എം.എം മണി രാജിവച്ചേ മതിയാകൂ: വി.എം സുധീരന്
പത്തനംതിട്ട: കൊലക്കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ എം.എം മണി മന്ത്രിസ്ഥാനം രാജിവച്ചേ മതിയാകൂവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്.
എം.എം മണിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് പത്തനംതിട്ട പൊലിസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കും. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പൊലിസിനെ ഉപയോഗിച്ച് എതിര്‍ക്കുന്ന സമീപനം ശരിയല്ല. ചില പൊലിസ് ഉദ്യോഗസ്ഥര്‍ കാക്കിയിട്ട് ഗുണ്ടാ പ്രവര്‍ത്തനം നടത്തുകയാണ്. പൊലിസ് തന്നെ ഒടുവില്‍ പിണറായിയുടെ അന്തകരായി മാറും. പൊലിസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടു പോകുമെന്നും സുധീരന് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷനായി. ആന്റോ ആന്റണി എം.പി, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ കെ. ശിവദാസന്‍നായര്‍, പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."