അഞ്ചു ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ മൂന്നു സഊദികള്‍ക്ക് വധശിക്ഷ
ജിദ്ദ: സഊദിയിലെ ഖത്തീഫില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചു മൂടിയ കേസില്‍ മൂന്നു സ്വദേശി പൗരന്മാര്‍ക്ക് വധശിക്ഷ. രണ്ടുവര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് ഇവര്‍ക്ക് മേഖല ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഖത്തീഫിലെ സഫ്വയില്‍ 2010 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊല്ലം കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റില്‍ ഷാജഹാന്‍ കുഞ്ഞ്, തിരുവനന്തപുരം കല്ലമ്പലം സ്വദേശി സലീം അബ്ദുല്‍ഖാദര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, കന്യാകുമാരി സ്വദേശികളായ ലാസര്‍, ബഷീര്‍ ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് തങ്ങളിത് ചെയ്തതെന്നാണ് പ്രതികളുടെ വാദം. മദ്യവുമായി കാറില്‍ പോവുന്നതിനിടെ തോട്ടത്തില്‍ നിന്ന് സുഹൃത്ത് വിളിച്ചതനുസരിച്ചാണ് ചെന്നതെന്ന് പ്രതികളിലൊരാള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. അവിടെ എത്തിയപ്പോള്‍ തൊട്ടടുത്ത മുറിയില്‍ അഞ്ചുപേരെ കൈകള്‍ പിന്നിലേക്ക് കെട്ടിയ നിലയില്‍ കണ്ടു. അന്വേഷിച്ചപ്പോള്‍ കൂട്ടത്തിലൊരാള്‍ അയാളുടെ സ്‌പോണ്‍സറുടെ മകളെയും മറ്റു സ്ത്രീകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മറുപടിയാണ് ലഭിച്ചത്. ലഹരി തലക്കു പിടിച്ചപ്പോള്‍ കെട്ടിയിട്ടവരെ ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതരാക്കുകയായിരുന്നു. അതിനു ശേഷം ടേപ്പുകൊണ്ട് ബന്ധിച്ച് തോട്ടത്തിലുണ്ടായിരുന്ന കുഴിയില്‍ തള്ളി. ഇവരുടെ തിരിച്ചറിയല്‍ രേഖകളും കുഴിയിലിട്ട് മൂടി.
നാലുവര്‍ഷത്തിന് ശേഷം 2014 ജനുവരിയില്‍ തോട്ടം പാട്ടത്തിനെടുത്തയാള്‍ കൃഷിയാവശ്യത്തിനായി മണ്ണെടുക്കുന്നതിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. അഞ്ചു മനുഷ്യശരീര അവശിഷ്ടങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കിട്ടിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പക്ഷേ, മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഷാജഹാന്റെയും സലീമിന്റെയും പേരിലുള്ള തിരിച്ചറിയല്‍ രേഖകളും ഡ്രൈവിങ് ലൈസന്‍സും മണ്ണില്‍ നിന്ന് കിട്ടിയതാണ് നിര്‍ണായക വഴിത്തിരിവായത്. മണ്ണിനടിയില്‍ നിന്ന് ലഭിച്ച എല്ലിന്‍ കഷ്ണങ്ങളും തലയോട്ടിയും ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചിരുന്നു. അബഹയിലെ മഹയില്‍ ജോലിചെയ്യുന്ന ഷാജഹാന്റെ സഹോദരന്‍ നിസാമില്‍ നിന്ന് ഡി.എന്‍.എ പരിശോധനക്കായി രക്തസാമ്പിള്‍ എടുക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ ആരുടേതെന്ന് വ്യക്തമാകാന്‍ മാസങ്ങളെടുത്തു. തുടര്‍ന്ന് കിഴക്കന്‍ മേഖല പൊലിസ് അന്വേഷണം കാര്യക്ഷമമാക്കി.
സംശയിക്കപ്പെട്ട സ്വദേശികളെയും വിദേശികളെയും അടക്കം 25 ലേറെ ആളുകളെ പിടികൂടി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ മൂന്നുപേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇവരെ സഹായിച്ചതിന് ചിലര്‍ക്ക് തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. സഫ്‌വ പൊലിസ് സ്റ്റേഷനിലെ സി.ഐ.ഡി വിഭാഗം മേധാവി കേണല്‍ ഗാന്ധി സെനാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."