ഉച്ചഭക്ഷണ ഫണ്ട് ലഭിക്കുന്നില്ല; സ്‌കൂള്‍ പ്രധാനാധ്യാപകര്‍ പ്രയാസത്തില്‍
പേരാമ്പ്ര: വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണ ഫണ്ട് ലഭിക്കാത്തതിനാല്‍ സ്‌കൂളിലെ പ്രധാനാധ്യാപകര്‍ പ്രയാസപ്പെടുന്നു. നാലു മാസത്തോളമായി ലഭിക്കാത്ത ഉച്ചഭക്ഷണ ഫണ്ട് എന്നു കിട്ടുമെന്ന ചോദ്യത്തിന് മറുപടി പോലും നല്‍കാതെ വിദ്യാഭ്യാസ വകുപ്പ് അനങ്ങാപ്പാറ നയം തുടരുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്‌കൂളിലെ ദൈനംദിന ചെലവുകള്‍ തന്നെ നിറവേറ്റാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ ഭാരിച്ച തോതിലുള്ള ഉച്ചഭക്ഷണ ഫണ്ട് താങ്ങാന്‍ കഴിയുന്നില്ലെന്നാണ് പ്രധാനാധ്യാപകര്‍ പറയുന്നത്.
പാചക കൂലിയും ഇന്ധന ചെലവും അത്യാവശ്യ മസാലകളുടെയും പയര്‍, പച്ചക്കറികളുടെയും ഇനത്തില്‍ വന്‍ തുക പ്രധാനാധ്യാപകര്‍ക്ക് ഇനിയും ലഭിക്കാനുണ്ട്. കൂടാതെ പാല്‍, മുട്ട എന്നിവയുടെ ചെലവിലേക്കായി മാസത്തില്‍ അര ലക്ഷത്തോളം രൂപയും ഓരോ വിദ്യാലയത്തിലും ലഭിക്കാനുണ്ട്. സാധാരണ നിലയില്‍ ക്രിസ്മസ് അവധിക്കാലത്ത് ഉച്ചഭക്ഷണ ഫണ്ട് ലഭിച്ചിരുന്നു.
എന്നാല്‍ ഇത്തവണ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഇവകൂടി ലഭിക്കാതായതോടെ പ്രധാനാധ്യാപകര്‍ക്ക് വലിയ ബാധ്യതയാണ് വിദ്യാഭ്യാസ വകുപ്പുണ്ടാക്കിയിരിക്കുന്നത്. എല്‍.പി, യു.പി സ്‌കൂളുകളില്‍ പാചകക്കൂലിയിനത്തില്‍ ലഭിക്കുന്ന തുകയില്‍ വലിയ വ്യത്യാസം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കൂലിയേക്കാള്‍ അധികം നല്‍കി തൊഴിലാളികളെ പ്രധാനാധ്യാപകര്‍ പിടിച്ചു നിര്‍ത്തുകയാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന വേളയിലെങ്കിലും ഉച്ചഭക്ഷണ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രധാനാധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."