വ്യക്തിപരമായി ആക്രമിച്ചതിന് പിന്നില്‍ ചിലരുടെ കൈ ഉണ്ടെന്നു ഞാന്‍ പറയുന്നില്ലെ: കെ മുരളീധരന്‍
ദോഹ: വ്യക്തിപരമായ അക്രമത്തിനു ധൈര്യം പകരുന്നതിനു പിന്നില്‍ കോണ്‍ഗ്രസിലെ ചിലരുണ്ടോ എന്ന് എന്നെകൊണ്ട് പറയിപ്പിക്കേണ്ടെന്നു കെ മുരളീധരന്‍ എം.എല്‍.എ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോരായ്മകളെ ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ എങ്ങിനെ പരിഹാരം കാണുമെന്നു അദ്ദേഹം ചോദിച്ചു. തനിക്കെതിരേ ഉണ്ണിത്താനെ ഇളക്കിവിട്ടത് ആരാണെന്ന് തനിക്കറിയാമെന്നും മുരളി വ്യക്തമാക്കി. ദോഹയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ 'ഇന്‍കാസി'ന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എം സുധീരന്‍ ആണോ ഉണ്ണിത്താനെ കൊണ്ട് സംസാരിപ്പിച്ചത് എന്ന ചോദ്യത്തിന് ഒരു മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.പി.സി.സി പ്രസിഡന്റിനെതിരേ ആരോപണമുന്നയിക്കുന്നത് അച്ചടക്ക ലംഘനമാകുമെന്നായിരുന്നു മുരളിയുടെ മറുപടി.
ഉണ്ണിത്താനെതിരേ കൊല്ലത്തു നടന്ന ആക്രമം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്നാല്‍, തങ്ങളിഷ്ടപ്പെടുന്ന പാര്‍ട്ടി നേതാവിനെ വളരെ നികൃഷ്ടമായ ഭാഷയില്‍ ആക്ഷേപിച്ചാല്‍ പ്രവര്‍ത്തകര്‍ വൈകാരികമായി പ്രതികരിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല.
അക്രമം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു എന്നാല്‍ അതിന് കാരണക്കാരനായ ഉണ്ണിത്താനെതിരേ എന്തുകൊണ്ട് നടപടിയെക്കുന്നില്ലെന്ന് മുരളി ചോദിച്ചു. ഇക്കാര്യത്തില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ചകള്‍ തുറന്ന് പറയുന്നത് പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കും എന്ന് കരുതിയാണ് താന്‍ കോഴിക്കോട്ട് നടന്ന കെ കരുണാകരന്‍ അനുസ്മരണത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. അത് പാര്‍ട്ടിയുടെ ഔദ്യോഗിക വേദിയിലാണ് പറയേണ്ടത് എന്നെനിക്കറിയാം. എന്നാല്‍, പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടിയിട്ട് 5 മാസവും ഹൈപവര്‍ കമ്മിറ്റി കൂടിയിട്ട് രണ്ടു മാസവുമായി.
താഴെ തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണ് എന്ന് എ.കെ ആന്റണിയും പറഞ്ഞിട്ടുണ്ടല്ലോ എന്നദ്ദേഹം ചോദിച്ചു. പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചു പ്രതിപക്ഷം ദുര്‍ബലമാണെന്ന് എനിക്ക് പറയേണ്ടി വന്നത്.പ്രധാന ഘടക കക്ഷിയായ മുസ്്‌ലിം ലീഗും എന്റെ അഭിപ്രായം അടിവരയിട്ടല്ലോ. എന്നാല്‍, ചിലര്‍ ഇതിന്റെ പേരില്‍ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുകയാണ്.
ന്യൂനപക്ഷങ്ങള്‍ക്കും വിമത ശബ്ദമുയര്‍ത്തുന്നവര്‍ക്കുമെതിരേ അന്യായമായി യു.എ.പി.എ ചുമത്തുന്നു എന്ന് ഇടതുപക്ഷത്തുള്ള നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. യു.ഡി.എഫ് ഇക്കാര്യത്തില്‍ പ്രസ്താവന മാത്രം നടത്തിയാല്‍ പോര. ശക്തമായ ജനകീയ സമരം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ക്രിയാത്മക പ്രതിപക്ഷമാകുന്നതിനു പകരം ഗ്രൂപ്പ് കളിക്കു മുതിര്‍ന്നാല്‍ മുതലെടുക്കുന്നത് ബി.ജെ.പിയായിരിക്കും. പാര്‍ട്ടിയില്‍ നടന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് താന്‍ കെ.പി.സി.സി പ്രസിഡന്റിന് കത്തുനല്‍കിയിട്ടുണ്ട്. എന്നാല്‍, അതിന്റെ ഉള്ളടക്കം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല.
യുഡിഎഫിന്റെ പരാജയത്തിന് കാരണം ന്യൂനപക്ഷ വോട്ടുകളിലെ ചോര്‍ച്ചയായിരുന്നു.
ഭൂരിപക്ഷത്തില്‍ ഒരു വിഭാഗം ബിജെപിയെ തുണക്കുകയും ചെയ്തു എന്റെ മണ്ഡലത്തിലെ വോട്ടിന്റെ കണക്കു തന്നെ പരിശോധിച്ചാല്‍ അത് ബോധ്യപ്പെടും. ബി ജെ പി യുടെ നീക്കങ്ങള്‍ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് രക്ഷ നല്‍കാന്‍ ഇടതുപക്ഷത്തിനെ കഴിയൂ എന്ന തോന്നലാണ് ന്യൂനപക്ഷ വോട്ടുകള്‍ അവര്‍ക്ക് അനുകൂലമാകാന്‍ കാരണം. ഇതു തിരിച്ചറിഞ്ഞ് പരിഹാരം കാണാനും ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാനും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
താന്‍ പോലിസ് വണ്ടിയില്‍ കയറിയത് പിക്കറ്റിങ് സമരം നടത്തിയതിന്റെ പേരിലാണ്. എന്റെ കൂടെ പോലിസ് വാഹനത്തില്‍ ഉണ്ടായിരുന്നത് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. എന്നാല്‍, ചിലരുടെ കാര്യം അങ്ങിനെയല്ലെന്ന് ഉണ്ണിത്താനെ പരോക്ഷമായി ആക്രമിച്ചു കൊണ്ട് മുരളീധരന്‍ പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."