പാകിസ്താന് ഇന്നിങ്‌സ് തോല്‍വി; ആസ്‌ത്രേലിയക്ക് പരമ്പര
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് തകര്‍പ്പന്‍ ജയം. പാകിസ്താനെ ഇന്നിങ്‌സിനും 18 റണ്‍സിനുമാണ് ആസ്‌ത്രേലിയ തകര്‍ത്തത്. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കേ ഓസീസ് 2-0ത്തിനു നേടി.
ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തിയര്‍ത്തിയപ്പോള്‍ ഓസീസ് എട്ടു വിക്കറ്റിനു 624 റണ്‍സെടുത്തു ഡിക്ലയര്‍ ചെയ്തു. 181 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി പാകിസ്താന്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു മെല്‍ബണില്‍. 53.2 ഓവറില്‍ അവരുടെ ചെറുത്ത് നില്‍പ്പ് 163 റണ്‍സില്‍ അവസാനിച്ചു.
ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടി പാകിസ്തനെ മികച്ച സ്‌കോറിലെത്തിച്ച അസ്ഹര്‍ അലി രണ്ടാം ഇന്നിങ്‌സിലും പൊരുതി. അസ്ഹര്‍ 43 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് (43), യൂനിസ് ഖാന്‍ (24) എന്നിവരും പൊരുതിയെങ്കിലും മറ്റൊരാള്‍ക്കും കാര്യമായ ചെറുത്തുനില്‍പ്പിനു അവസരം നല്‍കാന്‍ ഓസീസ് ബൗളിങ് നിര സമ്മതിച്ചില്ല. നാലു വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ നഥാന്‍ ലിയോണുമാണ് പാകിസ്താനെ തൂത്തെറിഞ്ഞത്.
നേരത്തെ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന നായകന്‍ സ്റ്റിവന്‍ സ്മിത്ത് (165) ഒരറ്റത്ത് പറ പോലെ ഉറച്ചു നിന്നാണ് ഓസീസ് സ്‌കോര്‍ 600 കടത്തിയത്. വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങുമായി മിച്ചല്‍ സ്റ്റാര്‍ക്ക് നിറഞ്ഞു കത്തിയത് അവരുടെ ഇന്നിങ്‌സിനു ബലം നല്‍കുകയും ചെയ്തു. 91 പന്തില്‍ ഏഴു സിക്‌സും മൂന്നു ഫോറും ഉള്‍പ്പടെ സ്റ്റാര്‍ക്ക് 84 റണ്‍സ് അടിച്ചെടുത്തു. സ്മിത്തും–സ്റ്റാര്‍ക്കും ചേര്‍ന്നു ഏഴാം വിക്കറ്റില്‍ 154 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്മിത്താണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."