ഹജ്ജ് അപേക്ഷ തിങ്കളാഴ്ച മുതല്‍: ഇത്തവണ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും സമര്‍പ്പിക്കാം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം ജനുവരി രണ്ട് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഹജ്ജ് അപേക്ഷകള്‍ നേരിട്ടും, ഓണ്‍ലൈന്‍ വഴിയും സമര്‍പ്പിക്കുന്നതിന് പുറമെ ഇത്തവണ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും നല്‍കാം. അപേക്ഷാ ഫോറത്തിന്റെ വിതരണത്തിന്റെയും തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് ട്രെയിനര്‍മാര്‍ക്കുള്ള ആദ്യഘട്ട പരിശീലനത്തിന്റെയും ഉദ്ഘാടനം ഹജ്ജ് ഹൗസില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതിന് ഹജ്ജ് കാര്യവകുപ്പ് മന്ത്രികൂടിയായ ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും.
അപേക്ഷാ ഫോറങ്ങള്‍ ജനുവരി രണ്ടുമുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10മുതല്‍ വൈകിട്ട് അഞ്ച് വരെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നിന്നും, ജനുവരി രണ്ടിനു ശേഷം എല്ലാ പ്രവൃത്തി ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ ഹജ്ജ് കമ്മിറ്റി ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസാ അധ്യാപക ക്ഷേമനിധി ഓഫിസില്‍ നിന്നും സൗജന്യമായി ലഭിക്കും.
അപേക്ഷാഫോറം ലഭിക്കുന്നതിന് അപേക്ഷകരുടെ എതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. ഹജ്ജ് കമ്മിറ്റിയുടെ വെബ് സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡും ചെയ്തും അപേക്ഷകള്‍ ലഭ്യമാക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 24ന് മുന്‍പായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സമര്‍പ്പിച്ചിരിക്കണം.
ഹജ്ജിന് നേരിട്ട് അപേക്ഷ നല്‍കുന്നതിന് പുറമെ ഓണ്‍ലൈന്‍ വഴിയും, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഇത്തവണ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഹജ്ജ് കമ്മിറ്റിയുടെ രണ്ട് വെബ്‌സൈറ്റുകള്‍ വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആപ്പ് ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി പരീക്ഷിക്കുന്നത്. അപേക്ഷകരോട് പരമാവധി ഓണ്‍ലൈനിലേക്ക് മാറാനും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."