ഉദ്ഘാടനം കാത്ത് പരപ്പനങ്ങാടി റെയില്‍വേ അടിപ്പാത
പരപ്പനങ്ങാടി: രണ്ടുകോടി രൂപ ചിലവില്‍ പണിപൂര്‍ത്തിയായ ടൗണിലെ റെയില്‍വേ അടിപ്പാതയുടെ മേല്‍പുര നിര്‍മാണം പൂര്‍ത്തിയായി. അവുക്കാദര്‍കുട്ടിനഹ മേല്‍പാലം യാഥാര്‍ഥ്യമായതോടെ രണ്ടു വര്‍ഷം മുന്‍പ് റെയില്‍വേ കൊട്ടിയടച്ച ലെവല്‍ക്രോസിന് അടിയിലൂടെയാണ് പാത നിര്‍മിച്ചത്.
മൂന്നു റെയില്‍വേ ട്രാക്കുകള്‍ക്കടിയിലൂടെ കടന്നു പോകുന്ന മലബാറിലെ തന്നെ ആദ്യ അടിപ്പാതയാണ് പരപ്പനങ്ങാടിയിലേത്. റെയില്‍വെഗേറ്റ് അടച്ചതോടെ രണ്ടു വില്ലേജുകളിലായി പരന്നു കിടക്കുന്ന സ്‌കൂളുകള്‍, കോടതികള്‍, പൊലിസ് സ്‌റ്റേഷന്‍, ബാങ്കുകള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍, ബസ് സ്റ്റാന്‍ഡ്, നഗരസഭ ഓഫിസ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ റെയില്‍ മുറിച്ചുകടക്കേണ്ട അവസ്ഥയായിരുന്നു.
നിരവധി മഹല്ലുകളിലുള്ളവര്‍ മയ്യിത്ത് സംസ്‌ക്കരിക്കുന്നതിനായി ആശ്രയിക്കുന്ന പനയത്തില്‍പള്ളി ഖബര്‍സ്ഥാനിലേക്ക് മയ്യിത്തുകള്‍ കൊണ്ടുപോകാനും ഏറെ ക്ലേശിക്കേണ്ട അവസ്ഥയുമുണ്ടായി. ഈ പ്രയാസങ്ങള്‍ തരണം ചെയ്യാനാണ് ജനപ്രതിനിധിയായ പി.കെ.അബ്ദുറബ്ബ് എം എല്‍ എ പദ്ധതി ആവിഷ്‌കരിച്ചത്.
ഒരുകോടി രൂപ സംസ്ഥാന സര്‍ക്കാരും ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി.യുടെ പരിശ്രമ ഫലമായി കേന്ദ്ര സര്‍ക്കാര്‍ ഒരുകോടി രൂപയും അനുവദിച്ചതിനെ തുടര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമായത്. മൂന്നരമീറ്റര്‍വീതിയും രണ്ടേമുക്കാല്‍മീറ്റര്‍ ഉയരവുമുള്ള അടിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണ് സഞ്ചാരം അനുവദിക്കുക. രാവും പകലും പ്രകാശിക്കുന്ന വൈദ്യുതി ബള്‍ബുകളും ക്യാമറകളും സ്ഥാപിക്കുന്നതും നഗരസഭയുടെ സജീവ പരിഗണനയിലാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പരപ്പനങ്ങാടിയിയുടെ വികസന രംഗത്തെ നാഴികകല്ലായിമാറും ഈ അടിപ്പാത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."