ഇസ്‌റാഈല്‍ വിരുദ്ധ പരാമര്‍ശം: ജോണ്‍ കെറിക്കെതിരേ വിമര്‍ശനവുമായി തെരാസെ മേ
ലണ്ടന്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ ഇസ്‌റാഈല്‍ സര്‍ക്കാരിനെതിരേയുള്ള പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സഖ്യരാഷ്ട്ര സര്‍ക്കാരിനെ ആക്രമിക്കുന്നതു ശരിയാണെന്നു കരുതുന്നില്ലെന്ന് മേയുടെ വക്താവ് പറഞ്ഞു.
ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ വലതുപക്ഷ സര്‍ക്കാരാണ് നെതന്യാഹുവിന്റേതെന്നും കടുത്ത തീവ്രനയങ്ങളാണ് അവരെ നയിക്കുന്നതെന്നും കഴിഞ്ഞ ദിവസം കെറി പ്രസ്താവിച്ചിരുന്നു. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലേമിലും അനധികൃതമായി കുടിയേറ്റം നടത്തി ഇസ്രാഈല്‍ പശ്ചിമേഷ്യയിലെ സമാധാന പ്രതീക്ഷകളെ തകര്‍ക്കുകയാണെന്നും കെറി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഫലസ്തീനിലെ അനധികൃത ഇസ്‌റാഈല്‍ കുടിയേറ്റത്തിനെതിരേ യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ വീറ്റോ ചെയ്യാതെ അമേരിക്ക വിട്ടുനിന്നതിനു പിറകെയാണ് കെറിയുടെ പ്രസ്താവന പുറത്തുവന്നത്. അമേരിക്കയുടെ നടപടി ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്. തെരാസാ മേയുടെ വിമര്‍ശനം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപമുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു പൊതുവെ വിലയിരുത്തപ്പെടുന്നത്. യു.എന്‍ പ്രമേയത്തെ വീറ്റോ ചെയ്യണമെന്ന് ട്രംപ് ഒബാമയോട് ആവശ്യപ്പെട്ടിരുന്നു. ഇതാദ്യമായാണ് ഒബാമാ സര്‍ക്കാരുമായി മേ ഒരു വിഷയത്തില്‍ വിമര്‍ശനം രേഖപ്പെടുത്തുന്നത്.
ഭീകരവാദ ഭീഷണിയുമായി ദീര്‍ഘകാലമായി ഇസ്‌റാഈല്‍ പോരാടിക്കൊണ്ടിരിക്കുന്നു. അതിനിടക്ക് കുടിയേറ്റ വിഷയത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നത് ജൂതര്‍ക്കും അറബികള്‍ക്കുമിടയില്‍ സമാധാനം കൊണ്ടുവരാനുള്ള ശരിയായ വഴിയല്ലെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ഓഡിറ്റോറിയത്തില്‍ മേയുടെ വക്താവ് നടത്തിയ 70 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പറഞ്ഞു.
മേയുടെ വിമര്‍ശനം ആശ്ചര്യകരമാണെന്നും ബ്രിട്ടന്റെ കൂടി നയത്തോട് ഒത്തുപോകുന്ന പരാമര്‍ശങ്ങളാണ് കെറി നടത്തിയതെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. ഇസ്‌റാഈല്‍ കുടിയേറ്റത്തിനെതിരേയുള്ള പ്രമേയത്തിനുള്ള പിന്തുണയ്ക്ക് ജര്‍മനി, ഫ്രാന്‍സ്, കാനഡ, ജോര്‍ദാന്‍, ഈജിപ്ത്, തുര്‍ക്കി, സഊദി അറേബ്യ, ഖത്തര്‍, യു.എ.ഇ എന്നീ രാഷ്ട്രങ്ങള്‍ക്ക് അമേരിക്ക നന്ദിരേഖപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."