പുതുവത്സരാഘോഷം: സുരക്ഷ ശക്തമാക്കി പൊലിസ്
കൊച്ചി: ജില്ലയിലെ പുതുവത്സരം അതിരുകടക്കാതിരിക്കാന്‍ പൊലിസ് സുരക്ഷ ശക്തമാക്കി. ആക്രമങ്ങളോ അസ്വാഭാവികതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ 100ല്‍ വിളിച്ച് അറിയിക്കണമെന്ന് പൊലിസ് അറിയിച്ചു. കൊച്ചി നഗരത്തില്‍ 1500 പൊലിസുകാരെ വിന്യസിച്ചിട്ടുണ്ട്. 100 ജീപ്പുകളും 200 ബൈക്കുകളിലുമായി പൊലിസ് പട്രോളിങ് നടത്തും. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള 25 ഫ്‌ളൈയിങ് സ്‌ക്വാഡുകളും നാലു പിങ്ക് പട്രോളിങ് ടീമുകളും ഇതിനു പുറമേയുണ്ടാകും.
പൊലിസ് സേവനം ആവശ്യമുള്ളവര്‍ക്ക് 0484 2385006 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഷാഡോ പൊലിസിനെ വിളിക്കാന്‍ 9497980430 എന്ന നമ്പറും നിലവിലുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പട്രോളിങ് ടീമിനെ 1515 എന്ന നമ്പറില്‍ ലഭ്യമാകും.
സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സര്‍വീസ് നടത്തുന്ന ഉല്ലാസ നൗകകള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ കോസ്റ്റല്‍ പൊലിസ് പട്രോളിങ് നടത്തും. റോഡില്‍ ഗതാഗതക്കുരുക്കുണ്ടാകാതിരിക്കാനും ശക്തമായ നടപടി സ്വീകരിക്കും. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പൊലിസ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കുമെന്നു സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ് അറിയിച്ചു.
ശനി, ഞായര്‍ ദിനങ്ങളില്‍ നടക്കുന്ന പുതുവത്സരദിന കാര്‍ണിവല്‍ റാലിയുമായി ബന്ധപ്പെട്ട് ഫോര്‍ട്ടുകൊച്ചിയില്‍ പ്രത്യേക പൊലിസ് കണ്‍ട്രോള്‍ റൂം തുറന്നു. മൂന്ന് അസ്സിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍മാര്‍, ആറ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 40 എസ്.ഐമാര്‍, 400 പൊലിസുകാര്‍ എന്നിവരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചി ബീച്ചിലും പരിസര ങ്ങളിലും150 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് വാച്ച് ടവറുകള്‍ സ്ഥാപിച്ച് ഓരോടവറിലും അഞ്ച് വീഡിയോ കാമറകള്‍ ഒരേ സമയം ലൈവ് റെക്കോര്‍ഡിങ്ങുകള്‍ നടത്തും ന്യൂ ഇയര്‍ ആസ്വദിക്കാന്‍ എത്തുന്ന വിദേശികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൂവാലശല്യം നിയന്ത്രിക്കുന്നതിനായി നൂറോളം ഉദ്യോഗസ്ഥര്‍ മഫ്ടിയില്‍ പ്രവര്‍ത്തിക്കും. ഇതില്‍ 50 ഓളം വനിതാപൊലിസ് ഉദ്യോഗസ്ഥരായിരിക്കും.
ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും തോപ്പുംപടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ അമരാവതി അജന്താ തീയേറ്റര്‍ റോഡുവഴി പാണ്ടിക്കുടിവഴി പോകേണ്ടതാണ്. പുതുവത്സര ആഘോഷങ്ങള്‍ കഴിഞ്ഞ് ബീച്ചില്‍ നിന്നും മടങ്ങി പോകുന്നതിനായി 12 മണിക്ക് ശേഷം ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാപാടുള്ളുവെന്ന് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."