മുഖ്യമന്ത്രി എന്തു ചെയ്യുന്നു; ഇനി തല്സമയമില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി എന്തു ചെയ്യുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസില്‍ നടക്കുന്നത്് 24 മണിക്കൂറും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു ജനങ്ങള്‍ വിരല്‍ത്തുമ്പില്‍ കാണുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തു ചെയ്യുന്നുവെന്ന് ഇനി ആര്‍ക്കും കാണാന്‍ കഴിയില്ല.
മുഖ്യമന്ത്രിയുടെ ജോലി എന്താണെന്നോ ആരെല്ലാം സന്ദര്ശിക്കുന്നുവെന്നോ മുഖ്യമന്ത്രിയുടെ വെബ് കാമറയിലൂടെ ഇനി ലോകം അറിയില്ല.
പരസ്യമല്ല നല്ല ഭരണമാണു നടത്തേണ്ടതെന്ന പിണറായിയുടെ ഉത്തരവിനു മുകളില്‍ ഒരു കാമറയും ചലിക്കില്ല. ഉമ്മന്‍ചാണ്ടി തന്റെ ഓഫിസില്‍ സ്ഥാപിച്ചിരുന്ന വെബ്കാമറകള്‍ ഇന്നലെ അഴിച്ചുമാറ്റി. ചീഫ് സെക്രട്ടറി വിജയാനന്ദിനോട് കാമറകള്‍ നീക്കം ചെയ്യാന്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
വൈദ്യുതിമന്ത്രിയായിരുന്നപ്പോഴും പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴും ആര്‍ക്കും പിണറായി വിജയനെ കാണാമായിരുന്നു. പക്ഷേ നേരത്തെ പേരുനല്കി സമയം എടുക്കണമെന്നുമാത്രം. കാണാന്‍ വരുന്നവര്‍ എടുത്തിരിക്കുന്ന സമയത്തിന് ഒരു മിനിട്ടു മുന്‍പ് പിണറായി സീറ്റില്‍ അവരെ പ്രതീക്ഷിച്ച് ഇരിക്കുമായിരുന്നു. അതേ നിലപാടാണ് മുഖ്യമന്ത്രി ആകുമ്പോഴും. ഇനി മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്പില് ഒരു ജാഥയ്ക്കുള്ള ജനം തടിച്ചുകൂടില്ല. കാണാന്‍ സമയമനുവദിച്ചവര്ക്ക് മാത്രം പ്രവേശനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."