എം.ടിയെ അധിക്ഷേപിക്കുന്നതിലൂടെ ബി.ജെ.പി ഫാസിസ്റ്റ് മുഖം തുറന്നു കാട്ടുന്നു: കോടിയേരി
തിരുവനന്തപുരം: നോട്ട് നിരോധനത്തോട് വിയോജിച്ച എം.ടി വാസുദേവന്‍നായരെ അധിക്ഷേപിക്കുന്നതിലൂടെ ബി.ജെ.പി-ആര്‍.എസ്.എസ് ശക്തികള്‍ ഫാസിസ്റ്റ് മുഖം തുറന്നുകാട്ടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
നോട്ട് അസാധുവാക്കലില്‍ തെളിയുന്നത് മോദിയുടെ അരാജകത്വ ഭരണനയമാണ്. സാമാന്യബുദ്ധിയും ദേശക്കൂറുമുള്ള ആരും അതിനോട് വിയോജിക്കുമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു. ജ്ഞാനപീഠജേതാവായ എം.ടി അതു ചെയ്തത് മഹാ അപരാധമായി എന്നവിധത്തില്‍ സംഘ്പരിവാര്‍ നടത്തുന്ന പ്രതികരണവും എം.ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും പ്രാകൃത നടപടിയാണ്.
നോട്ട് നിരോധനത്തെപ്പറ്റി പ്രതികരിക്കാന്‍ എം.ടി ആരെന്ന ബി.ജെ.പി നേതാക്കളുടെ ചോദ്യം അസംബന്ധമാണ്. ബി.ജെ.പി വരയ്ക്കുന്ന വരയില്‍ നടക്കണമെന്നും സംഘ്പരിവാര്‍ കുറിക്കുന്ന ലക്ഷ്മണരേഖ കടക്കരുതെന്നും കല്‍പിച്ചാല്‍ അത് നടപ്പാക്കാനുള്ള വെള്ളരിക്കാപട്ടണമല്ല ഇന്ത്യ. 'നാലുകെട്ടുകാരന്‍' ഇനി പാകിസ്താനില്‍ താമസിക്കുന്നതാണ് നല്ലതെന്ന് ചില സംഘ്പരിവാറുകാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിട്ടുള്ളത് സംസ്‌കാരസമ്പന്നമായ ഇന്ത്യയ്ക്കാകെ അപമാനകരമാണെന്നും കോടിയേരി പറഞ്ഞു. എം.ടി.ക്കെതിരെ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന ഉറഞ്ഞുതുള്ളല്‍ അവസാനിപ്പിക്കാന്‍ ജനാധിപത്യ ശക്തികള്‍ ശബ്ദമുയര്‍ത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."