കോട്ടമല: ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് നിയമസഭ സമിതി
കോട്ടയം: കോട്ടമലയിലെ പാറമട വിഷയം സംബന്ധിച്ച പരാതിയില്‍ ജനുവരിയില്‍ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുമെന്നു സംസ്ഥാന നിയമസഭ സമിതിയുടെ ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ.
സമഗ്ര റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ നിയമസഭയ്ക്ക് സമര്‍പ്പിക്കും. ഇത് സംബന്ധിച്ച് കലക്ടറേറ്റില്‍ മേഖലയിലെ വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ ജനങ്ങളുടെ ഉത്തമതാല്‍പര്യം സംരക്ഷിച്ചു കൊണ്ടുളള വിധത്തിലായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. ഇതിലേക്കു കൂടുതല്‍ തെളിവെടുപ്പ് വേണ്ടിവന്നാല്‍ ബന്ധപ്പെട്ടവരെ തിരുവനന്തപുരത്ത് വിളിച്ച് ആവശ്യമായ നടപടി എടുക്കും. കലക്ടറേറ്റില്‍ നടന്ന തെളിവെടുപ്പിനു ശേഷം കോട്ടമല പാറഖനം നടന്ന സ്ഥലവും സമിതി സന്ദര്‍ശിച്ചു.
കോട്ടമലയില്‍ പാറഖനത്തിന് അനുമതി കിട്ടിയതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ എടുത്തിട്ടുള്ള നടപടികളെകുറിച്ച് സമിതി ഉദ്യോസ്ഥരോട് വിശദമായി ചോദിച്ചറിഞ്ഞു. പ്രദേശത്ത് പാറഖനം നടത്തിയാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകാന്‍ ഇടയുണ്ടെന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി പൊലിസ് സമിതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് നല്‍കിയത്.
റവന്യു വകുപ്പ് ഇത് സംബന്ധിച്ച് പഠനങ്ങള്‍ നടത്തുകയോ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയോ ചെയതിട്ടുണ്ടോ എന്ന് ചെയര്‍മാന്‍ റവന്യു അധികൃതരോട് ചോദിച്ചു. കോട്ടമലയിലെ നിര്‍ദിഷ്ട പ്രദേശത്ത് പാറഖനത്തിനായി അനുമതി ലഭിച്ചിട്ടുളള സ്ഥാപനത്തിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിശദാംശങ്ങളും സമിതി ചോദിച്ചറിഞ്ഞു. സുപ്രീംകോടതിയില്‍ നിന്നുളള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണു പഞ്ചായത്തില്‍ നിന്ന് പാറഖനത്തിനുളള അനുമതി പത്രം നല്‍കിയിട്ടുളളതെന്ന് പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സമിതി മുമ്പാകെ പറഞ്ഞു.
വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകളെല്ലാം പാലിച്ചതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് മൈനിങ് ആന്റ് ജിയോളജി വകുപ്പ് കോട്ടമലയില്‍ പാറഖനത്തിന് അനുമതി പത്രം നല്‍കിയതെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അധികൃതര്‍ സമിതിയെ അറിയിച്ചു.
360 ല്‍ അധികം ജനസുകളില്‍പ്പെട്ട വൃക്ഷലതാദികളുളള അധിക പരിസ്ഥിതി പ്രാധാന്യമുളള പ്രദേശമാണ് കോട്ടമലയെന്നും അവിടെ പാറഖനത്തിനു അനുമതി നല്‍കിയാല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്നു രാമപുരം പഞ്ചായത്തും പ്രദേശത്തുമുളള വിവിധ രാഷ്ട്രീയ സാമൂഹിക സാസ്‌ക്കാരിക പാരിസ്ഥിക സംഘടനകളും നിയമസഭാ സമിതിയെ അറിയിച്ചു. ഇതുകൂടാതെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുളള മുനിയറകളും കാവുകളും ഉളള പ്രദേശവുമാണിത്. പ്രദേശത്ത് 1989 ലും 2015 ലും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുളളതായും ഈ സാഹചര്യത്തില്‍ പാറഖനത്തിന്റെ പേരില്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നത് ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നതാണെന്നും അവര്‍ പറഞ്ഞു.
ഭൂകമ്പ സാധ്യതയുളള ഭ്രംശ മേഖലയിലുളള ഈ പ്രദേശത്ത് പാറഖനം നടത്തുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തും. ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും കോട്ടമലയില്‍ പാറഖനം അനുവദിക്കരുതെന്ന് അവര്‍ സമിതി മുമ്പാകെ ആവശ്യപ്പെട്ടു.
സമിതി അംഗങ്ങളായ അനില്‍ അക്കര, പി.ടി.എ റഹീം, കെ ബാബു, എം വിന്‍സന്റ് എന്നീ എം.എല്‍.എമാരും സമിതി മുമ്പാകെ ഇത് സംബന്ധിച്ച് പരാതി നല്‍കിയ സി.കെ ആശ എം.എല്‍.എയും സിറ്റിങിലും തെളിവെടുപ്പിലും പങ്കെടുത്തു. കലക്ടര്‍ സി.എ ലത, ജില്ലാ പൊലിസ് മേധാവി എന്‍ രാമചന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."