നോട്ടു പ്രതിസന്ധിക്കെതിരേ എല്‍.ഡി.എഫ് മനുഷ്യച്ചങ്ങല സഹകരണമേഖലയെ കൊല്ലുന്നതു ന്യൂജനറേഷന്‍ ബാങ്കുകളെ സഹായിക്കാന്‍: മന്ത്രി ചന്ദ്രശേഖരന്‍
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരും റിസര്‍വു ബാങ്കും സഹകരണ ബാങ്കുകളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത് ന്യൂജനറേഷന്‍ ബാങ്കുകള്‍ക്കു വേണ്ടിയാണെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍. എല്‍.ഡി.എഫ് മനുഷ്യചങ്ങലയുടെ സംസ്ഥാനത്തെ അവസാന കണ്ണിയായി പങ്കുചേര്‍ന്നതിനു ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളപ്പണക്കാരെ പിടികൂടാനും കള്ളപ്പണം പിടിച്ചെടുക്കാനുമാണ് നോട്ട് നിരോധിച്ചതെന്നാണു നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ നോട്ട് നിരോധിച്ച് 48 ദിവസമായിട്ടും കള്ളപണം പിടികൂടാന്‍ സാധിച്ചില്ല. നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനമെന്ന പ്രഖ്യാപനം ഇന്ത്യയിലെ ജനകോടികളെ തീരാദുരിതത്തിലേക്കു തള്ളിവിടുകയായിരുന്നുവെന്നും ഇതിനെതിരേ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നതിന്റെ തെളിവാണു മനുഷ്യച്ചങ്ങലയുടെ ജനപങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
47 കീലോമീറ്റര്‍ നീണ്ട ജില്ലയിലെ മനുഷ്യചങ്ങലയില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അവസാന കണ്ണിയായി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ എം.പി, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ പി രാഘവന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബി.വി രാജന്‍, എം അനന്തന്‍ നമ്പ്യാര്‍, സി.വി ദാമോദരന്‍, സി.എച്ച് കുഞ്ഞമ്പു, അസീസ് കടപ്പുറം, ടി.കെ രാജന്‍, വി കെ രമേശ്, കെ.എസ് ഫക്രുദീന്‍, കെ.ടി ജോര്‍ജ് തുടങ്ങിയവര്‍ കണ്ണികളായി.
നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ എം രാജഗോപാലന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, കെ.എസ് കുര്യാക്കോസ്, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍, പള്ളിക്കരയില്‍ എ.കെ.ജിയുടെ മകളും പി കരുണാകരന്‍ എം.പിയുടെ മകളുമായ ലൈല കരുണാകരന്‍, മകള്‍ മാതു കരുണാകരന്‍ തുടങ്ങിയവര്‍ കണ്ണിചേര്‍ന്നു.
മാര്‍ക്കറ്റില്‍ നടന്ന പൊതുയോഗം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി വിജയകുമാര്‍ അധ്യക്ഷനായി. പള്ളിക്കരയില്‍ ടി.കെ രവി ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."