നേതാക്കളുടെ കൊഴിഞ്ഞുപോക്ക് എ ഗ്രൂപ്പിനെ അസ്വസ്ഥമാക്കുന്നു
കൊല്ലം: സംഘടനാ തെരഞ്ഞെടുപ്പ് 2017 ഡിസംബര്‍വരെ നടക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും ഈ ആവശ്യവുമായി മുന്നോട്ടുപോകുന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് എ ഗ്രൂപ്പിനെ അസ്വസ്ഥമാക്കുന്നു. മുന്നണി പോരാളികളായി നിറഞ്ഞുനിന്നവരില്‍ വലിയൊരു വിഭാഗം ഗ്രൂപ്പു വിട്ടതോടെയാണ് നേതൃദാരിദ്ര്യവും ചോദ്യചിഹ്നമായത്.
രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ കുര്യന്‍, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി തോമസ് എം.എല്‍.എ, ടി.എന്‍ പ്രതാപന്‍, സതീശന്‍ പാച്ചേനി എന്നിവര്‍ ഒരുകാലത്ത് എ ഗ്രൂപ്പിന്റെ ശക്തരായ വക്താക്കളായിരുന്നു. എ.കെ ആന്റണി ഗ്രൂപ്പുപ്രവര്‍ത്തനങ്ങളില്‍ നിന്നു വിമുക്തനായതോടെയാണ് പി.ജെ കുര്യനെപ്പോലുള്ളവര്‍ എ ഗ്രൂപ്പിന്റെ പടി കടന്നത്. പഴയകാല എ ഗ്രൂപ്പുകാരില്‍ പലരും ആന്റണിയെ അംഗീകരിക്കുകയും എന്നാല്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പുമായി അകലം പാലിക്കുകയും ചെയ്യുന്നവരാണ്.
കെ.എസ്.യു കാലം മുതല്‍ എ ഗ്രൂപ്പിന്റെ മുന്നണിപ്പോരാളിയായിരുന്ന പി.ടി തോമസ് ഇപ്പോള്‍ വി.എം സുധീരനുമായി അടുപ്പത്തിലാണ്. സുധീരന്റെ അനുഗ്രഹാശിസുകളോടെയാണ് കെ സുധാകരന്റെ അനുയായിയായി മാറിയ സതീശന്‍ പാച്ചേനിക്ക് കണ്ണൂരില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചതും. സുധീരന്‍ എ ഗ്രൂപ്പു വിട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഉറ്റ അനുയായിയായതും ടി.എന്‍ പ്രതാപനാണ്. സോളാര്‍ വിഷയത്തിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിലും ഉമ്മന്‍ ചാണ്ടിയെ ശക്തമായി പിന്തുണച്ചിരുന്ന കൊടിക്കുന്നില്‍ സുരേഷ് പിന്നീട് സുധീരനുമായി അടുപ്പത്തിലാകുകയായിരുന്നു. എം.എം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, ബന്നി ബഹനാന്‍, ടി സിദ്ദീഖ്, പി.സി വിഷ്ണുനാഥ് തുടങ്ങിയവരാണ് നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ ഇടത്തും വലത്തുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."