അരി വില കുതിച്ചുയരുന്നു; റേഷന്‍ കടകളില്‍ അരിയില്ല
തൊടുപുഴ: ജില്ലയില്‍ അരിപ്രതിസന്ധി രൂക്ഷമാകുന്നു. ചില്ലറവില പലയിടത്തും 40 കടന്നു.
റേഷന്‍ കടകളില്‍ ആവശ്യത്തിന് അരി ഇല്ലാതായതോടെ പൊതുവിപണിയില്‍ അരിവിലയും കുതിച്ചുയരുകയാണ്. രണ്ടു മാസമായി റേഷന്‍ വിതരണം താളം തെറ്റിയിരിക്കുകയാണ്. നവംബര്‍ 14 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയതോടെയാണു റേഷന്‍ കടകള്‍ കാലിയായി തുടങ്ങിയത്.
ഇതോടെ പൊതുവിപണിയിലെ അരിയുടെ വില കുത്തനെ വര്‍ധിച്ചു. ഒരുമാസം മുന്‍പ് കിലോയ്ക്ക് 28 രൂപയുണ്ടായിരുന്ന അരിക്ക് 32 രൂപയായി. കുറുവയ്ക്ക് കിലോയ്ക്ക് 32, 36 ആയി ഉയര്‍ന്നു. ഇപ്പോള്‍ കിലോയ്ക്ക് 40 രൂപയോടടുക്കുകയാണ്. നല്ലയിനം പച്ചരിക്ക് 57 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. ആന്ധ്രയില്‍നിന്നുള്ള ഇറക്കുമതി താളംതെറ്റിയതും സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിന് കാരണമായിട്ടുണ്ട്്.
മട്ട അരിക്കു ക്ഷാമമില്ലെങ്കിലും ജയ അരിയുടെ അഭാവത്തില്‍ ചിലര്‍ വിലകൂട്ടി വാങ്ങുന്നതായും പരാതിയുണ്ട്.
പ്രമേഹരോഗികളടക്കം ഏറെയാളുകള്‍ ആശ്രയിക്കുന്ന വെള്ളയരിക്ക് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായതോടെ വെള്ളയരിയുടെ വില കിലോയ്ക്ക് 10 രൂപയോളം ഉയര്‍ന്നിട്ടുണ്ട്.
വിലക്കയറ്റത്തിനു കാരണമായി നോട്ട് പ്രതിസന്ധിയും വെള്ളയരിയും പച്ചരിയും എ.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് ലഭിക്കാതായതോടെ മാര്‍ക്കറ്റില്‍ ജയ അടക്കമുള്ള വെള്ള അരിയുടെ വില കുതിച്ചുയരുകയാണ്.
ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി മേഖലയില്‍നിന്നാണ് സംസ്ഥാനത്ത് ജയ അരി എത്തുന്നത്. അവിടെ സര്‍ക്കാര്‍ പൊതുവിതരണത്തിനു നെല്ല് വന്‍തോതില്‍ സംഭരിക്കുന്നുണ്ട്.
തദ്ദേശീയമായ ആവശ്യം കഴിഞ്ഞുള്ളതു മാത്രം മറ്റിടങ്ങളിലേക്കു കയറ്റി അയച്ചാല്‍ മതിയെന്നാണ് നെല്ല് സംഭരിക്കുന്ന ഏജന്‍സികള്‍ക്കു കിട്ടിയിരിക്കുന്ന നിര്‍ദേശം. നേരത്തേ ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് പുറത്തേക്ക് അരി നല്‍കുന്നത്. ഇത്തരത്തിലുള്ള നിയന്ത്രണം പിന്‍വലിക്കാന്‍ ജനുവരിയാകുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.
കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് മട്ട അരി എത്തുന്നത്. ബ്രാന്‍ഡ് ചെയ്തുവരുന്ന അരിക്ക് നേരത്തേതന്നെ 40 രൂപയുണ്ട്. റേഷനരി വിതരണം പരിമിതമായത് പുറം വിപണിയില്‍ വില കൂടാനുള്ള ഒരു പ്രധാന കാരണമാകുന്നു.
റേഷന്‍ കിട്ടാതായതോടെ അരിക്കായി പുറംവിപണിയെ കൂടുതലായി ആശ്രയിക്കേണ്ടി വന്നു. ഇതോടെ അവിടെ കച്ചവടം കൂടുകയും ചെയ്തു. സാധാരണക്കാര്‍ക്ക് കൂടുതല്‍ വില കൊടുത്ത് അരി പുറമേ നിന്നു വാങ്ങേണ്ട സ്ഥിതിയാണ്. നോട്ട് പിന്‍വലിച്ചതും വിപണിയെ ബാധിച്ചിട്ടുണ്ട്. അതേസമയം, വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."