തീര്‍ത്ഥാടനത്തിനിടെ മരിച്ച സന്തോഷിന്റെ കുടുംബം അനാഥമായി
കുട്ടനാട്: ശിവഗിരി തീര്‍ത്ഥാടനത്തിനായി പുറപ്പെട്ട് മാര്‍ഗമധ്യേ കൊല്ലത്ത് വാഹനാപകടത്തില്‍ മരിച്ച സന്തോഷിന്റെ കുടുംബം അനാഥമായി.
കെട്ടുവളളങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന സന്തോഷിന്റെ വേര്‍പ്പാട് ഒരു ഗ്രാമത്തെ തന്നെ കണ്ണീരിലാഴ്ത്തി. ദിവസവേതനക്കാരാനായിരുന്ന സന്തോഷിന്റെ വരുമാനത്തിലായിരുന്നു അഞ്ചംഗ കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ സന്തോഷിന്റെ വേര്‍പ്പാടോടെ ഈ കുടുംബത്തിന് അത്താണിയില്ലാതായി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാന്ദ്രയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സന്ദീപും ഏക ആശ്രയമായ അച്ഛന്റെ വേര്‍പ്പാടോടെ കടുത്ത ദുഖത്തിലും നിരാശയിലുമായി. പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.
പ്രായാധിക്യം കൊണ്ട് അവശരായ മാതാപിതാക്കളും ഇതോടെ നിരാശ്രയരായി. രോഗിയായ സന്തോഷിന്റെ ഭാര്യ നിജയുടെ സ്ഥിതിയും ദയനീയമാണ്. കയറികിടക്കാന്‍ സ്വന്തമായൊരിടം എന്ന സന്തോഷിന്റെ സ്വപ്‌നമാണ് അപകടത്തിലൂടെ പൊലിഞ്ഞത്.സാമ്പത്തിക പരാധീതനമൂലം പാതിവഴിയില്‍ പണി നിര്‍ത്തേണ്ടിവന്ന വീട് ഇനി ചോദ്യചിഹ്നമാകും.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ നാട്ടിലെ ഗുരുധര്‍മ്മ പ്രചരണ സഭയിലെ എട്ടോളം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഒമിനി വാനില്‍ സന്തോഷ് ശിവഗിരിയിലേക്ക് പോയത്. കൊല്ലം ഇത്തിക്കര പാലത്തിനു സമീപമായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."