നോട്ട് നിരോധനം രാജ്യത്തെ പിറകോട്ടടിച്ചു:മന്ത്രി പി തിലോത്തമന്‍
ആലപ്പുഴ: നരേന്ദ്രമോഡി സര്‍ക്കാരിന്റെ നോട്ട് നിരോധനം രാജ്യത്തെ വര്‍ഷങ്ങളോളം പിറകോട്ടടിച്ചുവെന്ന് ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്‍.എല്‍.ഡി.എഫ് മനുഷ്യചങ്ങലയുടെ ഭാഗമായി ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വികസന മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സംവിധാനം താറുമാറായി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് നരേന്ദ്രമോഡി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നോട്ട് നിരോധനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ ജലരേഖയായി മാറി. ഭീകരവാദ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഊറ്റം കൊണ്ട പ്രധാനമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ മുഖംതിരിക്കുകയാണ്.
ഏത് ലക്ഷ്യം സാക്ഷാത്കരിക്കാനാണോ നോട്ട് നിരോധനം നടപ്പാക്കിയത് അവയെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് അടിഞ്ഞ് വീഴുകയാണ്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഈ നയം ഉണ്ടാക്കിയ പ്രത്യാഘാതം വിവരണാതീതമാണ്. അമ്പത് ദിവസം കാത്തിരിക്കാന്‍ പറഞ്ഞ നരേന്ദ്രമോഡി 50 ദിവസം കഴിഞ്ഞിട്ടും ദുരിതത്തിന് അറുതി വരുത്താന്‍ യാതൊന്നും ചെയ്തില്ല. ദുഷ്‌ക്കരമായ ജീവിതം മാത്രമാണ് ഈ അശാസ്ത്രീയമായ പരിഷ്‌ക്കാരത്തിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചത്. പണിയില്ലാത്തതിനാല്‍ തൊഴിലാളികളുടെ ജീവിതം പെരുവഴിയിലായി. കച്ചവട സ്ഥാപനങ്ങള്‍ അനുദിനം അടച്ചുപൂട്ടുകയാണ്. കാര്‍ഷിക മേഖലയും സ്തംഭിച്ചു. തൊഴില്‍ മേഖല പൂര്‍ണ്ണമായും നിശ്ചലമായി. ഇന്ത്യയിലെ കുത്തക മുതലാളിമാരെ സഹായിക്കാനോ മോഡിയുടെ പരിഷ്‌ക്കാരം ഗുണം ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."