ബസും ക്രെയിനും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരുക്ക്
ഫറോക്ക്: രാമനാട്ടുകരക്കു സമീപം ബസും ക്രെയിനും കൂട്ടിയിടിച്ചു 10 പേര്‍ക്ക് പരുക്ക്. ദേശീയപാത 66ല്‍ പൂവ്വന്നൂര്‍ പള്ളിക്കു സമീപം പാലക്കാട്ട് നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്നു മൊണാലിസ എന്ന ബസാണ് ക്രെയിനിലിടിച്ചത്.
അപകടത്തെ തുടര്‍ന്നു ക്രെയിന്‍ മറിഞ്ഞു. ഗുരുതര പരുക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. ക്രെയിനിന്റെ ഡ്രൈവറും സഹായിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
നരിക്കുനി ലക്ഷ്മി നിലയത്തില്‍ സുരേഷിന്റെ ഭാര്യ സുമിത (37), തിരുത്തിയാട് കൊടിഞ്ഞില്‍കുഴി ദിലീപിന്റെ മകന്‍ സചൈത്രീഷ്‌നാഥ് (5), പെരിയമ്പലം അബൂബക്കര്‍ മകന്‍ റുക്ബത്ത് (36), പാലക്കാട് ചുണ്ടപ്പറമ്പില്‍ അപ്പുണ്ണി എഴുത്തച്ഛന്‍ മകന്‍ സി.എ രാജന്‍(51), കൊളത്തറ കളത്തില്‍ കമ്മുക്കോയ മകള്‍ ഷഹന (38), കോട്ടക്കല്‍ അബ്ദുല്‍ റസാഖ് മകള്‍ ഹിഷാന തസ്‌നിം (11), ബേപ്പൂര്‍ എളവീട്ടില്‍ ബൈജുവിന്റെ ഭാര്യ റെജിന ബൈജു (35), കൊളത്തറ കല്ലമ്പലത്ത് ബിന്ദുജ (45), ക്രെയിന്‍ ഡ്രൈവര്‍ രാമനാട്ടുകര സ്വദേശി അലിയാര്‍ അക്ബര്‍ (26) എന്നിവരെയാണ് ചുങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാമനാട്ടുകരയില്‍ ഭാഗത്തുനിന്നു കോഴിക്കോട്ടേക്കു വരികയായിരുന്ന ബസില്‍ പാതയോരത്തു നിന്നും ക്രെയിനിന്റെ നീളമേറിയ ബൂം ഇടിക്കുകയായിരുന്നു. ഇതു ബസിനുള്ളിലേക്ക് തുളച്ചുകയറിയാണ് പലര്‍ക്കും പരുക്കേറ്റത്.
ബൂം ബസില്‍ കൊളുത്തിപ്പിടിച്ചതിനാല്‍ ക്രെയിന്‍ പാതയോരത്തേക്കു തലകീഴായി മറിഞ്ഞു. സമീപത്തെ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണു.
പരുക്കേറ്റവരെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്നു ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. ഫറോക്ക് പൊലിസെത്തി ഗതാഗം നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."