സര്‍ഗോത്സവം 2017: ആദിവാസി മേഖലകളില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് മന്ത്രി
പാലക്കാട്: ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യ വില്പനകേന്ദ്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന ആദിവാസി പെണ്‍കുട്ടികളുടെ ചോദ്യത്തിന് വ്യക്തമായൊരു മറുപടി നല്‍കാന്‍ പട്ടികജാതി പട്ടിക വര്‍ഗക്ഷേമ വകുപ്പ് മന്ത്രി ഏ .കെ. ബാലന് കഴിഞ്ഞില്ല.
സര്‍ഗോത്സവത്തിന്റെ ഭാഗമായി ആദിവാസി കുട്ടികളും മന്ത്രിയുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത വയനാട് കണിയാമ്പറ്റ എം.ആര്‍. എസിലെ വിദ്യാര്‍ഥിനി രോഷ്‌നയാണ് മന്ത്രിയോട് ഈകാര്യം ചോദിച്ചത്.
ആദിവാസികുടുംബങ്ങളെ നശിപ്പിക്കുന്നത് മുഴുവന്‍ മദ്യമാണ്. ഇവയൊക്കെ നിര്‍ത്താന്‍ നടപടിവേണമെന്ന കുട്ടികളുടെ ചോദ്യത്തിന് മദ്യവില്പന നിര്‍ത്തിയാല്‍ വീണ്ടും മദ്യഷാപ്പുകള്‍ ഉയര്‍ന്നുവരും. ആവശ്യക്കാര്‍ എവിടെപ്പോയും മദ്യം വാങ്ങി കഴിക്കും .അതുകൊണ്ട് മദ്യ നിരോധനമല്ല വര്‍ജ്ജനമാണ് ആവശ്യമെന്ന് മന്ത്രി പറഞ്ഞു. മദ്യത്തിനെതിരെ കാംപയിന്‍ നടത്തണം.
ആദിവാസി മേഖലകളിലെ മദ്യഷാപ്പുകള്‍ മാറ്റിസ്ഥാപിക്കുക പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയില്ല. ബോധവല്‍കരണത്തിലൂടെ മാത്രമേ പരിഹാരമുണ്ടാക്കാന്‍ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. അപകര്‍ഷതാ ബോധം പാടില്ല. ആത്മ വിശ്വാസത്തോടെ, നിരാശപ്പെടാതെ പഠിക്കാന്‍ കുട്ടികള്‍ മുന്നോട്ടുവരണം. പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ ഡോ. പുകഴേന്തി, പാലക്കാട് സബ് കലക്ടര്‍. അഫ്‌സാന പര്‍വീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."