റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഒരുകോടി 30 ലക്ഷം: പി.സി ജോര്‍ജ്
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരുകോടി 29.5 ലക്ഷം രൂപാ അനുവദിച്ചതായി പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു. തകര്‍ന്നു കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായാണു തുക അനുവദിച്ചിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈരാറ്റുപേട്ട അല്‍മനാര്‍ ബൈപ്പാസ് പൂര്‍ത്തീകരിക്കുവാനായി 25 ലക്ഷം അനുവദിച്ചു. ആനിയിളപ്പ് -തേവരുപാറ റോഡ്, തിടനാട്-മണിയംകുളം-ചേന്നാട് റോഡ് എന്നിവയ്ക്ക് 20 ലക്ഷം വീതവും തീക്കോയി-ഞണ്ടുകല്ല് ,കൈപ്പള്ളി-ഏന്തയാര്‍ റോഡുകള്‍ക്ക്് പത്തു ലക്ഷം വീതവുമാണ് അനുവദിച്ചിരിക്കുന്നത്. വിലങ്ങുപാറ-തിടനാട്-പൂവത്തോട് റോഡിന് ഒന്‍പതുലക്ഷം, വെയില്‍കാണാംപാറ-പാക്കയം-തിടനാട് റോഡിന് എട്ടുലക്ഷം, ഈരാറ്റുപേട്ട-പൂവത്തോട് റോഡിനു 10 ലക്ഷം, പൂഞ്ഞാര്‍-കുന്നോന്നി-ആലുംതറ റോഡിന് എട്ടുലക്ഷം എന്നിങ്ങനെയും ഈരാറ്റുപേട്ട കടുവാമുഴിയില്‍ ഓട നിര്‍മാണം - 1.5 ലക്ഷം, തിടനാട്-ചേന്നാട് റോഡിന് സംരക്ഷണഭിത്തി നിര്‍മാണം- മൂന്നുലക്ഷം, തീക്കോയി-തലനാട് റോഡ് - അഞ്ചുലക്ഷവും അനുവദിച്ചിട്ടുണ്ട്.
ബജറ്റില്‍ തുക അനുവദിച്ചിരിക്കുന്ന ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് വിഭാഗം കണ്‍സള്‍ട്ടന്റിനെ നിയമിച്ചു. ഇതിനായി 27 ലക്ഷം രൂപ അനുവദിച്ചതായും ഒരു മാസത്തിനുള്ളില്‍ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കൂടുതല്‍ വളവുകള്‍ നിവര്‍ത്തുന്നതിനും കലുങ്കുകള്‍ വീതികുട്ടുന്നതിനും വാഗമണ്‍ മുതല്‍ ആനിയിളപ്പ് വരെ ഇരുവശങ്ങളിലും റീ ട്രെയിന്‍ നിര്‍മിക്കുന്നതിനും എം.ഇ.എസ്. ജങ്ഷന്‍ മുതല്‍ ആനിയിളപ്പ് വരെ ഫുട്പാത്ത് നിര്‍മാണവും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."