹൗസിന്റെ ശേഷി 52.65 മെഗാവാട്ടായി ഉയര്‍ന്നു. പഴയ പവര്‍ ഹൗസിനോട് ചേര്‍ന്ന് 2008 മെയ് 25 ന് 25 മെഗാവാട്ട് ശേഷിയുള്ള നേര്യമംഗലം എക്‌സ്‌റ്റെന്‍ഷന്‍ നിലയം കൂടി സ്ഥാപിച്ചതോടെ പവര്‍ ഹൗസിന്റെ ശേഷി 77.65 മെഗാവാട്ടായി ഉയരുകയായിരുന്നു.
കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്നും നേര്യമംഗലം പവര്‍ ഹൗസിലേക്ക് സര്‍ജില്‍ എത്തുന്ന വെള്ളം അവിടെ നിന്നും 2.2 മീറ്റര്‍ വ്യാസമുള്ള പെന്‍സ്റ്റോക്ക് പൈപ്പിലൂടെ പനംകുട്ടിയില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഇങ്ങനെ കല്ലാര്‍കുട്ടി ഡാമില്‍നിന്നും പാഴാകുന്ന വെള്ളം ഉപയോഗപ്പെടുത്താനാണ് എക്‌സ്റ്റെന്‍ഷന്‍ നിലയം സ്ഥാപിച്ചത്. നേര്യമംഗലം നിലയത്തോട് ചേര്‍ന്നുതന്നെയാണ് എക്‌സ്റ്റെന്‍ഷന്‍ നിലയത്തിന്റെ സ്ഥാനം. പ്രതിവര്‍ഷം 583 ലക്ഷം യൂനിറ്റ് വൈദ്യുതി ഇവിടെ നിന്നുമാത്രം ഉല്‍പാദിപ്പിക്കാന്‍ കഴിയും. 28 മാസം കൊണ്ട് പദ്ധതിയുടെ മുടക്കുമുതല്‍ ബോര്‍ഡിന് തിരിച്ചുകിട്ടി. പന്നിയാര്‍, ചെങ്കുളം വൈദ്യുതി നിലയങ്ങളില്‍ നിന്ന് ഉല്‍പാദനത്തിന് ശേഷം പുറന്തള്ളുന്ന വെളളം കല്ലാര്‍കുട്ടി ഡാമിലാണ് എത്തിച്ചേരുന്നത്. ഇവിടെ നിന്നാണ് വെള്ളം 3.8കി. മീ അകലെ സ്ഥിതി ചെയ്യുന്ന നേര്യമംഗലം പവര്‍ ഹൗസില്‍ എത്തിക്കുന്നത്. ഇവിടുത്തെ ഉല്‍പാദനത്തിന് ശേഷം വെള്ളം ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ എത്തും.
ഉപരാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണനാണ് നേര്യമംഗലം പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. എക്‌സ്റ്റെന്‍ഷന്‍ നിലയം രാഷ്ടത്തിന് സമര്‍പ്പിച്ചത് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനാണ്. മുതിരപ്പുഴയിലെ വെളളം ഉപയോഗിച്ച് നിലവില്‍ അഞ്ച് വലിയ വൈദ്യുതി നിലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ജനറേഷന്‍ ചീഫ് എന്‍ജിനീയര്‍ വി. ബ്രീജ്‌ലാല്‍ പവര്‍ ഹൗസ് അധികൃതര്‍ക്ക് ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."