ആര്‍ക്കുവേണം വികസനം
അനിയന്‍ ജയിലര്‍ ബഷീറിന്റെ ലോക്കപ്പ് മുറി തുറന്നുകൊടുത്തുകൊണ്ടു പറയുന്ന ഒരു വാചകമുണ്ട് മതിലുകള്‍ എന്ന നോവലില്‍..
''നൗ യു ആര്‍ ഫ്രീ, യു കാന്‍ ഗോ''
ബഷീര്‍ അതിനു പറയുന്ന മറുപടി ചിന്തനീയമാണ്. 'ഫ്രീഡം, ഹു വാന്‍ഡ് ഫ്രീഡം''
അകത്തെ ജയിലിനേക്കാള്‍ വലിയ കാരാഗൃഹമാണു പുറത്തെന്നിരിക്കെ ആര്‍ക്കുവേണം സ്വാതന്ത്ര്യമെന്നതു മാത്രമായിരുന്നില്ല ബഷീര്‍ ഉദ്ദേശിച്ചത്. കൊതിച്ചതു കിട്ടാതെപോകുന്ന അവസ്ഥയില്‍ കാരാഗൃഹവാസമാണെങ്കില്‍പ്പോലും അതില്‍നിന്നു മുക്തിനേടാന്‍ ആഗ്രഹിക്കാത്ത മനസിന്റെ പിടച്ചിലാണ് ആ വാക്കുകളില്‍.
പുറത്തെ സ്വാതന്ത്ര്യത്തേക്കാള്‍ ബഷീറിനു ഹൃദ്യമായത് ജയിലെ മതിലിനപ്പുറത്തുള്ള നാരായണിയുടെ ശബ്ദമായിരുന്നു. മതിലിനപ്പുറത്ത് ആ ശബ്ദത്തിനുവേണ്ടി ബഷീര്‍ കാതോര്‍ക്കുമ്പോള്‍ ആകര്‍ഷണീയവും ഹൃദ്യവുമായി ഒന്നുമില്ലാത്ത പുറംലോകത്തെ സ്വാതന്ത്ര്യം അദ്ദേഹത്തിനെന്തിന്.
സ്വച്ഛന്ദതയ്ക്കും ശാന്തിക്കുംവേണ്ടി ജനം ആഗ്രഹിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്നു ജനം പ്രതീക്ഷിച്ചിരുന്നതു വല്ലാര്‍പാടം പദ്ധതിയോ വിഴിഞ്ഞമോ കണ്ണൂര്‍ വിമാനത്താവളമോ ആയിരുന്നില്ല. മതേതരജനാധിപത്യം മുറുകെപ്പിടിക്കുന്ന ഭരണാധികാരിയെയായിരുന്നു.
മറ്റാരേക്കാളും കേരളീയര്‍ ഉമ്മന്‍ചാണ്ടിയെ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ അതിനു ബലംനല്‍കി. പക്ഷേ, തെരഞ്ഞെടുപ്പിനുമുമ്പ് ആ വിശ്വാസ്യതയ്ക്കു മങ്ങലേല്‍ക്കുന്നതായി അദ്ദേഹത്തില്‍നിന്നുണ്ടായ പ്രവര്‍ത്തനങ്ങള്‍.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിനെയാണു തെരഞ്ഞെടുപ്പുകാലത്തെ ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചത്.
ബാബരി മസ്ജിദ് തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നറിഞ്ഞിട്ടും ഒന്ന് അനങ്ങുകപോലുംചെയ്യാതെ പട്ടാളത്തെ അങ്ങോട്ടയയ്ക്കാതെ നിസംഗനായി നിന്നു നരസിംഹറാവു.
ബി.ജെ.പി കേരളത്തില്‍ വലിയ ഭീഷണിയുയര്‍ത്തിയിട്ടും കാര്യമായി പ്രതിരോധിക്കാന്‍ ഉമ്മന്‍ചാണ്ടിക്കായില്ല. കോണ്‍ഗ്രസിനോടുള്ള മുസ്്്‌ലിം ന്യൂനപക്ഷത്തിന്റെയും അതുവരെയുണ്ടായിരുന്ന വിശ്വാസ്യത അവിടം മുതല്‍ ഇല്ലാതാവുകയായിരുന്നു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി വരെയുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ മതേതരത്വം കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിന്റെ കാലിനടിയില്‍ എങ്ങനെ ഞെരിഞ്ഞമര്‍ന്നോ അതുപോലെയായി തെരഞ്ഞെടുപ്പുകാലത്തെ കോണ്‍ഗ്രസിന്റെ ബി.ജെ.പി പ്രീണനങ്ങള്‍.
വിശ്വാസം, അതുതന്നെയാണ് എല്ലാം. അതൊരിക്കല്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നീടൊരിക്കലും തിരിച്ചുപിടിക്കാനാവില്ല. നരസിംഹറാവുവിനുശേഷം ഉത്തരേന്ത്യയില്‍ മുസ്്്‌ലിം ജനവിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ കോണ്‍ഗ്രസ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടുണ്ട്. ഇതുവരെ വിജയം കണ്ടിട്ടില്ല. കേരളത്തിലൊരിക്കലും അതിന്റെ അലയൊലികള്‍ എത്തിയിട്ടില്ല. കെ. കരുണാകരനെയും എ.കെ ആന്റണിയെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മതേതര ജനാധിപത്യത്തിന്റെ പതാകവാഹകരായിരുന്നു.
കെ. കരുണാകരന്‍ കറകളഞ്ഞ ഹിന്ദുമതവിശ്വാസിയായിരുന്നു. ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും അണുവിട തെറ്റാതെ പാലിച്ചുപോന്ന വിശ്വാസി.
എല്ലാ മലയാള മാസം ഒന്നാം തിയ്യതിയും ഗുരുവായൂരിലെത്തി കണ്ണനെ തൊഴുതു സായൂജ്യമടഞ്ഞയാള്‍. അങ്ങനെയുള്ള കരുണാകരനെ ആരും വര്‍ഗീയവാദിയായി ചിത്രീകരിച്ചില്ല.
ഹിന്ദുത്വവാദിയെന്നു വിളിച്ചില്ല. സംഘ്പരിവാര്‍ ഛായയുള്ള കോണ്‍ഗ്രസുകാരനെന്ന് ആക്ഷേപിച്ചിട്ടില്ല. ചര്‍ച്ചില്‍ കയറാത്ത എ.കെ ആന്റണിയെ ഒരിക്കല്‍പോലും ഇടവകള്‍ തള്ളിപ്പറഞ്ഞിട്ടില്ല.
അങ്ങനെയുള്ള ഒരു മഹിതപാരമ്പര്യം കാത്തുസൂക്ഷിച്ചുപോന്ന കേരളത്തിലെ കോണ്‍ഗ്രസ് പാരമ്പര്യത്തെ ഇല്ലാതാക്കിയോ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പി.വി നരസിംഹറാവുവിന്റെ കേരളത്തിലെ പിന്‍ഗാമിയാവുകയാണോ ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി നിരപരാധിയായിരിക്കാം.
കളങ്കിതരായ മന്ത്രിമാരെ മത്സരിപ്പിക്കുവാന്‍ പറ്റുകയില്ലെന്നു വി.എം സുധീരന്‍ പറഞ്ഞപ്പോള്‍ മിണ്ടാതെനിന്നാല്‍ മതിയായിരുന്നു.
താന്‍ പിടിച്ച മുയലിനു മൂന്നുകൊമ്പെന്നു വാശിപിടിച്ചു കളങ്കിതര്‍ക്കു സീറ്റില്ലെങ്കില്‍ തനിക്കും വേണ്ടെന്നുപറഞ്ഞു ഹൈക്കമാന്റിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന വ്യക്തിഭാവമായിരുന്നില്ല ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നത്.
എന്തോ ഒളിക്കുവാനുണ്ടെന്ന തോന്നലാണു പൊതുസമൂഹത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഇറങ്ങിപ്പോക്കു സൃഷ്ടിച്ചത്. തെരഞ്ഞെടുപ്പില്‍ അതു കാണുകയും ചെയ്തു.
തന്റെ നിര്‍ബന്ധംകൊണ്ടു സീറ്റ് ലഭിച്ച മന്ത്രിമാരെ ജയിപ്പിച്ചെടുക്കേണ്ട ബാധ്യത ഉമ്മന്‍ചാണ്ടിയില്‍മാത്രം അര്‍പ്പിതമായിരുന്നു അപ്പോള്‍. ബി.ജെ.പിയോടു മൃദുസമീപനം കാണിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.
കുട്ടനാട്ടില്‍ നടത്തിയ പ്രസംഗം തിരുത്തുവാന്‍ വി.എം സുധീരനും എ.കെ ആന്റണിയും എത്ര പാടുപെട്ടു. അതിവേഗം ബഹുദൂരം എത്രപെട്ടെന്നാണു വിസ്മൃതമായത്.
കാരുണ്യ എത്രപെട്ടെന്നാണു വറ്റിപ്പോയത്. വര്‍ഗീയപ്രീണനത്തോടു മുഖംതിരിഞ്ഞു നില്‍ക്കുകയും മനസ്സിലുള്ളതു പൊതുസമൂഹത്തോടു തുറന്നുപറഞ്ഞ് നിസ്വാര്‍ഥത ലോകത്തിനു കാണിച്ചുകൊടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ വിജയിക്കുകയും ചെയ്തു.
വി.ഡി സതീശന്‍, വി.ടി ബല്‍റാം, ഷാഫി പറമ്പില്‍ തുടങ്ങിയ യുവനേതാക്കളെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. അവരുടെ വിശ്വാസ്യതയെ ജനം വിലമതിച്ചു. അവര്‍ക്കു വോട്ടുനല്‍കി.
കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വിശ്വാസവും ആദരവും നേടിയെടുക്കുകയെന്നതായിരിക്കണം രാഷ്ട്രീയനേതാവിന്റെ ജീവിതദൗത്യം.
ആ ദൗത്യത്തില്‍ പരാജയപ്പെട്ടവര്‍ വിശ്വാസ്യത നഷ്ടപ്പെടുത്തിയവര്‍ ആര്യാടന്‍ മുഹമ്മദിനെപ്പോലെ രാഷ്ട്രീയത്തില്‍നിന്നു മാറിനില്‍ക്കണം.
വി.ഡി. സതീശനെപ്പോലുള്ള, വി.ടി ബല്‍റാമിനെപ്പോലുള്ള, ഷാഫി പറമ്പിലിനെപ്പോലുളള മതേതരജനാധിപത്യത്തിന്റെ ശബ്ദിക്കുന്ന കാവലാളുകള്‍ക്കു കോണ്‍ഗ്രസിന്റെ നേതൃത്വം ഏല്‍പ്പിച്ചുകൊടുക്കണം. അപ്പോള്‍ മാത്രമേ നഷ്ടപ്പെട്ട വിശ്വാസം കോണ്‍ഗ്രസിനു തിരിച്ചുപിടിക്കാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."