എല്‍.ഡി.എഫ് മനുഷ്യച്ചങ്ങല: ആദ്യ കണ്ണിയായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങല തലസ്ഥാന ജില്ലയിലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാജ്ഭവനു മുന്നില്‍ നിന്ന് ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണം വരെയുള്ള 45 കിലോമീറ്റര്‍ ദൂരത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്.
കടമ്പാട്ടുകോണത്ത് വി. ജോയി എം.എല്‍.എ ജില്ലയിലെ അവസാന കണ്ണിയായി. രാജ്ഭവനു മുന്നില്‍ ചങ്ങലയുടെ ആദ്യ കണ്ണിയായത് മുഖ്യമന്ത്രി പിണറായി വിജയന്‍. ചങ്ങല കടന്നുപോയ രാജ്ഭവന്‍, പട്ടം, കേശവദാസപുരം, ശ്രീകാര്യം, കഴക്കൂട്ടം, കച്ചേരിമുക്ക്, കല്ലമ്പലം, നാവായിക്കുളം എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിച്ചു.
എല്‍.ഡി.എഫിന്റെയും മുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കള്‍ സംസാരിച്ചു. ആയിരങ്ങളാണ് ചങ്ങലക്കണ്ണികളാകാന്‍ ഇന്നലെ വൈകിട്ടോടെ എത്തിയത്. പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. കല-സാംസ്‌കാരിക പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ ചങ്ങലയില്‍ കണ്ണികളായി.
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുക, സഹകരണമേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. വൈകിട്ട് നാലിന് ചങ്ങലയില്‍ പങ്കാളികളാകാനുള്ളവര്‍ അതത് സ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് 4.30ന് റിഹേഴ്‌സല്‍ നടത്തി അഞ്ചിന് ചങ്ങല തീര്‍ത്തു. മനുഷ്യച്ചങ്ങലയില്‍ എല്ലാ സഹകരണജീവനക്കാരും കുടുംബ സമേതം പങ്കെടുത്തുവെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്‌ളോയീസ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് എം. മുരളീധരന്‍ പറഞ്ഞു. മനുഷ്യച്ചങ്ങലയില്‍ ആര്‍.എസ്.പി ലെനിനിസ്റ്റിന്റെ പ്രവര്‍ത്തകരും കണ്ണികളായി. ആഭരണ നിര്‍മാണത്തൊഴിലാളികളും കുടുംബാംഗങ്ങളും ആഭരണവ്യാപാരികളും പങ്കെടുത്തു. പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകരും കുടുംബങ്ങളും പങ്കെടുത്തു. സോഷ്യല്‍ ബാക്ക്‌വേര്‍ഡ് ഫ്രണ്ട് ജില്ലാ, സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തുവെന്ന് ചെയര്‍മാന്‍ എ.പി.ഇബ്രാഹിംകുട്ടി പറഞ്ഞു.
നെയ്യാറ്റിന്‍കര ഏര്യയില്‍ നിന്നും അയ്യായിരത്തിലേറെ പേര്‍അണിചേര്‍ന്നു. ഇവര്‍ കണിയാപുരം ബസ് സ്റ്റാന്റ് മുതലാണ് അണിചേര്‍ന്നത്. ബാലരാമപുരത്തെ കൈത്തറിത്തൊഴിലാളികളും ചങ്ങലക്കണ്ണികളായി. വെള്ളറട മലയോര മേഖലയില്‍നിന്നും അയ്യായിരത്തിലേറെപ്പേര്‍ അണിനിരന്നു.
ആറ്റിങ്ങലില്‍ എ.സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ.ബി.സത്യന്‍ എം.എല്‍.എ സത്യവാചകം ചൊല്ലിക്കൊടുത്തു. സി.പി.എം ആറ്റിങ്ങല്‍ ഏര്യാ സെക്രട്ടറി ആര്‍.രാജു, ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്, നഗരസഭാ മുന്‍ചെയര്‍മാന്‍ ആര്‍.രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."