സിറിയയിലെ റഷ്യന്‍ വ്യോമതാവളം കത്തിനശിച്ചു
ബെയ്‌റൂത്ത്: സിറിയയില്‍ ഐ.എസിനെതിരേ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിക്കുന്ന മധ്യസിറിയയിലെ വ്യോമതാവളം കത്തിനശിച്ചു. ഐ.എസിന്റെ മിസൈല്‍ ആക്രമണത്തിലാണിതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
ഉപഗ്രഹചിത്രത്തിലാണ് വ്യോമതാവളത്തിന് കനത്ത നാശനഷ്ടമുണ്ടായെന്നു കണ്ടെത്തിയത്. ആക്രമണവിവരം റഷ്യ മറച്ചുവയ്ക്കുകയായിരുന്നുവെന്നാണു കരുതുന്നത്.
കഴിഞ്ഞ ആഴ്ചയാണ് കിഴക്കന്‍ ഹുംസിലെ ടി 4 ബേസില്‍ ആക്രമണം നടന്നത്. നാല് ഹെലികോപ്ടറുകളും 20 സൈനിക ലോറികളും കത്തിയെരിഞ്ഞു. സിറിയന്‍ സൈന്യം ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങള്‍ക്കും തീപിടിച്ചു. ഇന്റലിജന്‍സ് കമ്പനിയായ സ്ട്രാഫോറാണ് ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഐ.എസ് ആണോ ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമല്ല. റഷ്യയുടെയും സിറിയന്‍ സൈനികര്‍ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളുമാണ് ഇവിടെയുണ്ടായിരുന്നതെന്നു ക്രെംലിന്‍ അനുകൂല വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്താന്‍ റഷ്യ തയാറായില്ല.
എന്നാല്‍ സിറിയന്‍ വ്യോമതാവളത്തില്‍ വന്‍ അഗ്‌നിബാധയുണ്ടായെന്നും എണ്ണടാങ്കറുകള്‍ പൊട്ടിത്തെറിച്ചതായും നാല് റഷ്യന്‍ ഹെലികോപ്ടറുകള്‍ കത്തിച്ചാമ്പലായെന്നും സിറിയന്‍ വിമതര്‍ അറിയിച്ചു. ഇതുവരെ ഐ.എസിനെതിരേ ആക്രമണം നടത്തുന്ന റഷ്യന്‍ സൈന്യത്തിനുണ്ടാകുന്ന ഏറ്റവും വലിയ നാശനഷ്ടമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറിലാണ് റഷ്യ സിറിയയില്‍ ഐ.എസിനെതിരേ വ്യോമാക്രമണം തുടങ്ങിയത്. നേരത്തെ അഫ്ഗാനിസ്ഥാനിലും പത്തുവര്‍ഷത്തോളം റഷ്യ താലിബാനെതിരേ ആക്രമണം നടത്തിയിരുന്നു. സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിനെതിരേയുള്ള ആഗോളനീക്കം ശക്തമായതിനെ തുടര്‍ന്ന് അസദിനെ സഹായിക്കാനാണ് റഷ്യ സിറിയയിലെത്തിയത്. എന്നാല്‍ ഐ.എസ് വിരുദ്ധപോരാട്ടമാണ് നടത്തുന്നതെന്ന് റഷ്യ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
സിറിയയിലെ പൗരാണിക നഗരമായ പല്‍മിറ ഐ.എസില്‍ നിന്ന് ഈയിടെ സിറിയന്‍ സേന തിരിച്ചുപിടിച്ചിരുന്നു. പല്‍മിറയില്‍ നിന്ന് 60 കി.മി മാത്രം അകലെയാണ് കത്തിനശിച്ച ടി 4 വ്യോമതാവളം. ഈ വ്യോമതാവളം കേന്ദ്രീകരിച്ചായിരുന്നു പല്‍മിറ തിരിച്ചുപിടിക്കാന്‍ റഷ്യ വ്യോമാക്രമണം നടത്തിയത്. സിറിയന്‍ സേന പിന്നാലെ കരയുദ്ധം നടത്തുകയും ചെയ്തു.
എന്നാല്‍ വ്യോമതാവളത്തിലെ എണ്ണടാങ്കറില്‍ തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് ഐ.എസ് അനുകൂല വാര്‍ത്താ ഏജന്‍സിയായ അമാഖ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ആക്രമണം നടന്ന ദിവസം തിയാസ് എന്നറിയപ്പെടുന്ന റോക്കറ്റ് ഐ.എസ് ടി 4 വ്യോമതാവളത്തിനു സമീപം ഉപയോഗിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഐ.എസ് പുറത്തുവിട്ടു. വിമാനത്താവളമായും ടി 4 വ്യോമതാവളം ഉപയോഗിക്കുന്നുണ്ട്. സൈന്യത്തിന്റെ ആയുധശാലയും ഇവിടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."