കൊച്ചി കപ്പല്‍ശാല സ്വകാര്യവല്‍ക്കരിക്കുമെന്ന ആശങ്ക വേണ്ടെന്ന് കേന്ദ്രസഹമന്ത്രി
കൊച്ചി: കൊച്ചി കപ്പല്‍ശാല സ്വകാര്യവല്‍ക്കരിക്കുമെന്ന ആശങ്ക വേണ്ടെന്ന് കേന്ദ്ര സഹമന്ത്രി മന്‍സുഖ് എല്‍ മണ്ഡാവ്യ. ദ്വിദിനസന്ദര്‍ശനത്തിന് കേരളത്തിലെത്തിയ മന്ത്രി കപ്പല്‍ശാല സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കപ്പല്‍ശാല സ്വകാര്യവല്‍ക്കരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പന സംബന്ധിച്ച ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. കൊച്ചിയില്‍ 1800 കോടി രൂപ ചെലവഴിച്ച് ഡ്രൈ ഡോക്കും 970 കോടി ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പല്‍ അറ്റകുറ്റപ്പണി ശാലയും നിര്‍മിക്കും. ഈ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഈ തുക എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല. പ്രകൃതിവാതക വാഹിനിക്കപ്പലിന്റെ നിര്‍മാണച്ചുമതല കൊച്ചി കപ്പല്‍ നിര്‍മാണശാലയ്ക്ക് നല്‍കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ഉന്നതതല സമിതി പരിഗണിച്ചുവരികയാണ്. ഇവരുടെ ശുപാര്‍ശയനുസരിച്ചു മാത്രമെ നിര്‍മാണച്ചുമതല ആര്‍ക്കുനല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ. കപ്പല്‍ശാലയുടെ പുരോഗതിക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്കിന്റെ ടെന്‍ണ്ടര്‍ നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
കപ്പലിന്റെ നിര്‍മാണം, അറ്റകുറ്റപണി, പൊളിക്കല്‍ തുടങ്ങിയ മേഖലകളില്‍ രാജ്യത്തിന് വന്‍ സാധ്യതകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. കപ്പല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യയുടെ പങ്ക് നിലവിലെ 0.75 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി ഉയര്‍ത്തുന്നതിന് പുതിയ കപ്പല്‍ നിര്‍മ്മാണ നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡ് ഗതാഗതം, ഷിപ്പിങ്, വളം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായ മന്‍സുഖ്.എല്‍ മണ്ഡാവ്യ ഇന്ന് ദേശീയപാതകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തിയതിനുശേഷം ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. കൊച്ചി തുറമുഖം, ഫാക്ട് എന്നിവിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."