ശ്രീനാരായണധര്‍മ സംരക്ഷണ വേദിക്ക് നീക്കം; പിന്നില്‍ സി.പി.എമ്മെന്ന് സൂചന
കൊച്ചി: സി.പി.എം ഒത്താശയോടെ സംസ്ഥാനത്ത് ശ്രീനാരായണ ധര്‍മ സംരക്ഷണ സമിതി വരുന്നു. വെള്ളാപ്പള്ളിയുടെ ജാതീയ അജന്‍ഡയ്ക്ക് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം സമാന്തര ഗുരുദേവ പ്രവര്‍ത്തനങ്ങളുമായി ശാഖാ യോഗങ്ങള്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.
പുതുതായി രൂപപ്പെടുന്ന ധര്‍മസംരക്ഷണവേദിക്ക് പ്രൊഫ. എം.കെ.സാനു നേതൃത്വം നല്‍കുമെന്നറിയുന്നു. എസ്.എന്‍.ഡി.പി ഇപ്പോള്‍ സംസ്ഥാനത്ത് നടത്തിവരുന്ന ചതയാഘോഷ പരിപാടിയടക്കമുളള പ്രവര്‍ത്തനങ്ങള്‍ക്കു സംരക്ഷണസമിതിയും നേതൃത്വം നല്‍കും. എസ്.എന്‍.ഡി.പിക്ക് കൂടുതല്‍ കരുത്തുളള കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടമെന്നോണം ശാഖകള്‍ രൂപപ്പെടുന്നത്. എസ്.എന്‍.ഡി.പി ആഭിമുഖ്യമുളള സി.പി.എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുളള വേദിയായി ഇതിനെ കണക്കാക്കുന്നുണ്ടെങ്കിലും അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ വെള്ളാപ്പള്ളിയെ യോഗം തലപ്പത്തുനിന്നു പുകയ്ക്കാനുളള നീക്കമാണ് ഇപ്പോള്‍.
നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഈഴവരടക്കമുള്ള പിന്നോക്ക ദലിത് വിഭാഗങ്ങളെ ബി.ജെ.പിയുടെ തൊഴുത്തില്‍കെട്ടി കച്ചവടം നടത്താന്‍ ശ്രമിച്ച വെള്ളാപ്പള്ളിയുടെ നീക്കങ്ങള്‍ ലക്ഷ്യം തെറ്റിയതാണ് സി.പി.എമ്മിന്റെ പുത്തന്‍നീക്കത്തിനു വേഗം വര്‍ധിപ്പിച്ചത്. വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ്‌രംഗത്തെ സാന്നിധ്യം സി.പി.എമ്മിനു ദോഷം ചെയ്യുമെന്നു കരുതിയിരുന്നെങ്കിലും വേണ്ടത്ര ഏശിയില്ല. തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിക്ക് മേല്‍ അധീശത്വം നേടാന്‍ കഴിഞ്ഞത് സി.പി.എമ്മിന് വെള്ളാപ്പള്ളിയെ നേരിടുന്നതില്‍ കൂടുതല്‍ കരുത്ത് കൈവന്നിട്ടുണ്ട്. മാത്രമല്ല യു.ഡി.എഫിന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ച് കാലങ്ങളായി യു.ഡി.എഫിന് ലഭിച്ചിരുന്ന വോട്ടുകള്‍ ബി.ജെ.പി - ബി.ഡി.ജെ.എസ് കേന്ദ്രങ്ങളിലേക്ക് ചോര്‍ന്നത് സി.പി.എമ്മിന് കൂടുതല്‍ ഗുണം ചെയ്ത സാഹചര്യത്തിലാണ് പുതിയ നീക്കത്തിന് സാഹചര്യമൊരുങ്ങിയത്.
ബി.ജെ.പിക്ക് വളരാന്‍ ഗുരുദര്‍ശനങ്ങള്‍ പണയപ്പെടുത്തിയ വെള്ളാപ്പള്ളി യോഗം തലപ്പത്തുനിന്നു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത് ധര്‍മസംരക്ഷണ വേദിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങളാണെന്നാണു സൂചന.
വെള്ളാപ്പള്ളിയുടെ നീക്കങ്ങളെ ചെറുക്കാന്‍ സി.പി.എം ശ്രീനാരായണ ധര്‍മവേദിയുടെ സഹായവും തേടിയിട്ടുണ്ട്. ഗോകുലം ഗോപാലന്റെയും ബിജുരമേശിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മവേദി സംസ്ഥാനത്ത് ഇപ്പോള്‍ ശുഷ്‌കമാണ്. വെള്ളാപ്പള്ളിയെ യോഗം തലപ്പത്തുനിന്നു നീക്കാന്‍ ധര്‍മവേദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാളിയ സാഹചര്യത്തിലാണ് പുത്തന്‍ ആശയവുമായി സി.പി.എം ധര്‍മവേദിയെ സമീപിച്ചത്. ധര്‍മവേദിയുടെ മുഴുവന്‍ സഹായവും ഇതിനായി സി.പി.എമ്മിന് ലഭിക്കുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."