മൂന്നാമത് നാരായണീയ തത്ത്വസമീക്ഷാ സത്രം ഒന്നിന് തുടങ്ങും
കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠത്തില്‍ മൂന്നാമത് നാരായണീയ തത്ത്വസമീക്ഷാ സത്രം ഒന്നിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ടിന് സത്രം സമാപിക്കും. ഒന്നിനു രാവിലെ 4.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8.30ന് ശ്രീശങ്കര നാരായണീയ സമതിയുടെ ആഭിമുഖ്യത്തില്‍ നാരായണീയ സമ്പൂര്‍ണ പാരായണസമര്‍പ്പണം, വൈകിട്ട് 3.30ന് വേദപാരായണത്തോടെ സത്രസമാരംഭസഭ ആരംഭിക്കും.
മഠാധിപതി വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥസ്വാമിയാര്‍ ധ്വജാരോഹണം നടത്തും. ഗുരുവായൂര്‍ ക്ഷേത്ര അധികാരി മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി സത്രവേദിയില്‍ ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിക്കും. രേണുക വിശ്വനാഥന്‍ ഭദ്രദീപം തെളിയിക്കും. സഭാസമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ഡോ. കെ.എസ് ഇന്ദു, കെ രാജഗോപാല്‍, ഇ.എന്‍ ശൈലേഷ്, സി.പി മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. രണ്ടുമുതല്‍ എല്ലാ ദിവസവും രാത്രി ആറു മുതല്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ ഭാഗവത പാരായണം. 7.30, ഉച്ചക്ക് ഒന്നിന് നാരയണീയ പാരായണം. എട്ടിന് നാരായണീയ സംഗീത ആവിഷ്‌ക്കാരം. രാവിലെ ഒന്‍പതു മുതല്‍ വിവിധ സമയങ്ങളിലായി വൈകിട്ട് 4.45വരെ നാരായണീയത്തിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണം നടക്കും. 4.45 മുതല്‍ വന്ദേഗുരുപരമ്പര പരിപാടിയില്‍ ഋഷിശ്വരന്മാരുടെ ജീവിതവും ദര്‍ശനങ്ങളും ആസ്പദമാക്കി പ്രഭാഷണങ്ങള്‍. വൈകിട്ട് 6 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടക്കും.
ഏഴാം ദിവസമായ എട്ടിന് രാവിലെ 10.30ന് നടക്കുന്ന യജ്ഞസമാപനസഭയില്‍ വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ ഗരുഡധ്വജാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കെ.എ. ഫ്രാന്‍സിസ് മുഖ്യപ്രഭാഷണവും സി.കെ വിശ്വനാഥന്‍ ആശംസാപ്രസംഗവും നടത്തും. സി.പി മധുസൂദനന്‍ അധ്യക്ഷത വഹിക്കും.
താന്ത്രിക കുലപതി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം പ്രകാശിപ്പിക്കും. ഡോ. പി.വി വിശ്വനാഥന്‍ നമ്പൂതിരി സമാപനസന്ദേശം നല്‍കും. ഉച്ചക്ക് ഒരുമണിയോടെ ധ്വജാവരോഹണവും മഹാപ്രസാദമൂട്ടും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. പി.വി വിശ്വനാഥന്‍ നമ്പൂതിരി, എന്‍ സോമശേഖരന്‍, എം.വി നാരായണന്‍ നമ്പൂതിരി, ബി.വി.എന്‍ നമ്പൂതിരി, സി.പി മധുസൂദനന്‍, ഗണേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."