ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികരായ അച്ഛനും മകനും പരുക്ക്
അരൂര്‍: ദേശീയപാതയില്‍ രണ്ട് ബൈക്കുകളുടെ പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരുക്ക്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പാണ്ടിപ്പറമ്പില്‍ ദിലീപ് (49),മകന് അര്ജുന് (20)എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ മരട് ലെയ്ക്ക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ചികിത്സക്കായി മകനെ പന്നീട് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഛനും മകനുമായി ചന്തിരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മകളെ കാണാന്‍ പോയിരുന്നുവെങ്കിലും മകളെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.ചന്തിരൂര്‍ കുമര്‍ത്തുപടി ക്ഷേത്രത്തിനു സമീപം വ്യാഴാഴ്ച നാലു മണിക്കായിരുന്നു അപകടം.
വടക്കുനിന്ന് തെക്കോട്ട് പോകുകയായിരുന്ന കാര്‍ ക്ഷേത്രത്തിനു സമീപമുള്ള യൂടേണിലൂടെ പെട്ടെന്ന് തിരിച്ചത് അപകടത്തിന് കാരണമായി. കാറ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാല്‍ പിന്നിലായി വന്നിരുന്ന ബൈക്ക് ഒന്നിനു പിറകില്‍ മറ്റൊന്നായി കാറിനു പിന്നിലിടിക്കുകയും അതിനു പിന്നിലായി വന്നിരുന്ന ടാങ്കര്‍ ലോറി ബൈക്കുകളില്‍ കയറിയിറങ്ങുകയും ചെയ്തു. ആദ്യം കയറിയ ബൈക്കില്‍ രണ്ട് പേരുണ്ടായിരുന്നു. ഇവരെയും രണ്ടാമതിടിച്ച ബൈക്കുമായി ടാങ്കര്‍ കുറെദൂരം ഓടി.ഒരു ബൈക്ക് ടാങ്കറിന്റെ അടിയില്‍പെടുകയും അതിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരുക്കകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടുകയും ചെയ്തു.
എറണാകുളത്തുനിന്നും ചങ്ങനാശേരിക്ക് ഇന്ധനവുമായി പോകുകയായിരുന്നു ടാങ്കര്‍. ബൈക്ക് യാത്രികരിലൊരാളുടെ വിരലുകള്‍ മുറിഞ്ഞ് റോഡില്‍ കിടന്നു. ഏറെ നേരം ഗതാഗതം സ്തംഭിച്ചു. അരൂര്‍ പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."