പാചകവാതക സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി
നെടുമ്പാശ്ശേരി: വീട്ടിലെ പാചകവാതക സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. ചെങ്ങമനാട് എസ്.ഐ കെ.ജി ഗോപകുമാറിന്റ അടിയന്തിര ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. ചെങ്ങമനാട് പൊലിസ് സ്റ്റേഷന്‍ റോഡില്‍ കൃഷ്ണ ലോഡ്ജിന് സമീപം ഇലവുങ്ങല്‍ വീട്ടില്‍ ഇ.കെ പൊന്നപ്പന്റെ വീട്ടിലാണ് ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നത്. ഇന്നലെ രാവിലെ അടുക്കളയില്‍ പാചകത്തിനിടയില്‍ റഗുലേറ്ററില്‍ നിന്നും തീ ഉയരുകയും ആളിപ്പടരുകയുമായിരുന്നു.
ഈ സമയം പൊന്നപ്പനും, ഭാര്യ മണിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അയല്‍വാസികളായ സ്ത്രീകളും പലവിധ ശ്രമം നടത്തിയെങ്കിലും തീ ആളിപടരുകയായിരുന്നു. ഇതിനിടയില്‍ സംഭവമറിഞ്ഞ് തൊട്ടടുത്തെ ചെങ്ങമനാട് പൊലിസ് സ്റ്റേഷനില്‍ നിന്ന് എസ്.ഐ എത്തി പാചകവാതക സിലിണ്ടര്‍ 100 മീറ്ററോളം ദൂരെ എത്തിച്ച് നിര്‍വീര്യമാക്കുകയായിരുന്നു.
റഗുലേറ്ററിലെ തകരാറാണ് വാതക ചോര്‍ച്ചക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."