ബോക്‌സിങ് ഡേ ടെസ്റ്റ് സമനിലയിലേക്ക്
മെല്‍ബണ്‍: നാലാം ദിനത്തിലും മഴ വില്ലനായ പാകിസ്താന്‍- ആസ്‌ത്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ് സമനിലയിലേക്ക്. മഴ തുടര്‍ന്നതോടെ മത്സരത്തിന്റെ ഭൂരിഭാഗവും തടസപ്പെട്ടു. ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ആസ്‌ത്രേലിയ അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കി.
നാലാം ദിനം സെഞ്ച്വറി നേടി പുറത്താകാതെ നില്‍ക്കുന്ന ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ മികവില്‍ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 465 റണ്‍സെന്ന നിലയില്‍. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് ശേഷിക്കേ 22 റണ്‍സ് ലീഡ് സ്വന്തമാക്കിയാണ് ആതിഥേയര്‍ കളം വിട്ടത്.
സ്റ്റംപെടുക്കുമ്പോള്‍ 100 റണ്‍സുമായി സ്മിത്തും ഏഴു റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. 168 പന്തുകളില്‍ നിന്നു ഒന്‍പതു ഫോറിന്റെ അകമ്പടിയോടെയാണ് സ്മിത്ത് 17ാം ടെസ്റ്റ് ശതകം കുറിച്ചത്.
നേരത്തെ ഓപണര്‍ ഡേവിഡ് വാര്‍ണര്‍ ഏകദിന ശൈലിയില്‍ സെഞ്ച്വറി നേടി ഓസീസിനു മിന്നല്‍ തുടക്കം നല്‍കിയിരുന്നു. 143 പന്തില്‍ 144 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. എന്നാല്‍ സെഞ്ച്വറിക്ക് മൂന്നു റണ്‍സ് അകലെ വച്ച് ഉസ്മാന്‍ ഖവാജ 97ല്‍ പുറത്തായി. പീറ്റര്‍ ഹാന്‍ഡ്‌കോം (54) അര്‍ധ സെഞ്ച്വറിയുമായി സ്മിത്തിനു മികച്ച പിന്തുണ നല്‍കി.
നിക്ക് മാഡിന്‍സന്‍ 22 റണ്‍സിനും മാത്യൂ വേഡ് ഒന്‍പത് റണ്‍സിനും പുറത്തായി. പാക് നിരയില്‍ സൊഹൈല്‍ ഖാന്‍, യാസിര്‍ ഷാ, വഹാബ് റിയാസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."