നോട്ടു പ്രതിസന്ധി: ക്ഷേമപെന്‍ഷന്‍ വിതരണം പലയിടത്തും മുടങ്ങി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമപെന്‍ഷനുകളുടെ വിതരണം നോട്ടുക്ഷാമം കാരണം പല സ്ഥലത്തും തടസപ്പെട്ടതായി ധനമന്ത്രിയുടെ ഓഫിസ്. ആവശ്യമായത്ര കറന്‍സി റിസര്‍വ് ബാങ്ക് ലഭ്യമാക്കാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പെന്‍ഷന്‍ വീട്ടില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട 16 ലക്ഷം പേര്‍ക്ക് 506.7 കോടി രൂപ സഹകരണബാങ്കുകള്‍ വഴി തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങിയതാണ് തടസപ്പെട്ടത്.
ബാക്കി 17.58 ലക്ഷം പേര്‍ക്ക് 548.6 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു നല്‍കിയിരുന്നു.
ക്ഷേമപെന്‍ഷന്റെ വിതരണത്തിന് ഡിസംബര്‍ 26 മുതല്‍ 31 വരെ ഓരോ ദിവസവും ശരാശരി 100 കോടി രൂപ വീതം 506 കോടി രൂപ വേണ്ടിവരുമെന്നും അതു ലഭ്യമാക്കണമെന്നും വിനിയോഗിക്കാന്‍ തടസങ്ങള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും പാലിക്കപ്പെട്ടില്ലെന്നു ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ആകെ 193 കോടി രൂപ ആവശ്യപ്പെട്ടിടത്ത് 86 കോടി രൂപ മാത്രമേ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്കു കഴിഞ്ഞുള്ളൂ.
സംസ്ഥാനത്തെ ഏഴു ട്രഷറികളില്‍ ഇന്നലെ ഒരു പൈസ പോലും റിസര്‍വ് ബാങ്ക് ലഭ്യമാക്കിയില്ല. എടക്കര, കടുത്തുരുത്തി, മീനച്ചില്‍, പള്ളിക്കത്തീട്, പരവൂര്‍, നെയ്യാറ്റിന്‍കര പെന്‍ഷന്‍ ട്രഷറി എന്നീ സബ് ട്രഷറിയിലും പാലാ ജില്ലാട്രഷറിയിലുമാണ് ബാങ്കുകള്‍ ഒരു പൈസയും നല്‍കാത്തത്.
നാലരക്കോടിയില്‍ താഴെയുള്ള ചെറിയ തുകകള്‍ ആവശ്യപ്പെട്ട ആലപ്പുഴ, എറണാകുളം, കാസര്‍കോട് എന്നീ ജില്ലാട്രഷറികളില്‍ മാത്രമാണ് മുഴുവന്‍ പണവും ലഭ്യമാക്കിയത്. വെള്ളിയാഴ്ചത്തെ ആവശ്യത്തിന് 44 കോടി രൂപ ആവശ്യപ്പെട്ട പാലക്കാട് ജില്ലയില്‍ 6.5 കോടി രൂപയും 22.85 കോടി രൂപ ആവശ്യപ്പെട്ട കൊല്ലം ജില്ലയില്‍ 10.68 കോടിയും 26 കോടി ആവശ്യപ്പെട്ട കണ്ണൂര്‍ ജില്ലയില്‍ 16 കോടിയും 13.8 കോടി ആവശ്യപ്പെട്ട കോട്ടയം ജില്ലയില്‍ 4.4 കോടിയും 14.55 കോടി ആവശ്യപ്പെട്ട തൃശൂര്‍ ജില്ലയില്‍ ആറുകോടിയും 18.8 കോടി ആവശ്യപ്പെട്ട മലപ്പുറം ജില്ലയില്‍ 5.8 കോടിയും 19 കോടി ആവശ്യപ്പെട്ട തിരുവനന്തപുരം ജില്ലയില്‍ 10.9 കോടിയുമാണു ബാങ്കുകള്‍ നല്‍കിയത്.
മറ്റു ജില്ലകളിലും ആവശ്യപ്പെട്ടതിന്റെ ചെറിയ പങ്കേ ലഭിച്ചിട്ടുള്ളൂവെന്നും ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."