ഹൈക്കമാന്‍ഡ് ഇടപെട്ട് അഴിച്ചുപണി നടത്തണം
പ്രിയ സോണിയാജീ,
കേരളത്തിലെ പഴയ കോണ്‍ഗ്രസ് നേതാക്കളിലൊരാളായ ഞാന്‍ ഹൃദയവേദനയോടെയാണ് ഈ കത്ത് മെയില്‍ ചെയ്യുന്നത്. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നാണംകെട്ട പരാജയം കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതാക്കളുടെ അതിരുകവിഞ്ഞ വീഴ്ചകൊണ്ടുണ്ടായതാണ്. അഴിമതി സാര്‍വത്രികമായി. ഗ്രൂപ്പടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനംമൂലം ജനങ്ങള്‍ക്കു പാര്‍ട്ടിയിലുള്ള വിശ്വാസവും ആദരവും നഷ്ടമായി.
ഓരോ നേതാവും സ്വാര്‍ഥനും അത്യാഗ്രഹിയുമായി മാറുകയും സംസ്ഥാനത്തിന്റെ പൊതുസ്വത്തുവരെ വിറ്റു പണമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്നലത്തെ കെ.പി.സി.സി നിര്‍വാഹകസമിതി യോഗം ചടങ്ങു പരിണമിച്ചു. ഇലക്ഷന്‍ പരാജയത്തെക്കുറിച്ചു സംസാരിക്കാന്‍ അംഗങ്ങളെ അനുവദിക്കാതിരിക്കുന്നതിനു ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ യോഗത്തിനു മുമ്പേ തീരുമാനമെടുത്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ചു ഷാനിമോള്‍ ഉസ്മാന്‍, ബിന്ദുകൃഷ്ണ എന്നിവര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ഹൈക്കമാന്‍ഡ് ഇടപെട്ടു നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്. സി.പി.എം കേന്ദ്രനേതൃത്വം കേരളക്കാനടപടികളെ മാതൃകയാക്കാവുന്നതാണ്. ഗ്രൂപ്പിസത്തിനെതിരേ ഇടപെട്ട് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും മുഖ്യമന്ത്രിയെ അഭിപ്രായ ഐക്യത്തോടെ തെരഞ്ഞെടുക്കാനും അവര്‍ക്കായി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന പല നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന അഴിമതിയാരോപണങ്ങ അന്വേഷണം നടത്തി നടപടിയെടുക്കാത്തപക്ഷം അഴിമതിയെ ഹൈക്കമാന്‍ഡും അംഗീകരിക്കുകയാണെന്നു ജനങ്ങള്‍ ധരിക്കാനിടവരും.
സോളാര്‍ വിവാദത്തെക്കുറിച്ച് പഠിക്കാന്‍കൂടി സോണിയാജി കുറച്ചു സമയം ചെലവഴിക്കണമെന്നു ഞാനഭ്യര്‍ഥിക്കുന്നു. സോളാര്‍ വിവാദ അന്വേഷണ കമ്മിഷന്‍ ഇതുവരെ 130 ല്‍ പരം സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള ഒരുനിര കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയുടെ ഓഫിസും വിവാദത്തില്‍ കുറ്റകരമായി ഉള്‍പ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നതിനു മുമ്പുതന്നെ ഹൈക്കമാന്റ് വിശദമായ പഠനം നടത്തി കുറ്റകരമായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്തപക്ഷം പാര്‍ട്ടിക്കു മുഖം നഷ്ടപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."