കലക്ടറുടെ ഇടപെടലുകളും ഫലം കണ്ടില്ല: ദുരിതക്കയത്തില്‍ ആദിവാസികള്‍
ഇരിട്ടി:കണ്ണൂര്‍ ജില്ലാകലക്ടറുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടും മലയോര മേഖലയിലെ ആദിവാസികളുടെ ദുരിതത്തിന് അറുതിയില്ല.
ആദിവാസികളുടെ ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ത്തുന്നതിനായി തയാറാക്കിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഏജന്‍സിയായ എഫ്.ഐ.ടി അധികൃതരുടെ നിരുത്തരവാദപരമായ സമീപനമാണ് പദ്ധതികള്‍ വൈകാന്‍ കാരണം. 2013--14 വര്‍ഷം പയ്യാവൂര്‍ പഞ്ചായത്തിലെ വാതില്‍ മട കോളനിയില്‍ ഹാംലെറ്റ് പദ്ധതി പ്രകാരം ഏറ്റെടുത്ത പ്രവൃത്തികളും 2014-15 വര്‍ഷം കോളനി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറളം പഞ്ചായത്തിലെ ചതിരൂര്‍ 110 കോളനി, പായം പഞ്ചായത്തിലെ വിളമന, കുന്നോത്ത് കോളനികള്‍, അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴ അംബേദ്കര്‍ കോളനി, മുണ്ടയാംപറമ്പ് പണിയ-കരിമ്പാല കോളനി എന്നിവിടങ്ങങ്ങളിലെ പദ്ധതികളും മുടങ്ങിയ നിലയിലാണ്. ഏറ്റെടുത്ത പ്രവൃത്തികളൊന്നും സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബര്‍ 15ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന വകുപ്പു മേധാവികളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ എഫ്.ഐ ടി അധികൃതരോട് കലക്ടര്‍ പരുഷമായ രീതിയില്‍ സംസാരിക്കുകയും പൂര്‍ത്തീകരിക്കാനുള്ള ബാക്കി പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വാതില്‍മട കോളനിയിലെ 16 വീടുകള്‍ നവീകരിക്കുന്ന പദ്ധതിയില്‍ 13 വീടുകള്‍ മാത്രമാണ് പ്ലാസ്റ്ററിങ് ജോലി പൂര്‍ത്തിയായത്. വീടുകളുടെയും കിണറുകളുടെയും പ്രവൃത്തികള്‍ തൃപ്തികരമല്ലാത്തതിനാല്‍ ശേഷിക്കുന്ന പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഫ്.ഐ.ടി നിര്‍ദേശം നല്‍കിയിരുന്നു. വിദഗ്ധ തൊഴിലാളികളെ ഉള്‍പ്പെടുത്തി കിണറുകളുടെ നവീകരണ പ്രവൃത്തി പുനരാരംഭിക്കുവാനും നിര്‍ദ്ദേശം നല്‍കി. പാതി വഴിയിലായ പൊതു കിണര്‍ കുഴിച്ച് പൈപ്പ്‌ലൈന്‍ വഴി കോളനിയില്‍ കുടിവെള്ളമെത്തിക്കുക, കമ്യൂണിറ്റി ഹാള്‍ നിര്‍മാണം, കുഴല്‍ കിണര്‍, വായനശാല, ഗ്രൗണ്ട് നവീകരണം, വീരഭദ്ര സ്വാമി ക്ഷേത്രം നവീകരണം, തെരുവുവിളക്ക്, റോഡ് കോണ്‍ക്രീറ്റ്, അങ്കണവാടി തുടങ്ങിയ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുവാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ആറളം പഞ്ചായത്തിലെ ചതിരൂര്‍ 110 കോളനിയിലെ 32 വീടുകളുടെ വയറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. ആദിവാസി മേഖലയിലെ കുളത്തിലെയും പൈപ്പിലെയും വെള്ളം പരിശോധിച്ച ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടു പ്രകാരം പൈപ്പിലെ വെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ മാലിന്യവും ഇരുമ്പിന്റെ അംശവും ഇ-കോളി ബാക്ടീരയും കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, സ്വയംതൊഴില്‍ ഉപകരണങ്ങള്‍, വിളമന കോളനിയിലെ ഭവന നവീകരണം, ഫര്‍ണിച്ചര്‍ വിതരണം തുടങ്ങി ഇരുകോളനികളിലും ഒഴിവാക്കിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുക, മുണ്ടയാംപറമ്പ് കോളനിയിലെ ഇരുമ്പുപാലം, ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍, കിണര്‍ റിപ്പയര്‍, കോളനിക്ക് ചുറ്റുമതില്‍, ഭവന നവീകരണം തുടങ്ങിയവയും പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഒരു കോളനിയിലെയും ഒരു പദ്ധതിയും ഇതുവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. നവംബര്‍ 15ന് ആദ്യത്തെ റിവ്യൂ മീറ്റിങ്ങും 30ന് രണ്ടാമത്തെ റിവ്യൂ മീറ്റിങ്ങും ചേരാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഈ മീറ്റിങ്ങുകളും നടന്നിട്ടില്ല. അധികൃതരുടെ അനാസ്ഥകാരണം ആദിവാസി കോളനികളിലെ ലക്ഷങ്ങളുടെ വികസന പദ്ധതികളാണ് അവതാളത്തിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."