ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്ന പാക് പൗരന് അറസ്റ്റില്‍
ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ 42 കാരനായ പാക് പൗരന് അറസ്റ്റില്‍. മൈസലൂണ്‍ പ്രദേശത്ത് ശൈഖ് സായിദ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മജസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റില്‍ മലപ്പുറം തിരൂര്‍ കല്പകഞ്ചേരി പാറമ്മല്‍ അങ്ങാടി സ്വദേശി കുടലില്‍ അലി (52)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പൊലിസ് പിടികൂടിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ സി.സി.ടിവിയില്ലാത്തതിരുന്നതിനാല് തൊട്ടടുത്ത സ്ഥാപനത്തില്‍ പ്രതിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഇറങ്ങി ഓടുന്നതിന്റെ മങ്ങിയ ദൃശ്യങ്ങളായിരുന്നു ഏക തെളിവ്. വിരലടയാളം ശേഖരിച്ച പൊലിസിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്.
മോഷണം ലക്ഷ്യമിട്ട് എത്തിയ പ്രതി മണിക്കൂറുകളോളം പ്രദേശത്തുണ്ടായിരുന്നുവെന്നാണ് നിഗമനം. അലി അല്ലാതെ മറ്റാരും സ്ഥലത്തില്ലെന്ന് ഉറപ്പ് വരുത്തിയാണ് പ്രതി കടയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഇയാള്‍ അലിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ അലി ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് നടന്ന മല്‍പ്പിടിത്തത്തിലാണ് കൊലപാതകം നടന്നത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."