കീഴ്പ്പള്ളിയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തി
ഇരിട്ടി: കീഴ്പള്ളി പരിപ്പുതോട്ടില് കാട്ടാനയെ അവശനിലയില്‍ കണ്ടെത്തി. കൊട്ടിയൂര്‍ ഫോറസ്റ്റ് റെയ്ഞ്ചര്‍ വി രതീശന്റെ നേതൃത്വത്തില്‍ മൃഗഡോക്ടറും സംഘവും സ്ഥലത്തെത്തി ആനയെ ചികിത്സിക്കാനുള്ള ശ്രമം നടത്തിയെങ്കിലും കൂടെയുള്ള കുട്ടിക്കൊമ്പന്റെ പരാക്രമം മൂലം വിഫലമായി. ആനയെ ചികിത്സിക്കാനുള്ള ശ്രമം ഇന്നു തുടരും. ഇന്നലെ രാവിലെ ഏഴോടെയാണ് വനമേഖലയോടു ചേര്‍ന്ന ആന്‍ മരിയ എസ്റ്റേറ്റിനു സമീപം തോട്ടത്തിലെ ജോലിക്കാര്‍ കാലില്‍ നീരുവന്ന് അവശനിലയിലായ 30 വയസ് തോന്നിക്കുന്ന പിടിയാനയേയും എട്ടു വയസു പ്രായം തോന്നിക്കുന്ന കുട്ടികൊമ്പനെയും കണ്ടത്. സ്ഥലത്തെത്തിയ വനപാലക സംഘം ആനയെ നിരീക്ഷിക്കുന്നതിനിടെ കാട്ടാന സാവധാനം നടന്നുനീങ്ങി വനത്തിനകത്ത് മറിഞ്ഞു വീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൊമ്പന് ആരെയും അടുപ്പിച്ചില്ല. തുടര്‍ന്ന് ആനയെ പരിശോധിക്കുന്നതിനായി വയനാട്ടില്‍ നിന്നു മൃഗഡോക്ടറായ അരുണ്‍ മെക്കറിയയെ വൈകുന്നേരം ആറോടെ സ്ഥലത്തെത്തിച്ചു. കണ്ണവം ഫോറസ്റ്റ് ഓഫിസര്‍ എം ജോഷിത്ത്, വനപാലകരായ കെ.വി ആനന്ദ്, കെ.എസ് ബാബു, എം രാജന് എന്നിവരുടെ നേതൃത്വത്തില്‍ പിടിയാനയുടെ കൂടെയുണ്ടായിരുന്ന കുട്ടികൊമ്പനെ തുരത്തി ചികിത്സിക്കാനുള്ള ശ്രമം കൊമ്പന്റെ പരാക്രമം മൂലം പരാജയപ്പെടുകയായിരുന്നു. സ്ഥലത്ത് തന്നെ ക്യാംപ് ചെയ്യുന്ന വനപാലകര്‍ ചികിത്സ നടത്താനുള്ള ശ്രമം ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."