ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍; മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ഉപരോധം
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ക്രിസ്തുമസിനോടനുബന്ധിച്ച് ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചിരുന്ന രോഗികളെയെല്ലാം നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്ത് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ജനറലാശുപത്രിയില്‍ ഉപരോധം സമരം നടത്തി.
ജില്ലയിലെ കിഴക്കന്‍ പ്രദേശത്തെ മലയോരഭാഗങ്ങളില്‍ മഞ്ഞപ്പിത്തം, കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുമ്പോള്‍ പാവങ്ങളായ രോഗികളെല്ലാം ഈ ആശുപത്രിയിലാണ് അഭയം തേടുന്നത്.
ഇത്തരം രോഗികളെ നോക്കാന്‍ മനസ് കാണിക്കാതെ ഡോക്ടര്‍മാര്‍ അവധിയെടുത്ത് വീട്ടിലിരുന്ന് സ്വകാര്യപ്രാക്ടീസ് നടത്തുകയാണെന്നും ഇവര്‍ ആരോപിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ സ്വകാര്യആശുപത്രിയില്‍ പോകാതെ ജനങ്ങള്‍ വലയുകയാണ്. ഡെപ്യൂട്ടി ലീഡര്‍ സി.എം ഷുക്കൂറിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ 38 ഡോക്ടര്‍മാര്‍ ഉള്ളതില്‍ ഏഴ് ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ഈ സമയം സൂപ്രണ്ട്, ആര്‍.എം.ഒ എന്നിവരും അവധിയിലായിരുന്നു. അറ്റന്റന്‍സ് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ പലരും 31ാം തീയതി വരെ ലീവ് രേഖപ്പെടുത്താതെ അവധിയിലാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രവര്‍ത്തനം നടത്തി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരുടെ വീടുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കൗണ്‍സിര്‍മാര്‍ പറഞ്ഞു.
രാവിലെ തുടങ്ങിയ ധര്‍ണയില്‍ കൗണ്‍സിലര്‍മാരായ സി.എം. ഷുക്കൂര്‍, ജയകൃഷ്ണന്‍ നായര്‍, ജിനു മടേയ്ക്കല്‍, ജെയ്‌സണ്‍ തോട്ടത്തില്‍, സന്തോഷ് കുമാര്‍, പ്രമീള ഗിരീഷ്‌കുമാര്‍, ഷൈല അബ്ദുള്ള, ഷാലിന ബഷീര്‍, സുമിഷ നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."