മാവോയിസ്റ്റുകള്‍ ബോംബ് നിര്‍മാണത്തിന് ഒരുക്കങ്ങള്‍ നടത്തിയെന്ന് പൊലിസ്
കാളികാവ്: തോക്ക് പരിശീലനത്തിനു പുറമെ മാവോയിസ്റ്റ് ക്യാംപില്‍ ബോംബ് നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ കൂടി നടത്തിയിരുന്നതായി സൂചന.
നിലമ്പൂര്‍ വന മേഖലയിലെ ക്യാംപില്‍ നിന്ന് ഇത് സംബന്ധിച്ച് വ്യക്തമായ സൂചന നല്കുന്ന സുപ്രധാന രേഖ ലഭിച്ചതായും ബോംബ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ വാങ്ങിക്കുവാനുള്ള പട്ടിക അന്വേഷണ സംഘത്തിന് ലഭിച്ചതായും പൊലിസ് പറഞ്ഞു.
ബോംബ് നിര്‍മാണ വിദഗ്ധനായ കുപ്പു ദേവരാജിനെ നിലമ്പൂര്‍ മേഖലയിലേക്ക് നിയോഗിച്ചതിന് പിന്നില്‍ വലിയ ദൗത്യമുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജന്‍സ് സംശയിച്ചിരുന്നു.
ബോംബ് നിര്‍മാണത്തിനായി അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, മുകള്‍ ഭാഗം പൊതിയാന്‍ അലൂമിനിയം പേപ്പര്‍, വലിയ സെല്ലോടാപ്പ് തുടങ്ങിയ വസ്തുക്കള്‍ വാങ്ങിക്കാനാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
രാസവസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മിച്ച ബോംബുകളും ക്യാംപില്‍ നിന്ന് ലഭിച്ചതായി പൊലിസ് വെളിപ്പെടുത്തി.
സ്ഫോടക വസ്തുക്കളുടെ വിവരങ്ങളടങ്ങിയ രേഖ തയാറാക്കിയത് ഇംഗ്ലീഷിലും തമിഴിലുമാണ്. ഇംഗ്ലീഷ് ഭാഗം വായിക്കാന്‍ കഴിയുന്നുണ്ടെങ്കിലും തമിഴിലുള്ള ഭാഗം വായിക്കാനും മനസിലാക്കാനും പ്രയാസമാണ്. മാവോയിസ്റ്റ് ക്യാംപില്‍ രോഗികളുണ്ടായിരുന്നുവെന്ന സൂചനയുമുണ്ട്.
സ്ഫോടക വസ്തുക്കള്‍ വാങ്ങിക്കാന്‍ തയാറാക്കിയ കുറിപ്പടിയില്‍ മരുന്നുകളും കുറിച്ചിട്ടുണ്ട്.
അലോപ്പതി മരുന്നുകളും സിദ്ധൗഷധങ്ങളും വേണമെന്നുണ്ട്. മാവോയിസ്റ്റുകളുടെ മുന്നൊരുക്കം വളരെ ആസൂത്രിതമായിട്ടായിരുന്നുവെന്ന സൂചനകളാണ് ഇതില്‍ നിന്ന് ലഭിക്കുന്നതെന്ന വിലയിരുത്തലിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."