കോണ്‍ഗ്രസ് പോരില്‍ മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ച് വി.ടി ബല്‍റാം
ആനക്കര (പാലക്കാട്): ഗ്രൂപ്പ് പോര് രൂക്ഷമാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നിശിത വിമര്‍ശനമുന്നയിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം നേതാക്കളുടെ വാക്‌പോരിനെതിരേ വിമര്‍ശനമുന്നയിച്ചത്.
കേരളത്തിലെ കോണ്‍ഗ്രസിന് ഇങ്ങനെ മുന്നോട്ട് പോകാന്‍ പറ്റില്ല. കോണ്‍ഗ്രസിന്റെ ജന്മദിനം രാജ്യവ്യാപകമായി ആഘോഷിക്കുമ്പോള്‍, ഫാസിസ്റ്റ് തേരോട്ടത്തിനെതിരെയുള്ള പ്രതിരോധത്തിനായി കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് പാര്‍ട്ടിക്കകത്തും പുറത്തുമുള്ളവര്‍ ഒരുപോലെ ആഗ്രഹിക്കുമ്പോള്‍, ഉത്തരവാദിത്തമില്ലായ്മയും സ്വാര്‍ത്ഥ താല്‍പര്യങ്ങളും കൊണ്ട് കേരളത്തിലെ ചില നേതാക്കള്‍ പാര്‍ട്ടിയെ അപമാനത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തുകയാണെന്നും ബല്‍റാം കുറ്റപ്പെടുത്തുന്നു.
ഈയിടെ നടന്ന ഡി.സി.സി പ്രസിഡന്റ് നിയമനത്തോടെ ഒരു തലമുറമാറ്റത്തിന്റെ തുടക്കം കുറിച്ച നിശ്ശബ്ദ വിപ്ലവം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച അനുകൂലാന്തരീക്ഷം തകര്‍ക്കാന്‍ ആരേയും അനുവദിച്ചുകൂട.
നേതാക്കള്‍ അഭിപ്രായം പറയുമ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും അവ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് പാലിച്ചുകൊണ്ടായിരിക്കണം എന്നതാണ് പുതിയ കാലത്ത് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. സമീപദിവസങ്ങളില്‍ ചില നേതാക്കളുടെ ഭാഗത്തുനിന്ന് ആക്ഷേപോദ്ദേശ്യത്തോടെയുണ്ടായ കുശിനിക്കാര്‍, വേശ്യ, ശിഖണ്ഡി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ അങ്ങേയറ്റം നിന്ദ്യമാണെന്ന് പറയാതെ വയ്യ.
ഇത് ചില മനോഭാവങ്ങളെക്കൂടിയാണ് വെളിപ്പെടുത്തുന്നതെന്ന് അവര്‍ സ്വയം മനസ്സിലാക്കണം. നിങ്ങളുടെ ഗ്രൂപ്പ് പോരിന്റെ നേര്‍ച്ചക്കോഴികളായി നിന്ന് തരാന്‍ ഈ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസ്സില്ല.
കാലത്തിനൊത്ത് മാറാനും ഉത്തരവാദിത്വത്തോടെ പെരുമാറാനും കഴിയാത്ത നേതാക്കള്‍ കളമൊഴിഞ്ഞ് വഴിമാറിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബല്‍റാമിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."