കുട്ടി എന്‍ജിനീയര്‍മാര്‍ ആശുപത്രിയിലുണ്ട്
കൊല്ലം: ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരെ കാണാനെത്തുന്ന രോഗികള്‍ ഒരു കൂട്ടം കുട്ടി എന്‍ജിനീയര്‍മാര്‍ക്ക് കൂടി നന്ദി പറഞ്ഞാണ് മടങ്ങുന്നത്. ക്രിസ്മസ്ദിന തലേന്ന് മുതല്‍ ജില്ലാ ആശുപത്രിയിലെ ഉപയോഗശൂന്യമായി കിടക്കുന്ന കിടക്കകളും കസേരകളും തൊട്ട് സര്‍ജിക്കല്‍ ഡയാതെര്‍മിയും പേഷ്യന്റ് മോണിറ്ററും വരെ നന്നാക്കിയെടുക്കുന്ന ജോലിയില്‍ വ്യാപൃതരായ നൂറോളം വരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുന്നത്. വെല്‍ഡിങും ഫിറ്റിങും പെയിന്റിങുമൊക്കെയായി ഒരു മെക്കാനിക്കല്‍ വര്‍ക്ക് ഷോപ്പിനെ അനുസ്മരിപ്പിക്കുകയാണ് ആശുപത്രിയിലെ കോര്‍ട്ട് യാര്‍ഡ്. പെണ്‍കുട്ടികളുടെ മികച്ച പങ്കാളിത്തവും ശ്രദ്ധേയമാണ്.
ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ പുനര്‍ജനി 2016 പരിപാടിയുടെ ഭാഗമായാണ് യുവത്വം ആസ്തികളുടെ പുനര്‍നിര്‍മാണത്തിന് എന്ന മുദ്രാവാക്യവുമായി യുവടെക്‌നീഷ്യന്‍മാര്‍ ഒത്തുചേര്‍ന്നത്. ഏതാണ്ട് 35 ലക്ഷം രൂപ മൂല്യമുള്ള പ്രവൃത്തികളാണ് വിവിധ ഉല്‍പന്നങ്ങളുടെ അറ്റകുറ്റപ്പണികളിലൂടെ നടന്നത്. കാംപയിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട 16 വീല്‍ചെയറുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കി. രോഗികളുടെ കിടക്കകള്‍, കാര്‍ഡിയാക് ബെഡുകള്‍, സ്ട്രച്ചറുകള്‍, ബെഡ് സൈഡ് ലോക്കറുകള്‍, സിലിണ്ടറിന്റെയും ഡ്രിപ്പിന്റെയും എക്‌സ്‌റേയുടെയും സ്റ്റാന്റുകള്‍, മെഡിസിനല്‍, ഇന്‍ജക്ഷന്‍, വേസ്റ്റ് ട്രോളികള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പുനരുപയോഗത്തിന് തയാറായിട്ടുണ്ട്.
ഓട്ടോക്ലേവുകള്‍, ബി.പി അപ്പാരറ്റസ്, സ്റ്റെറിലൈസറുകള്‍, നെബുലൈസറുകള്‍, സിറിഞ്ച് ഡിസ്‌പോസറുകള്‍, നീഡില്‍ ബര്‍ണറുകള്‍, സെന്‍ട്രിഫ്യൂങ്, ഫ്രീസര്‍, ജനറേറ്റര്‍ തുടങ്ങിയവയും എന്‍ജിനീയറിങ് കരവിരുതിന്റെ മികവില്‍ നന്നാക്കിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു. ആശുപത്രിയിലെ എയര്‍കണ്ടീഷനുകളുടെ സര്‍വിസിങും കാംപയിന്റെ ഭാഗമായി പുരോഗമിക്കുന്നു.
എം.എല്‍.എമാരായ എം. മുകേഷ്, എം നൗഷാദ്, മേയര്‍ വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്ത് തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് അഭിനന്ദനമറിയിച്ചു. കെ.കെ ശ്രീഹരി, സൗമ്യ മദനന്‍, അഞ്ജിത, രാഹുല്‍, അക്ഷയ്, ആസിഫ്, അബിന്‍ പ്രകാശ്, അബ്രാര്‍, ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."